ചൂടുവെള്ളത്തിൽ വീണ പൂച്ച പച്ചവെള്ളം കണ്ടാലും പേടിക്കും എന്നതൊക്കെ വെറും പഴഞ്ചൊല്ലാണെന്ന് ഉറപ്പിക്കുന്നതാണ്-കേരളത്തിലെ ആൾക്കാരുടെ പെരുമാറ്റങ്ങൾ. എത്ര തവണ തട്ടിപ്പിൽ കുടുങ്ങിയാലും പിന്നെയും പിന്നെയും ഓരോരോ തട്ടിപ്പ് വീരന്മാർ വരുമ്പോൾ അതിൻറെ പുറകെ ഓടുന്നവരായി മലയാളികൾ തരംതാണിരിക്കുകയാണ്. ഏറ്റവും ഒടുവിൽ സംസ്ഥാനം ഒട്ടാകെ ആയി വ്യാപക തട്ടിപ്പ് നടത്തിയ ഒരു കൂട്ടരെ ഇപ്പോൾ പോലീസ് തിരഞ്ഞുകൊണ്ടിരിക്കുകയാണ്. ഒന്നേകാൽ ലക്ഷം രൂപ വിലയുള്ള സ്കൂട്ടർ- പകുതി വിലയ്ക്ക് നൽകും എന്ന് പറഞ്ഞപ്പോൾ ചോദിക്കുന്നവർക്ക് അപ്പോൾ തന്നെ ആ പകുതി വില മടികൂടാതെ കൊടുക്കാൻ തയ്യാറാകുന്ന ആൾക്കാരാണ് മലയാളികൾ. പലതരത്തിലുള്ള സംഘടനകളുടെ പേരിൽ ആയിരം കോടി രൂപയോളം ഈ സംഘം തട്ടിയെടുത്തു-എന്നാണ് പുറത്തുവരുന്ന കണക്കുകൾ. ഈ തട്ടിപ്പ് സംഘത്തിൻറെ നേതാവായ അനന്തു പോലീസ് പിടിയിൽ ആയിക്കഴിഞ്ഞു. പുറത്തുവരുന്ന വാർത്തകൾ വച്ച് നോക്കിയാൽ- ഈ തട്ടിപ്പ് വീരന്റെ കൂട്ടാളികളായി പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ പ്രമുഖരായ നേതാക്കൾ ഉണ്ടെന്ന് വ്യക്തമായിരിക്കുകയാണ്. ബിജെപിയുടെയും കോൺഗ്രസിന്റെയും മുതിർന്ന നേതാക്കളാണ് തട്ടിപ്പ് സംഘത്തിന് ഒപ്പം കൂടിയത് എന്നാണ് പറയുന്നത്. ഇവരെ കൂടാതെ മറ്റു പല പ്രമുഖരും തട്ടിപ്പിന് കൂട്ടുനിന്നതായിട്ടും പറയപ്പെടുന്നുണ്ട്. ഏതായാലും ബിജെപിയുടെ സംസ്ഥാന വൈസ് പ്രസിഡൻറ് എ എൻ രാധാകൃഷ്ണനും കോൺഗ്രസിന്റെ സംസ്ഥാന വൈസ് പ്രസിഡൻറ് ലാലി വിൻസെൻറും ഇപ്പോൾ തന്നെ പ്രതി പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഈ രണ്ടു പ്രമുഖരും അറസ്റ്റിലാകും എന്ന തരത്തിലുള്ള വാർത്തകളും പുറത്തുവരികയാണ്.
കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥന്മാരാണ് യഥാർത്ഥത്തിൽ ഇപ്പോൾ ഇരിക്കപ്പൊറുതി ഇല്ലാത്തവരായത്. സംസ്ഥാനം ഒട്ടാകെ പലതരത്തിലുള്ള പ്രശ്നങ്ങളും ദിവസേന ഉണ്ടാവുകയാണ്. സ്വാഭാവികമായി നടക്കുന്ന അപകടങ്ങൾക്ക് പുറമേ അക്രമം, സംഘട്ടനം, കൊലപാതകം, കൊള്ള, ബലാൽസംഗം, പീഡനം ,ആത്മഹത്യ ഇങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത വിഷയങ്ങളാണ് ഓരോ ദിവസവും പോലീസുകാർക്ക് പണിയുണ്ടാക്കാനായി തുടർന്നുകൊണ്ടിരിക്കുന്നത്. ഇതിനുപുറമേ പ്രമാണിമാരും മന്ത്രിമാരും ചുറ്റിക്കങ്ങുമ്പോൾ അവർക്ക് ഒപ്പം ഓടിനടക്കാനും പോലീസ് തന്നെ വേണം. ഇത്തരത്തിൽ നിന്ന് തിരിയാൻ പോലും പറ്റാത്ത സ്ഥിതിയിലുള്ള പോലീസുകാർക്ക് പുതിയ പണി കൊടുക്കുന്ന ഏർപ്പാടായി സാമ്പത്തിക തട്ടിപ്പുകാർ കടന്നുവരുന്നു എന്നതാണ് വാസ്തവം. പകുതി വിലയ്ക്ക് സ്കൂട്ടർ നൽകുന്ന പുത്തൻ തട്ടിപ്പുകാർ തട്ടിയെടുത്തത് നൂറുകണക്കിന് കോടി രൂപയാണ്. കന്യാകുമാരി മുതൽ കാസർഗോഡ് വരെ ഈ സംഘത്തിൻറെ കള്ള വാക്കുകേട്ട് 10000 ക്കകണക്കിന് രൂപ കൊണ്ടുവന്നു കൊടുക്കാൻ ആൾക്കാർ ഉണ്ടായി. ഇത്തരത്തിൽ സ്കൂട്ടർ മോഹിച്ചു പണം കൊടുത്തവരെല്ലാം തന്നെ സ്ത്രീകളാണ് എന്നതും ഒരു പ്രത്യേകതയാണ്. ഇതിനകം തന്നെ സംസ്ഥാനത്ത് പലയിടങ്ങളിലായി ആയിരത്തിലധികം ആൾക്കാരുടെ പരാതികൾ പോലീസിന് കിട്ടിയിരിക്കുന്നു എന്നാണ് പറയപ്പെടുന്നത്. ഇനിയും 100 കണക്കിന് ആൾക്കാർ പരാതിയുമായി കടന്നുവരുമെന്ന വാർത്തയും വരുന്നുണ്ട്. ഇത്തരത്തിൽ പറ്റിക്കപ്പെട്ട ആൾക്കാർ നൽകുന്ന പരാതി അന്വേഷിക്കാനും കേരളത്തിൽ എല്ലായിടത്തുമുള്ള പോലീസുകാർ ഓടേണ്ടി വരുന്നു എന്നത് ഒരു വാസ്തവമാണ്.
ബാങ്കുകളുടെയും ചിട്ടി കമ്പനികളുടെയും സഹകരണ സ്ഥാപനങ്ങളുടെയുമൊക്കെ പേരിൽ വലിയ വാഗ്ദാനങ്ങൾ നൽകി ജനങ്ങളിൽ നിന്നും പണം സ്വീകരിച്ച ശേഷം മുങ്ങുന്ന നിരവധി കമ്പനികൾ കേരളത്തിൽ ഉണ്ടായിരിക്കുകയാണ്. മാന്യമായി പ്രവർത്തിക്കേണ്ട സഹകരണ ബാങ്കുകൾ പോലും ഭരണസമിതിക്കാർ കോടിക്കണക്കിന് രൂപ സാമ്പത്തിക തട്ടിപ്പ് നടത്തിയതിന്റെ പേരിൽ പ്രതിസന്ധിയിൽ ആയിട്ടുണ്ട്. പണം നഷ്ടപ്പെട്ട നിക്ഷേപകർ പല സഹകരണ ബാങ്കുകൾക്ക് മുന്നിലും സമരം തുടരുന്നുണ്ട്. ഇത്തരത്തിലുള്ള നിരവധി കഥകൾ ആവർത്തിക്കപ്പെടുമ്പോഴും പിന്നെയും പിന്നെയും പറ്റിക്കലിൽ ചെന്ന്പെടാൻ വലിയ വിവരമുള്ളവർ എന്നൊക്കെ വീമ്പ് പറയുന്ന മലയാളികൾ ഉണ്ടാകുന്നു എന്നത് രസകരമായ വാസ്തവമാണ്.
ഇപ്പോൾ വലിയ തോതിൽ വിവാദമായിരിക്കുന്ന പകുതി വിലയ്ക്കുള്ള സ്കൂട്ടർ തട്ടിപ്പ് ഇടപാടുകളിൽ മുൻനിരയിൽ വന്നിട്ടുള്ളത് പല രാഷ്ട്രീയ പാർട്ടികളുടെയും മുതിർന്ന നേതാക്കളാണ്. ഇതിൽ ചിലർ ചാനലുകളിൽ വന്ന്നിന്നുകൊണ്ട് താൻ ഒരു തെറ്റും ചെയ്തിട്ടില്ലായെന്നും നല്ല കമ്പനി എന്നാണ് കരുതിയത് എന്നുമൊക്കെ തട്ടിവിടുമ്പോൾ ഇവരൊക്കെ ഈ കേരളത്തിൽ തന്നെ ജീവിച്ചവരാണോ എന്ന സംശയമാണ് ഉണ്ടാകുന്നത്. ഒന്നേകാൽ ലക്ഷം രൂപ വിലയുള്ള സ്കൂട്ടർ 60,000 രൂപയ്ക്ക് കൊടുക്കുമെന്ന് ഒരു വിദ്വാൻ പറഞ്ഞാൽ എവിടെ നിന്നാണ് ഇത്തരത്തിൽ ഒരു ഏർപ്പാട് നടക്കുക എന്നാലോചിക്കാൻ എങ്കിലും ഈ നേതാക്കൾക്ക് കഴിയാതെ പോയിട്ടുണ്ടെങ്കിൽ- അത് മനപ്പൂർവ്വമുള്ള പ്രവർത്തനം തന്നെയാണ് എന്നാണ് കരുതേണ്ടി വരിക. ഒരു വിദഗ്ധൻ വമ്പൻ തട്ടിപ്പ് നടത്തുന്നതിനുള്ള ഏർപ്പാടുമായി വരുമ്പോൾ തട്ടിച്ചെടുക്കുന്ന കൂടുകളിൽ നിന്നും കുറച്ചു പങ്ക് ഇങ്ങോട്ടും പോരട്ടെ എന്ന കുബുദ്ധി തന്നെയാണ് ഈ നേതാക്കൾ പ്രയോഗിച്ചതെന്ന കാര്യം- അരിയാഹാരം കഴിക്കുന്ന ആർക്കും മനസ്സിലാകും. പാർട്ടിയിലെ അണികളെയെല്ലാം നയിക്കുന്ന നേതാക്കന്മാർക്ക് മഹാ തട്ടിപ്പുമായി വരുന്ന ഒരുത്തനെ തിരിച്ചറിയാൻ കഴിഞ്ഞില്ല എന്നൊക്കെ പറയുന്നത്, മറ്റൊരു തട്ടിപ്പിന്റെ ഭാഗം മാത്രമാണ്. ഏതായാലും കോൺഗ്രസ് പാർട്ടിയിലെയും ബിജെപിയിലെയും മുതിർന്ന രണ്ടു നേതാക്കൾ ഊരി പോകാൻ കഴിയാത്ത കുടുക്കിൽ പെട്ടിരിക്കുകയാണ്. ഈ രണ്ടു നേതാക്കളും അറസ്റ്റിൽ ആകുന്ന വാർത്ത എപ്പോഴാണ് വരിക എന്നത് മാത്രമാണ് ഇനി കാണാനുള്ളത്.