മാണി കേരള കോൺഗ്രസിൻറെ അടിത്തറ ഇളകുന്നു

ഇടതു സർക്കാർ കർഷക ദ്രോഹികൾ

കെ.എം മാണി എന്ന കേരളരാഷ്ട്രീയം കണ്ട തന്ത്രശാലിയായ നേതാവ് വളർത്തിയെടുത്ത രാഷ്ട്രീയ പാർട്ടിയാണ് കേരള കോൺഗ്രസ്. പല ഘട്ടങ്ങളിലായി പലതായി പിളർന്ന കേരള കോൺഗ്രസിൽ ഏറ്റവും ശക്തമായ വിഭാഗമായി നിലനിന്നിരുന്നത് മാണി നേതൃത്വം കൊടുത്ത കേരള കോൺഗ്രസ് ആയിരുന്നു. പാലാക്കാരുടെ മാത്രമല്ല കേരളീയരുടെ എല്ലാം മാണി സാർ ആയി നിലനിന്ന അദ്ദേഹം മരണപ്പെട്ട ശേഷമാണ് കേരള കോൺഗ്രസ് പാർട്ടിയിൽ അന്തച്ഛിദ്രവും തകർച്ചയും തുടങ്ങിയത്. കെഎം മാണിയുടെ പുത്രനായ ജോസ് കെ മാണിയാണ് ഇപ്പോൾ പാർട്ടിയുടെ ചെയർമാൻ. കേരള കോൺഗ്രസിനെ പോലെ പി ജെ ജോസഫ് നേതൃത്വം കൊടുക്കുന്ന കേരള കോൺഗ്രസും പ്രബല ശക്തിയായി പ്രവർത്തിക്കുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് യുഡിഎഫ് വിട്ട് മാണി കേരള സർക്കാർ ഇടതുമുന്നണിയിൽ ചേരുകയാണുണ്ടായത്. ജോസഫ് ഗ്രൂപ്പ് യുഡിഎഫിലും നിലയുറപ്പിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച 5 എംഎൽഎമാരിൽ ഒരാളായ റോഷി അഗസ്റ്റിൻ സംസ്ഥാന മന്ത്രി ആവുകയും ചെയ്തു. ഇടതുമുന്നണിയിലും പിണറായി സർക്കാരിലും ആദ്യകാലത്തുണ്ടായിരുന്ന സ്ഥിതിഗതികൾ അല്ല ഇപ്പോൾ നിലനിൽക്കുന്നത്. കേരളത്തിലെ കർഷകരുടെ വിശേഷവും ക്രിസ്തുമത വിശ്വാസികളുടെ വലിയ പിന്തുണയുള്ള പാർട്ടിയായിട്ടാണ് കേരള കോൺഗ്രസുകൾ അറിയപ്പെടുന്നത്. രണ്ടാം പിണറായി സർക്കാർ അധികാരമേറ്റശേഷം കർഷകർക്ക് ഗുണകരമായ ഒരു നടപടിയും സ്വീകരിക്കാതെ വന്നതോടുകൂടി കേരള കോൺഗ്രസ് പാർട്ടികളിൽ വലിയ അങ്കലാപ്പാണുണ്ടായത്. ഭരണകക്ഷിയിൽപെട്ട കേരള കോൺഗ്രസ് ജോസ് കെ മാണിയുടെ പാർട്ടിയാണ്. അതുകൊണ്ടുതന്നെ പിണറായി സർക്കാരിൻറെ പല കർഷക ദ്രോഹ നടപടികളുടെയും ആഘാതം ഉണ്ടാക്കുന്നത് ആ പാർട്ടിക്ക് തന്നെയാണ്. ഇപ്പോൾ മാണി കേരള കോൺഗ്രസിൻറെ നേതാക്കൾ മനസ്സുമടുത്ത് രാഷ്ട്രീയം തന്നെ ഉപേക്ഷിക്കുക എന്ന നിലപാടിലേക്ക് എത്തിയിരിക്കുന്നു എന്നാണ് കോട്ടയത്തു നിന്നും വരുന്ന വാർത്തകൾ.

കേരള കോൺഗ്രസ് മാണി ഗ്രൂപ്പിനെ സംബന്ധിച്ചിടത്തോളം പിടിച്ചുനിൽക്കാൻ കഴിയാത്ത പ്രതിസന്ധികളാണ് ചുറ്റും നിൽക്കുന്നത്. മലയോര മേഖലയിലുള്ള ആൾക്കാരടക്കം കേരളത്തിലെ മാണി കേരളയുടെ ശക്തികേന്ദ്രങ്ങളിലെല്ലാം ജനങ്ങൾ ഭയപ്പാടിലും ദുരിതത്തിലുമാണ്. വന്യജീവി അക്രമം എല്ലാ പരിധികളും ലംഘിച്ചു തുടർന്നു വരുന്നു. ഇതിന് പുറമെയാണ് പുതിയ ബജറ്റ് വഴി ഭൂനികുതി വർധിപ്പിക്കുവാനുള്ള തീരുമാനം ഉണ്ടായത്. ബജറ്റിൽ കർഷകർക്ക് ഗുണമുള്ള ഒരു കാര്യവും ധനമന്ത്രി നിർദേശിച്ചിട്ടില്ല. വിവാദമുയർത്തിയ വന നിയമഭേദഗതിയും കൂടുതൽ മദ്യശാലകൾ തുറന്നതും പാലക്കാട്ട് ബ്രൂവെറി അനുവദിക്കുന്നതിലുമെല്ലാം വലിയ പ്രതിഷേധമാണ് പാർട്ടിയുടെ പ്രവർത്തകരിലും നേതാക്കളിലും ഉള്ളത്. ക്രിസ്തീയ സഭാമേധാവികളും കെസിബിസിയും മദ്യ വിരുദ്ധ സംഘടനകളും സർക്കാരിൻറെ തീരുമാനങ്ങൾക്കെതിരെ വലിയ പ്രതിഷേധം ഉയർത്തിക്കൊണ്ടിരിക്കുകയാണ്. ഇതിന് പുറമെയാണ് വന്യജീവി അക്രമം തടയാൻ ഒരു നിർദ്ദേശവും സാമ്പത്തിക പരിഗണനയും നൽകാതെ ധന മന്ത്രി ബജറ്റ് അവതരിപ്പിച്ചത്. ഇതും മാണി കേരളക്കാരെ വല്ലാതെ ചൊടിപ്പിച്ചിട്ടുണ്ട്.

നിലവിലെ ഇടതുമുന്നണി സർക്കാരിൻറെ പല തീരുമാനങ്ങളിലും ഘടകകക്ഷികൾ പലരും ശക്തമായ എതിർപ്പ് ഉയർത്തിയിട്ടും മാണി കേരള കോൺഗ്രസ് നേതാവ് ജോസ് കെ മാണി നാവ് അനക്കാത്തതിൽ നേതാക്കൾക്ക് കടുത്ത അമർഷമുണ്ട്. ഇടതുമുന്നണിയിലെ രണ്ടാമത്തെ വലിയ പാർട്ടിയായ സിപിഐ പോലും ബ്രൂവെറി ഇടപാടിന്റെ കാര്യത്തിൽ മുഖ്യമന്ത്രിയുടെ മുഖത്ത് നോക്കി പ്രതിഷേധം പറഞ്ഞിരുന്നു. വൈദ്യുതി മന്ത്രി കൃഷ്ണൻകുട്ടിയുടെ ജനതാദൾ പാർട്ടിയും ആർജെഡിയുമെല്ലാം ശക്തമായ എതിർപ്പുകൾ ഉയർത്തിയിട്ടുണ്ട്.
റബ്ബർ കർഷകർ അനുഭവിക്കുന്ന വില തകർച്ചയിൽ സർക്കാർ ഒരു ഇടപെടലും നടത്തിയില്ല. മലയോര മേഖലയിലെ ജനങ്ങൾക്ക് ഉറങ്ങാൻ പോലും കഴിയാത്ത സ്ഥിതി വന്യമൃഗങ്ങൾ ഉണ്ടാക്കുന്നു. നിരവധി പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇതിന് പുറമെയാണ് കുടുംബ ജീവിതം പോലും തകർക്കുന്ന മദ്യ നയ മാറ്റം സർക്കാർ നടത്തുന്നത്. ഇതെല്ലാം തുടരുമ്പോഴും സർക്കാരിൻറെ നീക്കങ്ങൾക്കെതിരെ ഇടതുമുന്നണി യോഗത്തിൽ പോലും ജോസ് കെ മാണിയോ മന്ത്രി റോഷി അഗസ്റ്റിനോ യാതൊരു എതിർപ്പും ഉയർത്താത്തത് നട്ടെല്ല് ഇല്ലാത്തതുകൊണ്ടാണ് എന്നു വരെയുള്ള വിമർശനങ്ങൾ ഉയരുകയാണ്. കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പ് കാലത്ത് പാർട്ടിയുടെ എംപി ആയിരുന്ന തോമസ് ചാഴിക്കാടനെ മുഖ്യമന്ത്രി പിണറായി വിജയൻ പരസ്യമായി ആക്ഷേപിച്ചതും നേതാക്കൾ ഇപ്പോൾ എടുത്തു പറയുന്നുണ്ട്.

സ്ഥിരമായി സർക്കാർ കർഷക ദ്രോഹം തുടരുന്നതിൽ പ്രതിഷേധിക്കുന്നില്ലാ എങ്കിൽ പാർട്ടി തന്നെ തകരുന്ന സ്ഥിതി ഉണ്ടാകുമെന്നും പാർട്ടിയുടെ ശക്തി കേന്ദ്രമായ കർഷക വിഭാഗം പാർട്ടിയിൽ നിന്നും വിട പറയുമെന്നും മുതിർന്ന നേതാക്കൾ പാർട്ടി ചെയർമാന്റെ മുന്നിൽ പറഞ്ഞു വച്ചിട്ടുണ്ട്. എന്നാൽ നേതാക്കളായ ജോസ് കെ മാണിക് രാജ്യസഭ അംഗത്വവും മറ്റൊരു നേതാവ് റോഷി അഗസ്റ്റിന് മന്ത്രി കസേരയും കൈവിടാൻ താല്പര്യമില്ലാത്തതിനാൽ പിണറായി വിജയന് മുന്നിൽ മുട്ടുമടക്കി നിൽക്കുകയാണ് എന്ന ആക്ഷേപമാണ് ഇപ്പോൾ പാർട്ടിയുടെ മുതിർന്ന നേതാക്കളും ഉയർത്തുന്നത്.

ഒന്നുകിൽ മുഖ്യമന്ത്രിക്കും സിപിഎം നേതൃത്വത്തിനും മുന്നിൽ കർഷക ജനതയുടെ വിഷയങ്ങൾ അവതരിപ്പിച്ച് പ്രശ്ന പരിഹാരം ഉണ്ടാക്കണം. അതല്ല എങ്കിൽ കാര്യങ്ങൾ തുറന്നു പറഞ്ഞ് ഇടതുമുന്നണി ബന്ധം ഉപേക്ഷിക്കണം. ഇത് രണ്ടുമല്ല എങ്കിൽ പാർട്ടിയിൽ ആരും ഉണ്ടാവാത്ത സ്ഥിതി വരും. നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും തുടർന്നുവരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും കർഷക ജനത പാർട്ടിയെ കൈവിടുന്ന നിലപാട് ഉണ്ടാകും എന്ന കാര്യത്തിൽ സംശയം വേണ്ട എന്നും മുതിർന്ന നേതാക്കൾ പറയുന്നുണ്ട്.

കഴിഞ്ഞ ദിവസവും കോട്ടയത്തു ചേർന്ന പാർട്ടി ഹൈപ്പവർ കമ്മറ്റിയിൽ ഇടതുമുന്നണിയുടെ നിലപാടുകളെ എതിർത്ത് ശക്തമായ വാഗ്വാദങ്ങൾ ഉണ്ടായി. അപ്പോഴും പാർട്ടി ചെയർമാൻ സിപിഎം നേതൃത്വത്തിനെതിരെ ഒരക്ഷരവും മിണ്ടിയില്ല. പിണറായി സർക്കാർ തുടർന്നുവരുന്ന കർഷക വിരുദ്ധ നിലപാടുകളാണ് കേരള കോൺഗ്രസ് പാർട്ടിക്ക് അടക്കം കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടി ഏറ്റുവാങ്ങേണ്ട സ്ഥിതി ഉണ്ടാക്കിയത് എന്ന കാര്യവും യോഗത്തിൽ നേതാക്കൾ എടുത്തുപറഞ്ഞു. മുഖ്യമന്ത്രിയെയും ഇടതുമുന്നണി കൺവീനറെയും കാര്യങ്ങൾ ബോധ്യപ്പെടുത്തിയില്ല എങ്കിൽ പാർട്ടി തന്നെ ഇല്ലാതാവുന്ന സ്ഥിതി വരുമെന്ന് യോ​ഗത്തിൽ ഭൂരിഭാഗം നേതാക്കളും പറയുകയുണ്ടായി. ഇതിനിടയിൽ മാണി കേരള കോൺഗ്രസിനെ ഇടതുമുന്നണിയിൽ നിന്നും യുഡിഎഫിലേക്ക് കൊണ്ടുവരുന്നതിനുള്ള ചില നീക്കങ്ങളും നടക്കുന്നുണ്ട്. മുസ്ലീം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയും രമേശ് ചെന്നിത്തലയും ഇതിന് അനുകൂലമായ ചില നീക്കങ്ങൾ നടത്തുന്നുണ്ട്. മാണി കേരള കോൺഗ്രസിനെ കൂടി യുഡിഎഫിൽ കൊണ്ടുവന്നാൽ ഇടതുമുന്നണിയുടെ സമ്പൂർണ്ണ തകർച്ച വരുന്ന തെരഞ്ഞെടുപ്പുകളിൽ ഉണ്ടാകുമെന്ന് ധാരണയിലാണ് ഈ നീക്കവും നടക്കുന്നത്. ഇത്തരത്തിൽ ചർച്ചകളിൽ പങ്കാളികളായ മാണി കേരള നേതാക്കളാണ് മുന്നണി വിടുന്ന കാര്യത്തിൽ കൂടുതൽ ആവേശം കാണിക്കുന്നതെന്നാണ് അറിയുന്നത്.