ദ്രാവിഡ രാഷ്ട്രീയത്തിൽ തുടങ്ങി ഒടുവിൽ സിനിമ രാഷ്ട്രീയത്തിൽ എത്തിയ രാഷ്ട്രീയ ചരിത്രവും ഭരണചരിത്രവുമാണ് തമിഴ്നാട് സംസ്ഥാനത്ത് ഉള്ളത്. അണ്ണാദുരൈയും കാമരാജും ഒക്കെ ദ്രാവിഡ രാഷ്ട്രീയത്തിന്റെ തലതൊട്ടപ്പൻമാർ ആയിരുന്നെങ്കിൽ, പിന്നീട് തമിഴ് സിനിമ ലോകം അടക്കിവാണ എംജി രാമചന്ദ്രൻ എന്ന എംജിആറിന്റെ കൈകളിലേക്ക് തമിഴ്നാട് രാഷ്ട്രീയം എത്തുകയായിരുന്നു. ജനപ്രിയ സിനിമകളുടെ നായകനായി തമിഴക മനസ്സിൽ നിറഞ്ഞുനിന്ന മൂന്നക്ഷര പേരുകാരൻ എം ജി ആർ ഏഴൈ തോഴൻ എന്ന ഓമന പേരിലാണ് മരണംവരെ അറിയപ്പെട്ടിരുന്നത്. അദ്ദേഹം നായക വേഷം കെട്ടിയ മിക്കവാറും എല്ലാ ചിത്രങ്ങളിലും പാവങ്ങൾക്ക് വേണ്ടി പടപൊരുതുന്ന നായകനും അഭ്യാസിയും വില്ലനും ഒക്കെയായിരുന്നു. അതുകൊണ്ടുതന്നെയാണ് തമിഴർ എല്ലാം അദ്ദേഹത്തെ ദൈവതുല്യമായി സ്നേഹിച്ചത്. അദ്ദേഹം മരിച്ചപ്പോൾ സങ്കടം സഹിക്കവയ്യാതെ നിരവധി പേരാണ് ആത്മഹത്യ ചെയ്തത്. എം ജി ആർ എന്ന രാഷ്ട്രീയ നേതാവ് ഉന്നതങ്ങളിൽ നിന്നപ്പോൾ അദ്ദേഹത്തിൻറെ ഒപ്പം ചേർന്ന് രാഷ്ട്രീയത്തിലേക്ക് കടന്നുവന്ന നായിക വേഷക്കാരിയായ നടിയായിരുന്നു ജയലളിത. ജയലളിതയും ഒടുവിൽ സിനിമാലോകത്ത് നിന്ന് ചുവടുമാറ്റി തമിഴ്നാട് രാഷ്ട്രീയത്തിൽ എംജിആറിന്റെ പിൻഗാമിയായി വളർന്നു. തെരഞ്ഞെടുപ്പിൽ വമ്പൻ ഭൂരിപക്ഷം നേടി പലതവണ അധികാരത്തിലും വന്നു. ഏറെ കാലം തമിഴ്നാട്ടുകാരുടെ എല്ലാം അമ്മയായി മാറിയ ജയലളിതയും എം ജി ആറിന്റെ ശൈലിയിലൂടെ ഏഴൈകളുടെ തോഴിയായി വളരുകയായിരുന്നു. തമിഴ്നാട്ടിൽ ആർക്കും എതിർക്കപ്പെടാൻ കഴിയാത്ത രാഷ്ട്രീയ ശക്തിയും ഭരണ അധികാരിയുമായി ജയലളിത ഒടുവിൽ മാറി.
രാഷ്ട്രീയത്തിൽ പലപ്പോഴും വിവാദങ്ങളിൽപ്പെട്ട ആളായിരുന്നു ജയലളിത. അവിവാഹിതയും ഒറ്റയ്ക്ക് രാഷ്ട്രീയവും സിനിമയും മാത്രമായി ജീവിക്കുകയും ചെയ്ത ജയലളിതയുടെ അവസാന നാളുകളിൽ ഒപ്പം ചേർന്ന ശശികല എന്ന സ്ത്രീയാണ് പിന്നീട് ജയലളിതയുടെ വലംകൈയായി മാറി എല്ലാ നിയന്ത്രണങ്ങളും സ്വന്തമാക്കിയത്. ശശികലയും അധികാരത്തിന്റെ മറവിൽ കോടിക്കണക്കിന് രൂപ വാരിക്കൂട്ടുന്ന അവസ്ഥയും ഉണ്ടായി. അനധികൃത സ്വത്ത് സംമ്പാദനത്തിന്റെ അന്വേഷണവും തെളിവുകളും കണ്ടെത്തപ്പെട്ടതോടുകൂടി അവരെ ജയിലിൽ അടയ്ക്കുന്ന സ്ഥിതിയും ഉണ്ടായി. അനധികൃത സമ്പാദനത്തിന്റെ പേരിൽ മുഖ്യമന്ത്രി സ്ഥാനം വിട്ട ജയലളിതയും കുറ്റക്കാരിയായി അറസ്റ്റ് ചെയ്യപ്പെടുന്ന സ്ഥിതിയുണ്ടായി.
ഇത്തരത്തിൽ അനധികൃത സ്വത്ത് സംമ്പാതന കേസിൽ അന്വേഷണം നടത്തിയ പോലീസും, മറ്റ് അന്വേഷണ ഏജൻസികളും കണ്ടുകെട്ടിയ കോടിക്കണക്കിന് രൂപയുടെ സ്വത്തുകൾ ഇപ്പോൾ അനാഥമായ അവസ്ഥയിലാണ്. ചെറിയ സമ്പാദ്യം ഒന്നും ആയിരുന്നില്ല ജയലളിതയുടെ സ്വന്തമായി ഉണ്ടായിരുന്നത്. 27 അര കിലോ സ്വർണവും 1116 കിലോ വെള്ളിയും ആണ് അവരുടെ താമസ സ്ഥലത്ത് നിന്നും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെടുത്തത്. ആയിരക്കണക്കിന് വിലപിടിപ്പുള്ള സാരികളും. അതുപോലെതന്നെ ആയിരക്കണക്കിന് വൻവിലയുള്ള ചെരുപ്പുകളും വാച്ചുകളും രത്നങ്ങളുമെല്ലാം അന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെടുക്കുകയുണ്ടായി. ജയലളിതയുടെ പേരിൽ എടുത്ത കേസിൽ അനധികൃത സമ്പാദനം നടത്തിയെന്ന് വെളിപ്പെടുകയും ഇത്തരത്തിലുള്ള കേസിന്റെ നടത്തിപ്പുകൾ മുന്നോട്ടു പോവുകയും ചെയ്തു. സ്വർണ്ണവും വെള്ളിയും മാത്രമല്ല, ജയലളിതയുടെ പേരിൽ പല സ്ഥലങ്ങളിലായി വാങ്ങിക്കൂട്ടിയിരുന്ന 1526 ഏക്കർ സ്ഥലത്തിൻറെ തീറാധാരങ്ങളും കണ്ടെടുക്കപ്പെടുകയുണ്ടായി.
ഒരു തരത്തിലും വില നിശ്ചയിക്കാൻ കഴിയാത്ത കോടിക്കണക്കിന് രൂപയുടെ സമ്പാദ്യമാണ് മുഖ്യമന്ത്രി പദത്തിലിരുന്ന ജയലളിത സ്വന്തമാക്കിയിരുന്നത്. നിയമപ്രകാരം അവർ വഹിച്ച പദവികളുടെ വരുമാനം കണക്കാക്കിയപ്പോൾ അതിൻറെ എല്ലാം നൂറു നൂറു ഇരട്ടി സമ്പാദ്യമാണ് അവർക്ക് സ്വന്തമായി ഉണ്ടായിരുന്നത്. പലതരത്തിലുള്ള അന്വേഷണങ്ങളുടെയും അവസാനത്തിൽ ജയലളിത അനധികൃത സ്വത്ത് സമ്പാദ്യം നടത്തിയതായി കോടതിയിൽ തെളിയിക്കപ്പെട്ടു. ഇതിൻറെ അടിസ്ഥാനത്തിൽ ഇവരുടെ എല്ലാ സ്വത്തുക്കളുടെയും രേഖകളും സ്വർണ്ണവും വെള്ളിയും അടക്കമുള്ള വസ്തുവകകളും കർണാടക വിധാൻ സഭയുടെ ലോക്കറിൽ സൂക്ഷിക്കുന്നതിനാണ് കോടതി ഉത്തരവിട്ടത്.
കോടതിയിൽ കേസ് നടന്ന അവസരത്തിൽ കർണാടക വിധാൻ സഭയുടെ ലോക്കറിൽ സൂക്ഷിക്കപ്പെട്ട കിലോ കണക്കിനുള്ള സ്വർണവും വെള്ളിയും അടക്കം, മറ്റ് അവകാശികൾ ഇല്ലാത്ത അവസ്ഥയിൽ ഏതാണ്ട് പൂർണമായും അനാഥമായ സ്വത്തുക്കളായി മാറുകയാണ് ചെയ്തത്. അവകാശികൾ ആരും രംഗത്ത് വരാതിരിക്കുകയും ഈ സ്വത്തിന്റെ കാര്യത്തിൽ ജയലളിതയുടെ തോഴിയായിരുന്ന ശശികല മുന്നോട്ടുവച്ച അവകാശങ്ങൾ തെളിയിക്കാൻ കഴിയാതെ കോടതി തള്ളുകയും ചെയ്തപ്പോഴാണ്, ജയലളിതയുടെ കോടികളുടെ സ്വത്തുക്കൾ അവകാശികൾ ഇല്ലാത്ത അവസ്ഥയിലേക്ക് മാറിയത്.
ഇത്തരം അവസ്ഥയിലാണ് കോടതി തന്നെ നിർദ്ദേശിച്ചതനുസരിച്ച്-ജയലളിതയുടെ ഭൂസ്വത്തുക്കളും സ്വർണ്ണം വെള്ളി തുടങ്ങിയ വിലപിടിപ്പുള്ള വസ്തുക്കളും എല്ലാം തമിഴ്നാട് സർക്കാരിന് കൈമാറുന്നതിന് ഇപ്പോൾ ഇടവന്നത്. ഒരുതരത്തിലും അവകാശികൾ ഇല്ലാതെയായി മാറിയതോടുകൂടി ജയലളിതയുടെ സ്വത്തെല്ലാം തമിഴ്നാട് സർക്കാരിലേക്ക് കോടതി കൈമാറി.
തമിഴ്നാട് സംസ്ഥാനം എല്ലാ പ്രതാപത്തോടും കൂടി അടക്കിവാണിരുന്ന ജയലളിതയുടെ അവസാന നാളുകൾ തികഞ്ഞ ദുരിതത്തിന്റെയും ദുഃഖങ്ങളുടെയും ആയിരുന്നു. ആശുപത്രിയിൽ മാരകമായ രോഗബാധ മൂലം ശക്തമായ വേദന അനുഭവിച്ചു കഴിഞ്ഞ ജയലളിതയ്ക്ക് സഹായകരമായി നിൽക്കാൻ ആരും ഇല്ലാത്ത സ്ഥിതിയാണ് അന്ന് ഉണ്ടായത്. അവരുടെ ചികിത്സയെ സംബന്ധിച്ചും അതുപോലെ തന്നെ മരണം സംബന്ധിച്ചും ആശുപത്രി അധികൃതർ സ്വീകരിച്ച സമീപനങ്ങളും എല്ലാം ആ കാലത്ത് വലിയ വാർത്തകൾ ഉണ്ടാക്കുകയും, വിവാദങ്ങളായി മാറുകയും ചെയ്തിരുന്നു. ജയലളിതയുടെ മരണവിവരം പുറത്തുവിടാതെ ആശുപത്രി അധികൃതർ രഹസ്യമാക്കി എന്ന പ്രചരണം വരെ അന്ന് ഉണ്ടായിരുന്നു.