കോൺഗ്രസ് പാർട്ടി നയിക്കുന്ന യുഡിഎഫ് മുന്നണി ബന്ധം ഉപേക്ഷിച്ച് കേരളത്തിലെ പുതിയ രാഷ്ട്രീയ അന്തരീക്ഷത്തിൽ പുതിയ മുന്നണിക്ക് രൂപം കൊടുക്കാൻ അണിയറയിൽ ഗൗരവമായ ആലോചനകൾ നടക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു. യുഡിഎഫിൽ ഇപ്പോൾ കോൺഗ്രസ് പാർട്ടി കഴിഞ്ഞാൽ രണ്ടാമത്തെ വലിയ പാർട്ടിയായ മുസ്ലിം ലീഗ് ആണ് കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് പുതിയ ഒരു രാഷ്ട്രീയ നീക്കത്തിന് മുന്നൊരുക്കം നടത്തിയത്. ഇപ്പോൾ ഇടതുമുന്നണിയിൽ സിപിഎം കഴിഞ്ഞാൽ രണ്ടാമത്തെ വലിയ പാർട്ടിയായ സിപിഐയുടെ മുതിർന്ന നേതാക്കളുമായി ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി രഹസ്യ ചർച്ചകൾ നടത്തിയതായി അറിയുന്നുണ്ട്. അതുപോലെതന്നെ ഇടതു വലതു മുന്നണികളിൽ നിലയുറപ്പിച്ചിട്ടുള്ള രണ്ട് കേരള കോൺഗ്രസുകൾ ആയ മാണി കേരള നേതാക്കളും, ജോസഫ് കേരള നേതാക്കളും ഈ ആലോചനകളിൽ പങ്കുചേർന്നതായി അറിയുന്നു. രണ്ടു മുന്നണികളിലും ചേർന്നു നിൽക്കുന്ന ഈ പാർട്ടികളെല്ലാം രണ്ടു മുന്നണികളുടെയും പ്രവർത്തനങ്ങളിൽ നിരാശയിൽ ആണ് തുടർഭരണത്തിലൂടെ വീണ്ടും അധികാരത്തിൽ വന്ന രണ്ടാം പിണറായി സർക്കാർ കേരളത്തിലെ സാധാരണ ജനങ്ങളെ മുഴുവൻ ശത്രുക്കളാക്കി മാറ്റി എന്ന വിലയിരുത്തൽ മുന്നണിയിലെ രണ്ടാമത്തെ പാർട്ടിയായ സിപിഐയുടെ നേതാക്കൾക്ക് ഉണ്ട് . ഇത് പലവട്ടം സിപിഐയുടെ സംസ്ഥാന കമ്മിറ്റി ചർച്ചയിൽ ഉയർന്നുവന്ന വിഷയങ്ങളാണ്. അതുകൊണ്ടുതന്നെയാണ് ചർച്ചയിൽ പങ്കെടുത്ത വിവിധ പാർട്ടി നേതാക്കൾ കേരളത്തിൽ ഒരു പുതിയ മുന്നണി രൂപപ്പെടുത്തുന്നതിനും വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ പുതിയ മുന്നണിയുടെ രൂപത്തിൽ മത്സരത്തിന് ഒരുങ്ങുന്നതിനും രഹസ്യ നീക്കങ്ങൾ നടത്തുന്നത്. ഈ ചർച്ചകളിൽ ഉയർന്നുവന്ന നിർദ്ദേശപ്രകാരം മതേതര ജനാധിപത്യ മുന്നണിയായി പുതിയ മുന്നണി രൂപീകരിക്കുക എന്നതാണ്.
കഴിഞ്ഞ രണ്ടുമൂന്നു വർഷങ്ങളായി കേരളത്തിലെ യുഡിഎഫിനെ നയിക്കുന്ന കോൺഗ്രസ് പാർട്ടിയുടെ നേതാക്കന്മാർ തമ്മിലുള്ള കലഹത്തിൽപ്പെട്ടു തകർന്നു കിടക്കുകയാണ് കോൺഗ്രസ് മുന്നണിയിലെ പ്രധാന രണ്ടാം കക്ഷിയായ മുസ്ലിംലീഗിന്റെ മുതിർന്ന നേതാക്കൾ പലതരത്തിലുള്ള അനുരഞ്ജന നീക്കങ്ങൾക്കും ശ്രമം നടത്തി പരാജയപ്പെടുകയാണ് ഉണ്ടായത് കേരളത്തിലെ നേതാക്കളെ ഐക്യത്തിൽ കൊണ്ടുപോകാൻ ശ്രമിച്ചു പരാജയപ്പെട്ടപ്പോൾ ലീഗ് നേതാക്കൾ കോൺഗ്രസ് പാർട്ടിയുടെ ഹൈക്കമാന്റിനെ സമീപിക്കുകയും സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ തുടങ്ങിയവരും ആയി നേരിൽ കണ്ട് പ്രശ്നപരിഹാരത്തിന് അടിയന്തര ശ്രമം ഉണ്ടാകണം എന്ന് പറഞ്ഞിട്ടും മാസങ്ങളായി ഒരു മാറ്റവും ഉണ്ടാകാതെ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ തമ്മിലടി തുടരുകയാണ്ഏറ്റവും ഒടുവിൽ പാർട്ടിയുടെ സംസ്ഥാന പ്രസിഡണ്ടിനെ മാറ്റുന്ന കാര്യത്തിൽ തന്നെ പരസ്യമായ വിഴുപ്പലക്കലാണ് നേതാക്കന്മാർ തമ്മിൽ നടത്തിക്കൊണ്ടിരിക്കുന്നത് . ഈ സാഹചര്യത്തിൽ ഏതാണ്ട് അഞ്ചു മാസം കഴിഞ്ഞാൽ നടക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ കനത്ത പരാജയമായിരിക്കും യുഡിഎഫിന് ഉണ്ടാവുക എന്ന് ലീഗ് നേതാക്കളും, കേരള കോൺഗ്രസ് ജോസഫ് നേതാക്കളും തുറന്നുപറയുന്നുണ്ട്.
ഏതായാലും ഇനിയും ഒരു കാത്തിരിപ്പ് നടത്തി കുളം കലക്കി പരുന്തിന് കൊടുക്കാൻ ലീഗിലെയും, കേരള കോൺഗ്രസ് പാർട്ടികളിലെയും, നേതാക്കൾ തയ്യാറല്ല. ഇപ്പോൾ യുഡിഎഫിൽ നിൽക്കുന്ന മുസ്ലിം ലീഗ് , ജോസഫ് ഗ്രൂപ്പ് , കേരള കോൺഗ്രസ് എന്നീ പാർട്ടികളും അതുപോലെതന്നെ എൽഡിഎഫിൽ മനം മടുപ്പുമായി തുടരുന്ന മാണി കേരള കോൺഗ്രസ് പാർട്ടിയും പുതിയ മതേതര ജനാധിപത്യ മുന്നണിയിലേക്ക് കടന്നു വരുന്നതിനുള്ള നീക്കങ്ങളാണ് നടക്കുന്നത് . ഇതുകൂടാതെ ഇപ്പോൾ ബിജെപിയുടെ നേതൃത്വത്തിൽ ഉള്ള എൻ ഡിഎ മുന്നണിയിലെ ഘടകകക്ഷിയായ തുഷാർ വെള്ളാപ്പള്ളി നയിക്കുന്ന ബി.ഡി.ജെ.എസ് എന്ന പാർട്ടിയെയും പുതിയ മുന്നണിയിലേക്ക് അടുപ്പിക്കാൻ ശ്രമം നടക്കുന്നുണ്ട്ബിജെപിയോടൊപ്പം നിൽക്കുന്നുവെങ്കിലും കേരളത്തിലെ തൻറെ പാർട്ടിക്ക് ബിജെപി കാര്യമായ ഒരു പരിഗണനയും നൽകുന്നില്ല എന്ന പരാതിയുമായി നടക്കുന്ന ആളാണ് തുഷാർ വെള്ളാപ്പള്ളി . അതുകൊണ്ടുതന്നെ അദ്ദേഹംബിജെപി മുന്നണി വിട്ടു പുതിയ മുന്നണിയിലേക്ക് കടന്നുവന്നാൽ അത്ഭുതപ്പെടേണ്ട കാര്യമില്ല.
കേരളത്തിൽ അരനൂറ്റാണ്ടോളം ആയി പ്രവർത്തിച്ചു വരുന്നത് മുന്നണി രാഷ്ട്രീയം ആണ് . തെരഞ്ഞെടുപ്പ് അവസരങ്ങളിൽ പ്രധാന മത്സരം നടക്കുന്നത് കോൺഗ്രസ് നയിക്കുന്ന യുഡിഎഫും, സിപിഎം നയിക്കുന്ന ഇടതുമുന്നണിയും തമ്മിൽ ആണ്. ബിജെപി എപ്പോഴും മത്സര രംഗത്ത് ഉണ്ടാകാറുണ്ട് എങ്കിലും ഇത്രയും കാലം ആയിട്ടും കാര്യമായ മുന്നേറ്റം ബിജെപിക്ക് കേരളത്തിൽ ഉണ്ടാക്കുവാൻ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യവും തുഷാർ വെള്ളാപ്പള്ളിയെ മുന്നണി മാറ്റത്തിന് പ്രേരിപ്പിക്കുന്നുണ്ട്.
മുസ്ലിം ലീഗിൽ നിന്നും പി കെ കുഞ്ഞാലിക്കുട്ടിയും സിപിഐയിൽ നിന്നും ഇപ്പോൾ സസ്പെൻഷനിൽ പാർട്ടിക്ക് പുറത്തായി നിൽക്കുന്ന കെ. ഇ ഇസ്മയിലും തമ്മിലുള്ള ആലോചനകളിൽ ആണ് പുതിയ മുന്നണി എന്ന ആശയം രൂപപ്പെട്ടത് . മാണി കേരള കോൺഗ്രസ് ചെയർമാനായ ജോസ് കെ മാണിക്ക് മുന്നണി മാറ്റത്തിൽ താല്പര്യമില്ല എങ്കിലും പാർട്ടിയുടെ ഉന്നത സമിതിയായ ഹൈ പവർ കമ്മിറ്റിയിൽ ഉള്ള ഭൂരിഭാഗം മുതിർന്ന നേതാക്കളും ഇടതുമുന്നണി ബന്ധം ഉപേക്ഷിക്കണം എന്ന് ആശയക്കാർ ആണ്. ജോസഫ് ഗ്രൂപ്പ് കേരള കോൺഗ്രസിൻറെ അവസ്ഥയും ഇതിൽ നിന്നും വ്യത്യസ്തമല്ല. കോൺഗ്രസ് പാർട്ടി നയിക്കുന്ന യുഡിഎഫിൽ നിന്നാൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ പരാജയത്തെ ഏറ്റുവാങ്ങേണ്ടിവരും എന്ന വിലയിരുത്തലാണ് ജോസഫ് ഗ്രൂപ്പിൻറെ മുതിർന്ന നേതാക്കൾക്കും ഉള്ളത്.
തുടർ ഭരണത്തിലൂടെ ഇടതുമുന്നണി അഴിമതിയിലും കെടുകാര്യസ്ഥതയിലും പെട്ടുകൊണ്ട് സാധാരണ ജനങ്ങളുടെ മുഴുവൻ എതിർപ്പുകളെ നേരിടുന്ന സ്ഥിതിയാണ് നിലനിൽക്കുന്നത്. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി കനത്ത തോൽവി ഏറ്റുവാങ്ങിയത് ജനങ്ങൾക്ക് പിണറായി സർക്കാരിനോടുള്ള എതിർപ്പു മൂലമായിരുന്നു എന്നത് ഇടതുമുന്നണിയിലെ സിപിഐ തുറന്നുപറഞ്ഞ കാര്യമാണ് ഇടതുമുന്നണി യോഗങ്ങളിൽ സർക്കാരിനെ വിമർശിച്ചതിന്റെ പേരിൽ സിപിഐ സംസ്ഥാന സെക്രട്ടറിയെ വരെ പുച്ഛിച്ചു തള്ളുന്ന മുഖ്യമന്ത്രിയെയാണ് കേരളം കണ്ടത് ഇത്തരം ഒരു സാഹചര്യത്തിൽ ഇടതുമുന്നണിയിൽ വല്യേട്ടൻ പാർട്ടിയായ സിപിഎമ്മിന്റെ ചവിട്ടും തൊഴിയും സഹിച്ചു മുന്നണിയിൽ തുടരുന്നതിൽ സിപിഐയുടെ മുതിർന്ന പല നേതാക്കൾക്കും എതിർപ്പുണ്ട് . ഈ അന്തരീക്ഷം കൂടി കണ്ടതുകൊണ്ടാണ് പുതിയ മുന്നണി നീക്കവുമായി ലീഗും കേരള കോൺഗ്രസുകളും ഇറങ്ങിയിട്ടുള്ളത്
ഏതായാലും ഇടതു വലതു മുന്നണികൾ ജനങ്ങൾക്ക് മുന്നിൽ വെറുക്കപ്പെട്ടവരായി മാറിയിരിക്കുന്ന സാഹചര്യത്തിൽ മതേതരത്വം ഉയർത്തിപ്പിടിച്ചുകൊണ്ട് സമുദായ മേധാവികളുടെ കൂടി പിന്തുണ പുറത്താക്കി പുതിയ മുന്നണി രൂപപ്പെടുത്തുക എന്നതാണ് നേതാക്കൾ ലക്ഷ്യം വയ്ക്കുന്നത് . അടുത്ത ഘട്ടം എന്ന നിലയിൽ മുസ്ലിം മത മേധാവികളുടെയും ക്രിസ്ത്യൻ മത മേധാവികളുടെയും ആസ്ഥാനങ്ങളിൽ നേരിട്ട് എത്തി ചർച്ച നടത്തുന്നതിനും പിന്തുണ അഭ്യർത്ഥിക്കുന്നതിനും പുതിയ മുന്നണിയിൽ സഹകരിക്കാൻ താൽപര്യം കാണിച്ചിട്ടുള്ള പാർട്ടി നേതാക്കൾ തീരുമാനമെടുത്തതായിട്ടും അറിയുന്നുണ്ട്.