ഭരണക്കാരേ,, ഇവിടെ, എവിടെയാണ് കേരളത്തിൻറെ ഒന്നാം സ്ഥാനം

സർക്കാർ പങ്കാളികൾക്കെല്ലാം സുഖജീവിതം

ഒരു മാസം കൂടി കഴിഞ്ഞാൽ ഓണക്കാലമാണ്.കേരളനാട്ടിൽ മഹാബലി ഭരിച്ചിരുന്നപ്പോൾ ഇവിടെ ഉണ്ടായിരുന്ന നല്ല കാലത്തിൻറെ ഓർമ്മ പുതുക്കുന്നതാണ് ഓണാഘോഷം -ഓണപ്പാട്ടിൽ തന്നെ മഹാബലിയുടെ നല്ല കാലം വിളിച്ചു പറയുന്നുണ്ട് -മാവേലി നാടുവാണീടും കാലം – മാനുഷർ എല്ലാരും ഒന്നുപോലെ -ആമോദത്തോടെ വസിക്കും കാലം – ആപത്തങ്ങാർക്കും ഒട്ടില്ല താനും -ഇതാണ് ആ നല്ല കാലത്തെ വ്യക്തമാക്കുന്ന വരികൾ. ഓണക്കാലത്ത് ഒന്നു രണ്ടു ദിവസമെങ്കിലും ഈ നല്ല കാലത്തിൻറെ ഓർമ്മ മലയാളിക്ക് സന്തോഷം പകരാറുണ്ട്. അതു കഴിയുമ്പോൾ പതിവ് ദുരിതങ്ങളിലേക്ക് നമ്മൾ വീഴുകയാണ് പതിവ്. ഇപ്പോഴത്തെ ഭരണക്കാരെല്ലാരും തുടരെത്തുടരെ പറഞ്ഞുകൊണ്ടിരിക്കുന്നത് കേരളം എല്ലാ കാര്യങ്ങളിലും ഒന്നാമത് എത്തി എന്നാണ്. ” എന്നാൽ ജനങ്ങൾ കണ്ണുതുറന്ന് നോക്കിയിട്ട് ഒന്നാമത് എത്തിയ ഒരു കാര്യമേ ഉള്ളൂ.. അത് ജനങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുരിതം ആണ്. ജനങ്ങൾ ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുക എന്ന കാര്യത്തിൽ ഇപ്പോൾ കേരളം ഒന്നാമത് എത്തി എന്നാണ് ചുരുക്കം.
ദിവസേന വികസനത്തിലേക്ക് കുതിച്ചു പായുന്ന കേരളത്തിൽ ഇപ്പോൾ വലിയ പ്രാധാന്യം ഉള്ളത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയാണ്.കാരണം കേരളത്തിൽ ഓരോ സ്ഥലങ്ങളിലും ഓരോ ദിവസവും ഓരോ തരത്തിലുള്ള ദുരന്തങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ഈ ദുരന്തങ്ങളിൽ ജീവൻ നഷ്ടമാകുന്നത് പാവപ്പെട്ട കുടുംബങ്ങളിൽ പെട്ടവർക്ക് ആണ്. ദുരന്തങ്ങളിൽ മരണമടയുന്ന കുടുംബങ്ങളിലുള്ളവർക്ക് ഉടൻതന്നെ അഞ്ചുലക്ഷവും പത്തുലക്ഷവും ഒക്കെ ആശ്വാസമായി കൈമാറും. ഇതോടുകൂടി അവിടുത്തെ ഏർപ്പാട് അവസാനിപ്പിച്ച് അടുത്ത ദുരന്തത്തിലെ മരണപ്പെട്ടവരുടെ വീടുകളിലേക്ക് ചെല്ലും.അവിടെയും ദുരിതാശ്വാസ പ്രഖ്യാപനമുണ്ടാകും. ഇതെല്ലാം കൊടുക്കുന്നത് പാവപ്പെട്ട ജനങ്ങൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്ന തുകയോ അല്ലെങ്കിൽ പാവപ്പെട്ട ജനങ്ങൾ നൽകുന്ന നികുതിപ്പണമോ ആയിരിക്കും. ഏതാണ്ട് സ്വന്തം പോക്കറ്റിൽ നിന്ന് സഹായ തുക എടുത്തു കൊടുക്കുന്നു എന്ന രീതിയിലൊക്കെയാണ് ചില മന്ത്രിമാരുടെ ഭാവവും സംസാരവും.സ്കൂളിൽ പാമ്പുകടിയേറ്റും ഷോക്കടിച്ചും കുട്ടികൾ മരിച്ചു വീഴുന്നു. ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തുന്നവർ കെട്ടിടം ഇടിഞ്ഞു വീണ് മരണപ്പെടുന്നു.കാട്ടുമൃഗങ്ങൾ വീടുകളിലേക്ക് എത്തി ആൾക്കാരെ ചവിട്ടി കൊല്ലുന്നു . പഠിക്കാൻ കോളേജുകളിൽ എത്തുന്ന കുട്ടികൾ തമ്മിൽ തല്ലി മരിക്കുന്നു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രമാണിമാർ കസേര കളിക്കുന്നു.പാവം ജനങ്ങൾ റോഡിലെ കുഴികളിൽ വീണ് മരണപ്പെടുന്നു.അരി പോലും വാങ്ങാൻ കഴിയാതെ പാവങ്ങളുടെ അടുപ്പുകൾ വെറുതെ കിടക്കുന്നു. രോഗ ചികിത്സയ്ക്ക് എത്തുന്നവർ മരുന്നു വാങ്ങാൻ കടം ചോദിച്ചു വലയുന്നു. ഇതൊക്കെ സ്ഥിരമായി ആവർത്തിക്കപ്പെടുമ്പോൾ പോലും ഒരു മടിയും ഇല്ലാതെ അധികാരത്തിന്റെ തണലിൽ ഉണ്ടുറങ്ങി കഴിയുന്ന മാന്യന്മാർ വീണ്ടും പറഞ്ഞുകൊണ്ടിരിക്കുന്നു ഞങ്ങളുടെ ഭരണം വഴി കേരളം എല്ലാ രംഗത്തും ഒന്നാമത് എന്ന്.ആരോഗ്യം,, വിദ്യാഭ്യാസം,, ഭക്ഷണം,, തൊഴിൽ,, ഇവയെല്ലാം ജനങ്ങൾക്ക് ആവശ്യാനുസരണം ഒരുക്കി കൊടുക്കാനുള്ള ബാധ്യതയാണ് ഭരണത്തിൽ ഇരിക്കുന്ന സർക്കാരിന് ഉള്ളത്. നിലവിലെ കേരള ഭരണക്കാർ ഇതിൽ എത്ര കണ്ട് ഫലപ്രദമായി കാര്യങ്ങൾ നടത്തുന്നു എന്നത് ദൈവത്തിനു പോലും പിടികിട്ടാത്ത സ്ഥിതിയാണ്. ആശുപത്രിയിൽ ചികിത്സിക്കാൻ ഉപകരണങ്ങൾ പോലും ഇല്ലാതെയായി സഹികെട്ടപ്പോൾ ഒരു ഡോക്ടർ തന്നെ പരാതി പറഞ്ഞു. അപ്പോൾ ആരോഗ്യമന്ത്രി ആ ഡോക്ടറെ പൊതു ശത്രുവാക്കി പ്രഖ്യാപിച്ചു. പിന്നീട് പ്രതിഷേധം ഉയർന്നപ്പോൾ അത് സിസ്റ്റത്തിന്റെ തകരാറാണ് എന്നകാരണമാണ് കണ്ടുപിടിച്ചത് . മലയോര ജില്ലകളിൽ പണിയെടുത്ത് കഴിയുന്ന കർഷകൻ ഉറങ്ങാൻ പോലും കഴിയാതെ ഭയപ്പെടുമ്പോൾ കാട്ടുമൃഗങ്ങൾ ഞാൻ പറഞ്ഞിട്ട് അനുസരിക്കുന്നില്ല എന്നാണ് നമ്മുടെ വനം വകുപ്പ് മന്ത്രി ആധികാരികമായി പ്രസ്താവിച്ചത്. കേരളത്തിലെ സ്കൂൾ വിദ്യാഭ്യാസ രംഗം ലോകത്ത് ഒന്നാമത് എന്നാണ് നമ്മുടെ വിദ്യാഭ്യാസ മന്ത്രി പറഞ്ഞത്. ഇത് പറഞ്ഞ് കസേരയിൽ ചാഞ്ഞിരിക്കുന്നതിന് മുമ്പ് തന്നെ ഒരു സ്കൂൾ കെട്ടിടം ഇടിഞ്ഞുവീണു.ഇടിഞ്ഞുവീണത് രാത്രി ആയതിനാൽ ആർക്കും ജീവഹാനി ഉണ്ടായില്ല. കേരളത്തിലെ സർക്കാർ സ്കൂളുകൾ ഫൈവ് സ്റ്റാർ നിലവാരത്തിൽ ആണെന്നും സർക്കാർ സ്കൂളുകളിൽ പഠിക്കാൻ കുട്ടികൾ ക്യൂ നിൽക്കുകയാണ് എന്നൊക്കെ മന്ത്രി പറഞ്ഞപ്പോഴാണ് പല കെട്ടിടങ്ങളും ഇപ്പോൾ വീഴുമെന്ന സ്ഥിതിയിലാണ് എന്ന വാർത്തകൾ പുറത്തുവന്നത്.കേരളത്തിലെ സ്കൂളുകളും കോളേജുകളും കുറച്ചുനാളുകളായി കലാപ രംഗമാണ്. വിദ്യാഭ്യാസ മേഖലയിൽ ഉണ്ടാകുന്ന ഓരോ പ്രശ്നങ്ങൾക്കും ഭരണകക്ഷി പ്രതിപക്ഷ വിദ്യാർത്ഥി വിഭാഗങ്ങൾ സമരവുമായി രംഗത്തുണ്ട്.. വെറുതെ ഭരണ പ്രതിപക്ഷ യുവജന സംഘടനകളും പ്രതിഷേധവുമായി കടന്നുവരികയാണ്. എല്ലായിടത്തും പ്രതിഷേധക്കാരെ പോലീസ് ക്രൂരമായി തല്ലി ചതക്കുന്നു. ഭരണകക്ഷി വിദ്യാർത്ഥി നേതാക്കൾ പ്രിൻസിപ്പാളിനെ വരെ കത്തി കാണിച്ച് വിരട്ടുന്നു. ഇതെല്ലാം ദിവസേന എന്നോണം തുടരുമ്പോഴും സാദാ വിദ്യാഭ്യാസ മന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയും ഇവിടെ ഒരു പ്രശ്നവും ഇല്ല എന്ന് ആവർത്തിക്കുന്നു…. സംഘർഷ മേഖലകളിൽ പ്രതിപക്ഷ പാർട്ടിക്കാർ ആണെങ്കിൽ പോലീസുകാർ ആവേശത്തോടെ അവരെ തല്ലി ഒതുക്കും… പോലീസിന്റെ തല്ലലും തോണ്ടലും എത്ര ക്രൂരമായാലും ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രിക്ക് ഒരു കാര്യം മാത്രമേ പറയാൻ ഉണ്ടാകു – പോലീസ് നടത്തിയത് ജീവൻരക്ഷാ നടപടിയാണ്,, അതോടെ എല്ലാം ഓക്കേ…പൊതുജനങ്ങളെ നേരിട്ടും പല വിഭാഗങ്ങളിലുള്ള ആൾക്കാരെ വരെ വിഷമത്തിലാക്കിയും ഓരോ സംഭവങ്ങളും ഉണ്ടാകുമ്പോൾ ഏതായാലും ഒരു പുതിയ തന്ത്രം ഭരണക്കാർ കണ്ടുപിടിച്ചിട്ടുണ്ട്… ആശുപത്രി കെട്ടിടം ഇടിഞ്ഞുവീണ് മരണമുണ്ടായാലും സ്കൂളിൽ ഷോക്കടിച്ച് വിദ്യാർത്ഥി മരിച്ചാലും മന്ത്രിമാർ ഉടൻതന്നെ അന്വേഷണത്തിന് ഉത്തരവിടും… ഈ അന്വേഷണങ്ങളിൽ ഇതുവരെ ഒരെണ്ണവും വെളിച്ചത്തു വന്നതായി ആർക്കും അറിയില്ല… അഥവാ അന്വേഷണ റിപ്പോർട്ട് പുറത്തുവരികയാണെങ്കിൽ തന്നെ റിപ്പോർട്ടിന്മേൽ എന്ത് തുടർ നടപടിയാണ് സർക്കാരിൽ നിന്നും ഉണ്ടായത് എന്ന് ചോദിച്ചാൽ അതിനും ഉത്തരം ഉണ്ടാകില്ല…ഇന്ത്യൻ ഭരണഘടനയിൽ തൊട്ടുകൊണ്ട് സത്യപ്രതിജ്ഞ ചെയ്ത മന്ത്രി ഭരണഘടനയെ തന്നെ ചീത്ത വിളിച്ച് രസിക്കുന്നത് നമ്മൾ കണ്ടതാണ്… ഒരു എം എൽ എ യും മുൻമന്ത്രിയും ആയ സഖാവ് ഞങ്ങൾ ശത്രുക്കളായ പാർട്ടിക്കാരെ വെട്ടി കൊന്നിട്ടുണ്ട് . – ചവിട്ടി കൊന്നിട്ടുണ്ട് – വെടിവെച്ചു കൊന്നിട്ടുണ്ട് എന്നൊക്കെ വീരവാദം പറയുന്നതും നമ്മൾ കേട്ടതാണ്….മന്ത്രിമാരും മുഖ്യമന്ത്രിയും ഒക്കെ പുതിയ ചില കണ്ടുപിടിത്തങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്… നമ്മൾ കേട്ടിട്ടുള്ളതും കണ്ടിട്ടുള്ളതും ആയ പ്രയോഗങ്ങൾ മാറ്റി പുതിയ ചില വാക്കുകളും ഭാഷ പ്രയോഗങ്ങളും നിലവിലെ ഭരണകാർ കണ്ടെത്തിയിട്ടുണ്ട്… സമ്പന്ന ജനങ്ങളും ദരിദ്ര ജനങ്ങളും എന്ന രണ്ടു വിഭാഗങ്ങളാണ് മുൻകാലങ്ങളിലായി പറഞ്ഞു കേട്ടിട്ടുള്ളത്… ഇപ്പോൾ ഭരണക്കാർ ഒരു പുതിയ വിഭാഗത്തെ കൂടി കണ്ടുപിടിച്ചിരിക്കുന്നു.ദരിദ്രരെ കൂടാതെ അതി ദരിദ്രർ എന്ന വിഭാഗത്തെയാണ് പുതിയതായി കണ്ടെത്തിയത്.എന്താണ് ഈ അധിദരിദ്രർ എന്നും ഏത് തരത്തിലുള്ള ആൾക്കാരാണ് ഇതിൽപ്പെടുന്നത് എന്നും ഒരു ഊഹവും ഇല്ല… സാമ്പത്തികമായി ദാരിദ്ര്യം അനുഭവിക്കുന്നവരാണ് ദരിദ്രർ… ഇനി ഇവരെ കൂടാതെ ദരിദ്രർക്ക് താഴെ ഉള്ളവരെ കണക്കാക്കുന്നത് പിച്ചതെണ്ടുന്നവരാണെന്ന് കരുതുക..അങ്ങനെയാണെങ്കിൽ ഈ അതിദരിദ്രരിൽ നല്ലൊരു വിഭാഗം കേരളത്തിലെ രാഷ്ട്രീയ പാർട്ടിക്കാർ ആയിരിക്കും… നേരം വെളുത്താൽ ഒരു രസീത് കുറ്റിയുമായി ജനങ്ങൾക്കിടയിൽ പിച്ചതെണ്ടുന്ന പതിവ് പരിപാടി രാഷ്ട്രീയക്കാർക്ക് എല്ലാം ഉള്ളതാണല്ലോ…ഭരണത്തിൽ ഇരിക്കുന്നവരുടെ കണക്കിൽ കേരളം എല്ലാകാര്യത്തിലും ഒന്നാമത് ആണ്… പ്രതിപക്ഷത്തിരിക്കുന്നവരുടെ കണക്ക് പുസ്തകത്തിൽ കേരളം ആകെ തകരാറിലും…ഈ രണ്ടു കൂട്ടർക്കും ജനങ്ങളെ പറ്റിക്കാൻ ഉപയോഗിക്കാവുന്ന ഒരു തന്ത്രം മാത്രമാണ് ഈ കണക്കുകൾ… ജനങ്ങളെ വലയിൽ വീഴിക്കാൻ ഒന്നാമതെന്നും,,, ഒന്നുമില്ലാത്തത് എന്നുമൊക്കെ ഭരണക്കാരും പ്രതിപക്ഷക്കാരും പറഞ്ഞ് ആഘോഷിച്ചു നടക്കുന്നതിനിടയിൽ കൂടിക്കൂടി വരുന്ന ദുരിതങ്ങൾക്ക് ഇരയായി ആത്മഹത്യയിൽ വഴി തേടുന്നവരായി മാറുകയാണ് നമ്മുടെ കേരളം… ‘പിന്നെ പറയാതെ പോകുന്നത് ശരിയല്ല… കേരളത്തിൽ അടുത്തകാലത്തായി വലിയ തോതിൽ വളർച്ച ഉണ്ടായിട്ടുള്ള ഒരു കാര്യം ഉണ്ട്… വല്ലപ്പോഴും വല്ലയിടത്തും കഞ്ചാവും മയക്കുമരുന്നും ഒക്കെ കണ്ടിരുന്നു എങ്കിൽ ഇപ്പോൾ എല്ലാവരുടെയും ചുറ്റുവട്ടത്ത് സുലഭമായി ഇവയൊക്കെ കാണുന്നുണ്ട്,, കിട്ടുന്നുണ്ട്… അതുകൊണ്ട് ദാരിദ്ര്യരേഖയ്ക്ക് താഴെയാണെങ്കിലും കയ്യിലുള്ള ചില്ലികാശ് പെറുക്കി കൂട്ടി അല്പം കഞ്ചാവോ അല്ലെങ്കിൽ ഇത്തിരി മയക്കുമരുന്നോ വാങ്ങിച്ചു അത് ഉപയോഗിച്ച് ലോകം മറന്നുകൊണ്ട് കഴിയാൻ ശ്രമിക്കുക… ഇതാണ് എല്ലാ രംഗത്തും ഒന്നാമത് എത്തുന്നതിന് മലയാളിക്ക് ആശ്രയിക്കാവുന്ന ഏക മാർഗ്ഗം.. തെരഞ്ഞെടുപ്പുകൾ ഇനിയും വന്നുകൊണ്ടിരിക്കും.. മാറിമാറി ഭരണക്കാരും വരും… പുറത്തിരിക്കുമ്പോൾ സ്വർഗ്ഗം ഉറപ്പു നൽകുന്നവരും അധികാരത്തിൽ എത്തിയാൽ നരകത്തിലേക്ക് എത്തിക്കുന്നവരും ആണ് എല്ലാ രാഷ്ട്രീയ പാർട്ടിക്കാരും… കേരളത്തിൻറെ പൊതുവായ വികസന കാര്യത്തിൽ എങ്കിലും ഒരുമിച്ചു നിൽക്കാൻ ഇതുവരെ പഠിച്ചിട്ടില്ലാത്ത കേരളത്തിലെ രാഷ്ട്രീയക്കാർക്ക് നമ്മൾ തന്നെ സിന്ദാബാദ് വിളിക്കുമ്പോൾ നമ്മൾ വരുത്തി വയ്ക്കുന്ന ദുരിതങ്ങൾ ഏറ്റുവാങ്ങുവാനും നമുക്ക് ബാധ്യതയുണ്ട്… അത് തന്നെയാണ് മാറിമാറി കേരള ജനത അനുഭവിച്ചുകൊണ്ടിരിക്കുന്നത്..