പാലോട് രവി സിപിഐയിലേക്ക്..

കോൺഗ്രസ് നേതാക്കൾ പാലോട് രവിയെ ബലിയാടാക്കി..

കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫും, നാലോ അഞ്ചോ നേതാക്കളും പറഞ്ഞുനടക്കുന്ന കാര്യങ്ങളൊന്നുമല്ല കേരളത്തിലെ കോൺഗ്രസ് പാർട്ടിക്കകത്തുള്ളതെന്ന് വെളിപ്പെടുത്തുന്നതാണ് തിരുവനന്തപുരം ഡിസിസി പ്രസിഡണ്ട് പാലോട് രവിയുടെ ഫോൺ സംഭാഷണവും തുടർന്നുള്ള നടപടികളും. കോൺഗ്രസ് പാർട്ടിയെ ദോഷകരമായി ബാധിക്കുന്ന ചില പ്രയോഗങ്ങൾ പാലോട് രവി സഹപ്രവർത്തകനോട് ഫോണിലൂടെ സംസാരിച്ചതാണ് വലിയ പ്രതിഷേധത്തിന് വഴിയൊരുക്കിയത്. എന്നാൽ പാലോട് രവിയുടെ കാര്യത്തിൽ കെപിസിസി നേതൃത്വം കൈക്കൊണ്ട അടിയന്തര നടപടികൾ എന്തിൻറെ പേരിലായിരുന്നു എന്ന ചോദ്യമുണ്ട്. തിരുവനന്തപുരം ജില്ലയിൽ തന്നെ പാലോടിനെതിരായ നടപടിയിൽ പ്രവർത്തകർ വലിയ പ്രതിഷേധത്തിലാണ്.

പാലോട് രവിയുടെ ഫോൺ സംഭാഷണം മുഴുവനായി നേതാക്കൾ കേട്ടിരുന്നുവെങ്കിൽ പാലോട് രവിയുടെ ആത്മാർത്ഥത മനസ്സിലാകുമായിരുന്നു എന്നാണ് പ്രവർത്തകർ പറയുന്നത്. പലതവണ എം എൽ എ യും ഡെപ്യൂട്ടി സ്പീക്കറുമായിരുന്ന മുതിർന്ന നേതാവാണ് പാലോട് രവി. അദ്ദേഹത്തിൻറെ പേരിൽ പാർട്ടി നേതൃത്വം ഒരു നടപടി എടുക്കുന്നു എങ്കിൽ വിശദീകരണമെങ്കിലും ചോദിക്കണം. രവിയുടെ കാര്യത്തിൽ അതുപോലും ഉണ്ടായില്ല. തിരുവനന്തപുരംം ഡിസിസിയുടെ താൽക്കാലിക ചുമതല നൽകിയ ശക്തൻ പോലും മാധ്യമങ്ങളോട് പറഞ്ഞത് ഇപ്രകാരമായിരുന്നു. താൻ രവിയുടെ ഫോൺ സംഭാഷണം മുഴുവനായും കേട്ടു, അതിൽ ചില വാക്കുകൾക്ക് പിഴവ് സംഭവിച്ചിട്ടുണ്ടെങ്കിലും പാർട്ടിയുടെ നന്മയ്ക്കു വേണ്ടിയാണ് രവി സംസാരിച്ചത് എന്നാണ്. മാത്രവുമല്ല ഈ വിഷയത്തിൽ രവി ബലിയാടായി എന്നും ശക്തൻ പറയുകയാണ്. ഇതു മാത്രമല്ല കേരളത്തിലെ കോൺഗ്രസ് നേതാക്കളിൽ പലരും ഉയർത്തുന്ന ചോദ്യങ്ങളും പ്രസക്തമാണ്. ദൃശ്യ മാധ്യമങ്ങളിൽ കൂടി പുറത്തുവന്ന ശബ്ദരേഖ പരിഗണിച്ചു മാത്രം ഒരു നേതാവിനെ പുറത്താക്കാൻ തുടങ്ങിയാൽ കേരളത്തിൽ കോൺഗ്രസ് പാർട്ടിയിൽ ഏതെങ്കിലും നേതാവ് അവശേഷിക്കുമോ എന്നതാണ്. സുപ്രധാനമായ തിരഞ്ഞെടുപ്പുകൾക്ക് മുന്നിലേക്ക് കേരളം നീങ്ങുമ്പോഴാണ് പ്രമുഖ പാർട്ടിയായ കോൺഗ്രസിനകത്ത് ഒന്നിന് പുറകെ ഒന്നായി പലതരത്തിലുള്ള പ്രതിസന്ധികൾ രൂപപ്പെടുന്നത്. പാലോട് രവിയുടെ ഫോൺ സംഭാഷണം കൈകാര്യം ചെയ്ത കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫിന് പിഴവ് പറ്റി എന്ന് പറയുന്ന മുതിർന്ന നേതാക്കളും രംഗത്തുണ്ട്. എന്നാൽ രാഷ്ട്രീയം കൈകാര്യം ചെയ്ത് വലിയ പരിചയമില്ലാത്ത സണ്ണി ജോസഫ്, ഒപ്പം നിൽക്കുന്ന ചില നേതാക്കളുടെ നിർദ്ദേശങ്ങളെ അനുസരിക്കുന്ന വെറും പാവയായി മാറി എന്ന അഭിപ്രായവുമുണ്ട്. സ്വന്തമായി തീരുമാനങ്ങൾ എടുക്കാൻ കഴിവില്ലാത്തതും പ്രതിപക്ഷ നേതാവ് അടക്കമുള്ളവർക്കു മുന്നിൽ മുട്ടുമടക്കി നിൽക്കുന്ന രീതിയും മാത്രമാണ് കെ പി സി സി പ്രസിഡണ്ടിനുള്ളത് എന്നാണ് ഇപ്പോഴുള്ള അടക്കം പറച്ചിൽ. തിരുവനന്തപുരം ജില്ലയിൽ മുതിർന്ന കോൺഗ്രസ് നേതാവ് എന്ന നിലയിൽ പാലോട് രവിക്ക് വലിയ സ്വാധീനം പ്രവർത്തകർക്കിടയിലുണ്ട്. ഡിസിസി പ്രസിഡണ്ട് സ്ഥാനത്തു നിന്നും പാർട്ടി നേതൃത്വം പാലോട് രവിയോട് രാജി ചോദിച്ചു വാങ്ങിയിരിക്കുകയാണ്. യഥാർത്ഥത്തിൽ ഒരു അന്വേഷണവും നടത്താതെ കൈക്കൊണ്ട ഈ പുറത്താക്കൽ നടപടി വലിയ പ്രതിഷേധത്തിലാണ്. മാത്രവുമല്ല പാലോട് രവിക്ക് പിന്തുണയുമായി മണ്ഡലം പ്രസിഡണ്ടുമാരടക്കമുള്ളവർ പരസ്യമായി രംഗത്ത് വരികയും ചെയ്തിട്ടുണ്ട്.

ഫോൺ സംഭാഷണത്തിന് കൂട്ടുചേർന്ന കോൺഗ്രസ് വാമനപുരം ബ്ലോക്ക് സെക്രട്ടറി ജലീലിനെ നേതൃത്വം പാർട്ടിയിൽ നിന്നും പുറത്താക്കിയിട്ടുമുണ്ട്. മുൻ കെപിസിസി പ്രസിഡന്റുമാർ അടക്കമുള്ള മുതിർന്ന നേതാക്കൾ തൊടുത്തുവിടുന്ന പുതിയ ചില പരാമർശങ്ങളും പാർട്ടി ഔദ്യോഗിക നേതൃത്വത്തെ കുഴയ്ക്കുന്നുണ്ട്. നേതാക്കൾ പറഞ്ഞു നടക്കുന്ന നല്ല സ്ഥിതിയൊന്നുമല്ല പാർട്ടിയിലുള്ളതെന്ന് ഈ മുതിർന്ന നേതാക്കളും വിശ്വസിക്കുന്നുണ്ട്. ഫോൺ സംഭാഷണത്തിൽ പാലോട് രവി സഹപ്രവർത്തകനോട് ചില വസ്തുതകൾ തുറന്ന് പറയുകയാണുണ്ടായത്. നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും തുടർന്നുള്ള നിയമസഭാ തെരഞ്ഞെടുപ്പിലും കോൺഗ്രസ് തോൽക്കുമെന്നും ഇടതുമുന്നണിയുടെ മൂന്നാം സർക്കാർ അധികാരത്തിൽ വരുമെന്നും രവി സഹ പ്രവർത്തകനോട് പറയുന്നുണ്ട്. തെരഞ്ഞെടുപ്പ് കഴിയുമ്പോൾ കോൺഗ്രസിലെ പല നേതാക്കളും മറ്റു പാർട്ടികളിലേക്ക് പോകുമെന്നും കോൺഗ്രസ് പാർട്ടി വെറും എടുക്കാ ചരക്കാകുമെന്നും പാലോട് രവി സൂചിപ്പിച്ചു . എന്നാൽ ഇതെല്ലാം പറഞ്ഞത് പാർട്ടിയുടെ ബ്ലോക്ക് സെക്രട്ടറിയോട് മാത്രമായിരുന്നുവെന്നും ഈ ദുരിതത്തിൽ നിന്നും കോൺഗ്രസിനെ കരകയറ്റണമെങ്കിൽ മണ്ഡലം കമ്മിറ്റികളും വാർഡു കമ്മിറ്റികളും പ്രവർത്തന സജ്ജമാകണമെന്നും പാലോട് രവി മുന്നറിയിപ്പ് നൽകിയതാണ്. പ്രവർത്തകരും നേതാക്കന്മാരും തമ്മിൽ ഒരു ബന്ധവുമില്ലാത്ത സ്ഥിതിയിലാണുള്ളതെന്നും പാലോട് രവി വിഷമത്തോടെ ഫോൺ സംഭാഷണത്തിൽ മനസ്സ് തുറന്നതാണ്. ഇതിൽ എന്താണ് വലിയ അപരാധമായി ഉള്ളതെന്നാണ് ഒരുപറ്റം നേതാക്കൾ ചോദിക്കുന്നത്. പാലോട് രവി തുറന്നുപറഞ്ഞത് സത്യമായ കാര്യങ്ങൾ തന്നെയാണ്. ഇപ്പോൾ ഏറ്റവും ഒടുവിൽ പാലോട് രവി അടുപ്പക്കാരുമായി സംസാരിച്ച വിവരങ്ങൾ പുറത്തുവരുന്നത് കോൺഗ്രസ് പാർട്ടിയുടെ സ്ഥിതി കൂടുതൽ വഷളാകുന്ന തരത്തിലുള്ളതാണ് എന്നാണ്. തിരുവനന്തപുരം ജില്ലയിൽ നടക്കുന്ന പാർട്ടി പരിപാടികളിലെല്ലാം റോഡ് നിറഞ്ഞു പ്രവർത്തകരെ എത്തിച്ചിട്ടുള്ള ഡിസിസി പ്രസിഡണ്ടാണ് പാലോട് രവി. സ്വന്തം പോക്കറ്റിൽ നിന്നും പണം ഇറക്കിയാണ് ഈ പരിപാടികളെല്ലാം വിജയിപ്പിച്ചിട്ടുള്ളത്. പാർട്ടിക്ക് വേണ്ടിയുള്ള തൻറെ കഴിഞ്ഞകാല കഠിനാധ്വാനങ്ങൾ ഒറ്റനിമിഷംകൊണ്ട് മറന്ന കെപിസിസി പ്രസിഡൻറ് അടക്കമുള്ള നേതാക്കളോട് ഇപ്പോൾ രവിക്ക് കടുത്ത വൈരാഗ്യമാണുള്ളത്.

തനിക്ക് തന്റെ നിരപരാധിത്വം തെളിയിക്കുവാൻ പാർട്ടി നേതൃത്വം അവസരം തന്നില്ലെങ്കിൽ കോൺഗ്രസിൽ നിന്നു രാജിവെക്കുന്ന കാര്യം രവി അടുത്ത സുഹൃത്തുക്കളോട് അറിയിച്ചതായിട്ടാണ് പുറത്തുവരുന്ന വിവരങ്ങൾ. മാത്രവുമല്ല സിപിഐയുടെ തിരുവനന്തപുരത്തെ നേതാക്കളുമായും പാർട്ടി സെക്രട്ടറി ബിനോയ് വിശ്വവുമായിട്ടും വലിയ അടുപ്പം സൂക്ഷിക്കുന്ന കോൺഗ്രസ് നേതാവാണ് പാലോട് രവി. കോൺഗ്രസ് വിട്ടാൽ സി പി ഐ വലിയ പദവി നൽകി രവിയെ സ്വീകരിക്കും എന്നുള്ള ഊഹങ്ങളും പുറത്തുവരുന്നുണ്ട്. കോൺഗ്രസ് പാർട്ടിയുടെ കേരളഘടകത്തിൽ നിരന്തരം ഉയർന്നുവരുന്ന ഓരോ പ്രതിസന്ധികളും നേതൃത്വത്തിന് പരിഹരിക്കാൻ കഴിയാത്ത രീതിയിലേക്ക് വളരുന്നു എന്നാണ് മുസ്ലിം ലീഗ് അടക്കമുള്ള യുഡിഎഫ് ഘടകകക്ഷികൾ ആക്ഷേപമായി പറയുന്നത്. ഏതായാലും പാലോട് രവി വിഷയം കോൺഗ്രസിൽ വലിയ പൊട്ടിത്തെറിക്ക് അവസരം ഒരുക്കും എന്നാണ് രാഷ്ട്രീയ നിരീക്ഷകറുടെ അഭിപ്രായം.