വർഷങ്ങളോളം ഇന്ത്യ ഭരിച്ചവരും, ഇന്ത്യ കണ്ട ഏറ്റവും വലിയ നേതാക്കൾ വളർത്തിയതുമായ ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന പാർട്ടിയെ രണ്ട് പതിറ്റാണ്ടിന്റെ പ്രവർത്തനങ്ങൾ കൊണ്ട് തോൽപ്പിച്ച് മൂലയ്ക്കിരുത്തി രാജ്യഭരണം കൈക്കലാക്കിയ പാർട്ടിയാണ് ഭാരതീയ ജനതാ പാർട്ടി എന്ന ബിജെപി.
രാജ്യത്തിൻറെ ഭരണം പിടിച്ചെടുക്കാൻ എല്ലാ രാഷ്ട്രീയ തന്ത്രങ്ങളും വിജയകരമായി നടപ്പിലാക്കിയെടുത്തത് പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉറ്റ മിത്രമായ ആഭ്യന്തരമന്ത്രി അമിത് ഷായും ചേർന്നുകൊണ്ടാണ്. സ്വാതന്ത്ര്യത്തിനു ശേഷം ലോകസഭാ തിരഞ്ഞെടുപ്പുകൾ കഴിഞ്ഞ ഫലം പുറത്തുവരുമ്പോൾ കോൺഗ്രസ് പാർട്ടിക്ക് മാത്രം നേടിയെടുക്കാൻ കഴിയുമായിരുന്ന വലിയ ഭൂരിപക്ഷം സ്വന്തമാക്കി കൊണ്ടാണ് 11 വർഷം മുൻപ് നരേന്ദ്രമോദി ഇന്ത്യയുടെ പ്രധാനമന്ത്രി ആയത്. അന്ന് പാർട്ടിയെ നയിച്ചിരുന്നത് ദേശീയ പ്രസിഡണ്ട് കൂടിയായ അമിത് ഷാ ആയിരുന്നു. ഈ രണ്ടുപേരും ചേർന്നുള്ള അത്ഭുതകരമായ കൂട്ടുകെട്ട് വഴി 11 വർഷം കൊണ്ട് രാജ്യത്തിൻറെ മുക്കിലും മൂലയിലും സ്വന്തം പാർട്ടിക്ക് ശക്തി ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞു. അങ്ങനെ ദേശീയതലത്തിൽ മൂന്നോ നാലോ സംസ്ഥാനങ്ങളിൽ ഒഴികെ എല്ലായിടത്തും സംസ്ഥാന സർക്കാരും രാജ്യഭരണവും നിലനിർത്തുന്ന പാർട്ടിയാണ് ഇപ്പോൾ ബിജെപി. ഇത്രയും ശക്തി പ്രാപിച്ചെങ്കിലും ഇനിയും സ്വന്തം പാർട്ടിക്ക് കൂടുതൽ കൂടുതൽ വളർച്ച ഉണ്ടാക്കിയെടുക്കാൻ ആരെയും വെട്ടിവിഴുത്തുന്ന തന്ത്രങ്ങളാണ് ഇരുവരും പയറ്റിക്കൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് കേരളത്തിൽ മാത്രം വലിയ പ്രശ്നമായി നിലനിൽക്കുന്ന ഒരു സംഭവം ഛത്തീസ്ഗഡിൽ ഉണ്ടായത്. അവിടെ പ്രവർത്തിച്ചുവരുന്ന രണ്ട് കന്യാസ്ത്രീകളെ മതപരിവർത്തനത്തിൻ്റെ പേരിൽ കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്യുകയും ജയിലിലാക്കുകയും ചെയ്തത്. ഈ സംഭവത്തിന്റെ പേരിൽ കേരളത്തിലെ ക്രിസ്തീയ സഭകളുടെ മേധാവിമാരെല്ലാം വലിയ തോതിൽ പ്രതിഷേധവുമായി ഇപ്പോൾ രംഗത്തുണ്ട്. ചത്തീസ്ഗഡ് ഭരിക്കുന്നത് ബിജെപി ആണ്. കന്യാസ്ത്രീകളെ മതവിദ്വേഷത്തിന്റെ പേരിൽ കുടുക്കി എന്നൊക്കെയാണ് ക്രിസ്തീയ സഭ മേധാവികൾ പറയുന്നത്. എന്നാൽ അവിടെയുള്ള ബിജെപി ഭരണകൂടവും മറ്റു നേതാക്കളും ഇത് അംഗീകരിക്കുന്നില്ല. കേരളത്തിൽ നിന്നും പാർലമെൻറ് അംഗങ്ങളടക്കം എല്ലാ പാർട്ടിയിലും പെട്ടവർ ഛത്തീസ് ഗഡിൽ എത്തി പ്രശ്നപരിഹാരത്തിന് ശ്രമം നടത്തിയെങ്കിലും കേസ് കോടതിയിൽ എത്തിയതോടുകൂടി പരിഹാരമാർഗ്ഗങ്ങളില്ലാത്ത സ്ഥിതിയിലായി. ഉത്തരേന്ത്യ മുഴുവൻ ബിജെപിയുടെ നിയന്ത്രണത്തിലുള്ളതിനാൽ ആരാണ് ഇതിന് പിന്നിൽ കളിച്ചിട്ടുള്ളത് എന്ന കാര്യം ആരും തലപുകഞ്ഞു ആലോചിക്കേണ്ട കാര്യമില്ല.
അതുകൊണ്ടുതന്നെ ബിജെപിയുടെ അടിത്തറ എന്ന് പറയുന്ന സംഘപരിവാർ ശക്തികൾ എന്തു തീരുമാനിക്കുന്നുവോ അത് നടപ്പിലാക്കും എന്നതാണ് ഇപ്പോഴത്തെ സ്ഥിതി. കഴിഞ്ഞ രണ്ടു വർഷത്തെ കേരളത്തിലെ വിവിധ ക്രിസ്തീയ സഭകളുടെ മേധാവികളും ബിഷപ്പുമാരും കർദിനാൾമാരും വൈദികരും കന്യാസ്ത്രീകളും ഒക്കെ സ്വീകരിച്ച അവസരവാദപരമായ നിലപാടുകളുടെ തിരിച്ചടിയാണ് യഥാർത്ഥത്തിൽ ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ബിജെപി കേന്ദ്രത്തിൽ അധികാരത്തിൽ വന്നശേഷം അവർക്ക് തുടർഭരണം കിട്ടിയപ്പോൾ സഭാ മേധാവികളെല്ലാം ബിജെപി നേതാക്കളുടെയും പ്രധാനമന്ത്രിയുടെയും പിറകെ നടക്കുന്ന സ്ഥിതിയുണ്ടായി. ബിജെപിയെ പരസ്യമായി തന്നെ പിന്തുണയ്ക്കുവാനും രാജ്യത്തിൻറെ രക്ഷ മാത്രമല്ല ന്യൂനപക്ഷ മത വിഭാഗങ്ങളുടെയെല്ലാം സംരക്ഷണം ഉറപ്പാക്കുന്നത് ബിജെപി ഭരണകൂടം ആണെന്ന് വരെ പരസ്യമായി പ്രസ്താവിച്ച ബിഷപ്പുമാർ കേരളത്തിലുണ്ട്. ഇപ്പോൾ വ്യാപകമായി പറഞ്ഞുകൊണ്ടിരിക്കുന്ന കേക്കും ചായ സൽക്കാരവും ഒക്കെ നടക്കാത്ത കാര്യങ്ങളല്ല. ബിഷപ്പുമാരുടെ അരമനകളിലേക്ക് ഒന്നിന് പുറകെ ഒന്നായി ബിജെപി നേതാക്കൾ ഓടി ചെല്ലുകയും അവരെ സ്വീകരിക്കാൻ കർദിനാൾമാരും ബിഷപ്പുമാരും കാവൽ നിൽക്കുന്നതുമൊക്കെ കേരളീയർ കണ്ടതാണ്. കേരളത്തിലെ ക്രിസ്തുമത വിശ്വാസികളിൽ ബിജെപി അനുഭാവതരംഗം ഉണ്ടാകുന്നു എന്നത് പരസ്യമായ കാര്യമാണ്. ഇതിന് തെളിവായി ഒരു കാര്യം മാത്രം പരിശോധിച്ചാൽ മതി.
യാതൊരുവിധ വിജയസാധ്യതയുമില്ലാത്ത തൃശ്ശൂർ ലോകസഭാ മണ്ഡലത്തിൽ സുരേഷ് ഗോപി എന്ന ബിജെപി സ്ഥാനാർഥി വലിയ ഭൂരിപക്ഷത്തിൽ ജയിച്ചതിന് പിന്നിൽ ക്രിസ്തുമത വിശ്വാസികളുടെ വോട്ടല്ലാതെ മറ്റൊരു കാരണവുമില്ല. തൃശ്ശൂർ ലോകസഭാ മണ്ഡലം ഹൈന്ദവ മേധാവിത്വമുള്ള മണ്ഡലമാണ്. എന്നിട്ടും അവിടെ മുൻകാലങ്ങളിൽ ഒരു ബിജെപി സ്ഥാനാർത്ഥിക്കും ജയിക്കാൻ കഴിഞ്ഞിട്ടില്ല എന്ന് മാത്രമല്ല തെരഞ്ഞെടുപ്പുകളിൽ മൂന്നാം സ്ഥാനത്തേക്കും നാലാം സ്ഥാനത്തേക്കും ഒക്കെ തള്ളപ്പെട്ട ചരിത്രമാണ് ഉണ്ടായിട്ടുള്ളത്. അവിടെയാണ് മാതാവിന് സ്വർണ്ണ കിരീടം സമ്മാനിച്ചു എന്നതിൻറെ പേരിൽ ക്രിസ്തീയ സഭയും വിശ്വാസികളും സുരേഷ് ഗോപിക്ക് സിന്ദാബാദ് വിളിക്കാൻ ഇറങ്ങിയത്. ഛത്തീസ്ഗഡിൽ സേവന പ്രവർത്തനം നടത്തുന്ന കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തു ജയിലിൽ ഇടുകയും ജാമ്യം പോലും കൊടുക്കാത്ത വിധത്തിൽ കേസിൽ ഇടപെടുകയും ചെയ്ത അവിടുത്തെ ബിജെപി സർക്കാർ നിലപാട് നരേന്ദ്ര മോദിയും അമിത് ഷായും അറിയാത്തതല്ല. ഇപ്പോൾ ബിജെപി വിരുദ്ധ മുദ്രാവാക്യവും ജാഥയും നടത്തുന്ന ക്രിസ്തുമത മേധാവികൾ സ്വന്തമായി ഉണ്ടാക്കി വച്ച പാകപ്പിഴകളുടെ ശിക്ഷയാണ് അനുഭവിക്കുന്നത്. കേരളത്തിൽ ക്രിസ്തുമത വിശ്വാസികളുടെ സമരത്തിനൊപ്പം പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളും മറ്റു മതസ്ഥരുമൊക്കെ കൂടിയിട്ടുണ്ട്. ഇതൊന്നും കണ്ട് ഒരു ചുക്കും സംഭവിക്കാൻ പോകുന്നില്ല എന്നതാണ് വസ്തുത. ക്രിസ്തീയ സഭാ മേധാവികൾ മനസ്സിലാക്കാത്ത രാഷ്ട്രീയ തന്ത്രങ്ങൾ പയറ്റി തെളിഞ്ഞവരാണ് നരേന്ദ്രമോദിയും അമിത് ഷായും. രാജ്യത്ത് ബിജെപിക്ക് സ്വാധീനവും ഭരണവും നേടിയെടുക്കാൻ കഴിയണമെങ്കിൽ ഇന്ത്യയിലെ ഭൂരിപക്ഷ മതവിഭാഗമായ ഹൈന്ദവ വിഭാഗത്തിൻറെ പിന്തുണ വേണം എന്ന് മോദിക്ക് വളരെ കൃത്യമായിട്ടറിയാം. അതുകൊണ്ടുതന്നെ ഹൈന്ദവ മതവിഭാഗത്തിന്റേതായ ഏതെങ്കിലും ഒരു ചെറു വിഭാഗത്തിന് പോലും ഇഷ്ടക്കേടുള്ള ഒന്നും ചെയ്യുവാൻ കേന്ദ്രസർക്കാർ തയ്യാറാവില്ല. കേരളത്തിലെ ക്രിസ്തുമത വിശ്വാസികളായ കന്യാസ്ത്രീകളാണ് ജയിലിൽ കിടക്കുന്നത്. അവരെ തുറന്നു വിട്ടതുകൊണ്ട് കേരളത്തിൽ നിന്നും രാജ്യം ഭരിക്കുന്ന ബിജെപി എന്ന പാർട്ടിക്ക് കാര്യമായി ഒരു ലാഭവും ഉണ്ടാവില്ല എന്ന് ബിജെപി നേതൃത്വത്തിന് തിരിച്ചറിവുണ്ട്. കേരളത്തിലെ ബിജെപി നേതാക്കൾ ഇപ്പോൾ ഭരണം പിടിക്കും എന്നൊക്കെ പറയുന്നുണ്ടെങ്കിലും പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ഇതൊക്കെ വെറും തമാശ മാത്രമായിട്ടാണ് കാണുന്നത്.
കേരളത്തിൽ ബിജെപി നേതാക്കളുടെ കയ്യിലിരിപ്പ് കൊണ്ടാണ് ഇവിടെ പാർട്ടി വളരാത്തത് എന്ന വിവരം പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും ഉണ്ട്. ഇതു സംബന്ധിച്ച കൃത്യമായ വിവരങ്ങൾ കേരളത്തിലെ ആർ എസ് എസ് നേതാക്കൾ ഡൽഹിയിൽ എത്തിക്കുന്നുമുണ്ട്.
ഛത്തീസ്ഗഡിൽ ജയിലിൽ കിടക്കുന്ന കന്യാസ്ത്രീകളുടെ പേരിൽ പോലീസ് ചുമത്തിയിരിക്കുന്ന കുറ്റം എന്നത്, അവിടെ ആദിവാസികളുടെ കേന്ദ്രത്തിൽ നിന്നും പാവങ്ങളെ വിളിച്ചു മതം മാറ്റത്തിന് ശ്രമം നടത്തി എന്നതാണ്. ഈ പരാതി തന്നെയാണ് അവിടെയുള്ള ഹൈന്ദവ സംഘടനയായ ബജരംഗദൾ പ്രവർത്തകരും പറയുന്നത്. ഇതിനോട് ആർഎസ്എസുകാരും വിശ്വഹിന്ദു പരിഷത്തുകാരും എല്ലാം യോജിക്കുന്നുമുണ്ട്. അങ്ങനെയുള്ള ഒരു സ്ഥിതിവിശേഷത്തിൽ കന്യാസ്ത്രീകളെ പുറത്തിറക്കി വിട്ടാൽ അവിടെയുള്ള ഹൈന്ദവർ കേന്ദ്രസർക്കാരിനും ചത്തീസ്ഗഡിലെ ബിജെപി സർക്കാരിനുമെതിരെ തിരിയുക മാത്രമല്ല പിന്നീട് ഇതിനെ സംബന്ധിച്ച് ബിജെപി എന്ന പാർട്ടിക്ക് ക്ഷീണം ഉണ്ടാവും എന്നുറപ്പുണ്ട്. ഇത് ആ സംസ്ഥാനത്ത് മാത്രം ബാധിക്കുന്ന ഒരു വിഷയമായി ചുരുങ്ങിയിരിക്കുകയാണ്. ഹൈന്ദവ മേധാവിത്വമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെല്ലാം കന്യാസ്ത്രീ വിഷയം ബിജെപിയുടെ അഭിമാന പ്രശ്നമായി നിലനിൽക്കുമ്പോൾ കന്യാസ്ത്രീകൾക്ക് അനുകൂല തീരുമാനം ഉണ്ടായാൽ ഹൈന്ദവർ തിരിച്ചടിക്കും എന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും മറ്റു ബിജെപിയുടെ മുതിർന്ന നേതാക്കൾക്കും കൃത്യമായി അറിയാം. അതുകൊണ്ടാണ് സർക്കാർ സംവിധാനം ഉപയോഗപ്പെടുത്തി കന്യാസ്ത്രീകൾ സമർപ്പിച്ച ജാമ്യ അപേക്ഷ പോലും തള്ളുന്ന സാഹചര്യം ഉണ്ടാക്കിയത്. ഇപ്പോഴത്തെ അവസ്ഥയിൽ കേസ് എൻ ഐ എ കോടതിയിൽ എത്തും. ആ കോടതിയിൽ കേസിന്മേൽ വിചാരണ തുടങ്ങണമെങ്കിൽ തന്നെ മാസങ്ങളോ വർഷങ്ങളോ എടുത്തെന്നു വരാം. അങ്ങനെയാണെങ്കിൽ ഈ കാലമത്രയും കന്യാസ്ത്രീകൾ ജയിലിൽ കിടക്കേണ്ടതായി വരും. ഇപ്പോൾ കന്യാസ്ത്രീകളുടെ പേരിൽ രോഷം കൊണ്ട് തിളച്ചു മറിയുന്ന ക്രിസ്തീയ സഭ മേധാവികളും മറ്റും വെറും മണ്ടന്മാർ മാത്രമായിരുന്നു എന്നുകൂടി തെളിയിക്കുന്നതാണ് ഇപ്പോഴത്തെ സംഭവങ്ങൾ. കേരളത്തിലെ ക്രിസ്ത്യാനികൾ എന്ന് പറഞ്ഞാൽ റബ്ബർ കർഷകർ മാത്രമാണെന്നും റബ്ബറിന് തറവില നിശ്ചയിച്ചാൽ, കേരളത്തിൽ നിന്നും ബിജെപിയുടെ ഒരു എംപിയെ ഞങ്ങൾ ജയിപ്പിച്ചു വിടും എന്ന് വരെ വീരവാദം പറഞ്ഞ ബിഷപ്പും കേരളത്തിലുണ്ട്. ബിജെപി എന്ന പാർട്ടി വർഗീയ പാർട്ടി അല്ലെന്നും യഥാർത്ഥ സോഷ്യലിസ്റ്റുകളും മതേതരവാദികളുമാണെന്നൊക്കെ പറഞ്ഞു നടന്നതും ബിഷപ്പുമാരും മതമേധാവികളും ഒക്കെയാണ്.
ഇപ്പോൾ സ്വന്തം നെഞ്ചിൽ കത്തി മുന ഉയർത്തി നിൽക്കുന്ന സ്ഥിതി വന്നപ്പോഴാണ് മതമേധാവികൾ എല്ലാം വീണ്ടു വിചാരത്തിലേക്ക് എത്തിയിരിക്കുന്നത്. എന്നാൽ വസ്തുതകൾ പരിശോധിച്ചാൽ എല്ലാം വൈകിപ്പോയി എന്ന് പറയുന്നതായിരിക്കും ശരി. രാജ്യത്തെ മൊത്തമായി പരിശോധിക്കുമ്പോൾ കേരളം എന്നത് വെറും ചെറിയൊരു പ്രദേശം മാത്രമാണെന്നും കേരളം വിചാരിച്ചാൽ രാജ്യഭരണത്തിന് ഒരു സഹായവും ചെയ്യാൻ കഴിയില്ലെന്നും ബിജെപിക്ക് നല്ല ഉറപ്പുണ്ട്. അതുകൊണ്ടുതന്നെ ദേശീയ രാഷ്ട്രീയത്തിൽ ബിജെപി എത്തിയിട്ടുള്ള ഉയരങ്ങൾ ഉറപ്പിച്ചു നിർത്താൻ രണ്ടു കന്യാസ്ത്രീകളെ ബലിയാടാക്കാൻ ബിജെപി നേതൃത്വത്തിന് ഒരു മടിയും ഉണ്ടാകണമെന്നില്ല. കേരളത്തിലെ ക്രിസ്തുമത മേധാവികളും അവരുടെ വാക്കുകേട്ട വിശ്വാസികളും സ്വയം കുഴിതോണ്ടിയിരിക്കുന്നു എന്നു പറയുന്നതായിരിക്കും ശരി..