ഇനി അടി യൂത്ത് കോൺഗ്രസിൽ

ചെന്നിത്തലയ്ക്കും എ ഗ്രൂപ്പിനും വൻ തിരിച്ചടി

മാസങ്ങൾ നീണ്ട ചർച്ചകൾക്ക് ഒടുവിൽ സംസ്ഥാന യൂത്ത് കോൺഗ്രസ് പ്രസിഡണ്ടിനെ പ്രഖ്യാപിച്ചു. തൃശൂർ സ്വദേശിയായ ഒ ജെ ജനീഷ് ആണ് പുതിയ പ്രസിഡൻറ്. സംസ്ഥാന പ്രസിഡൻറ് സ്ഥാനത്തേക്ക് മുൻഗണനയിൽ പരിഗണിച്ചിരുന്ന അബിൻ വർക്കിയെ കേന്ദ്ര നേതൃത്വത്തിലേക്ക് നിയമിച്ചുകൊണ്ട് ഒതുക്കി ഇരിക്കുകയാണ്. ഇത് രമേശ് ചെന്നിത്തല നയിക്കുന്ന ഗ്രൂപ്പിന് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയത്. ഇതിനേക്കാൾ ഭീകരമായ നഷ്ടം ഉണ്ടായത് വലിയ പ്രതാപത്തിൽ നിന്നിരുന്ന കോൺഗ്രസിലെ എ ഗ്രൂപ്പിനാണ്. കഴിഞ്ഞ 15 വർഷക്കാലമായി യൂത്ത് കോൺഗ്രസും കെ എസ് യു വും കേരളത്തിലെ കോൺഗ്രസിലെ എ വിഭാഗക്കാർ കയ്യടക്കി വെച്ചിരുന്നതാണ്. ഈ ഗ്രൂപ്പിനെ നയിച്ചിരുന്ന ഉമ്മൻചാണ്ടിയുടെ മരണശേഷം കേരളത്തിൽ എ ഗ്രൂപ്പ് നാഥനില്ലാ കളരിയായി പോവുകയാണ് ചെയ്തത്. ഏതായാലും യൂത്ത് കോൺഗ്രസ് പ്രസിഡണ്ടായി പുതിയ ആളെ നിയമിച്ച പ്രഖ്യാപനം വന്നതോടുകൂടി യൂത്ത് കോൺഗ്രസിനകത്ത് തമ്മിലടി രൂക്ഷമായിരിക്കുകയാണ്. വലിയ പ്രതിഷേധവും ആയിട്ടാണ് പ്രസിഡൻറ് സ്ഥാനം മോഹിച്ചിരുന്ന അബിൻ വർക്കി രംഗത്തിറങ്ങിയിരിക്കുന്നത്.

കേരളത്തിലെ കോൺഗ്രസ് പാർട്ടിക്കുള്ളിൽ നിലനിന്നിരുന്ന വിവിധ ഗ്രൂപ്പുകളെ എല്ലാം തഴഞ്ഞുകൊണ്ട് സ്വന്തം ഗ്രൂപ്പിന് കരുത്ത് പകരുന്നതിന് വേണ്ടി യൂത്ത് കോൺഗ്രസ് പ്രസിഡണ്ടിനെ സ്വയം തീരുമാനിച്ച ദേശീയ സെക്രട്ടറി കെ.സി വേണുഗോപാലിനെതിരെയാണ് കൂടുതൽ പ്രതിഷേധങ്ങളും ഉയരുന്നത്. വേണുഗോപാൽ ഷാഫി പറമ്പിൽ കൂട്ടുകെട്ടിന്റെ കളികളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. പ്രതിപക്ഷ നേതാവായ വി ഡി സതീശനെ പോലും കാര്യമായി പരിഗണിക്കാതെയാണ് സംഘടന ചുമതലയുള്ള കോൺഗ്രസിന്റെ ദേശീയ സെക്രട്ടറി വേണുഗോപാൽ കേരള കാര്യങ്ങളിൽ തീരുമാനങ്ങൾ പ്രഖ്യാപിക്കുന്നത്. യൂത്ത് കോൺഗ്രസ് പ്രസിഡന്റിന്റെ പ്രഖ്യാപനം വന്നതോടുകൂടി യൂത്ത് കോൺഗ്രസിനകത്ത് വലിയ പ്രതിസന്ധി ഉണ്ടാകും എന്നാണ് പറയപ്പെടുന്നത്. സ്ത്രീപീഡന പരാതികളിൽ പെട്ട യൂത്ത് കോൺഗ്രസ് പ്രസിഡൻറ് രാഹുൽ മാങ്കൂട്ടത്തിൽ കോൺഗ്രസിൽ നിന്നും പുറത്താക്കപ്പെട്ടപ്പോൾ യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് സ്ഥാനവും ഒഴിവായിരുന്നു. ഇതേ തുടർന്നാണ് പുതിയ പ്രസിഡണ്ടിനെ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.

കേരളത്തിൽ രണ്ടു പ്രധാന തെരഞ്ഞെടുപ്പുകൾ മുന്നിലെത്തിയിരിക്കുന്ന അവസരത്തിലാണ് കോൺഗ്രസിൻറെ ശക്തികേന്ദ്രമായ യൂത്ത് കോൺഗ്രസിനകത്ത് ഭിന്നിപ്പ് കടുത്തിരിക്കുന്നത്. മുതിർന്ന കോൺഗ്രസ് നേതാക്കൾ പലരും വിഷയത്തിൽ പ്രതികരിക്കാതെ ഒഴിഞ്ഞ് മാറുന്നുണ്ടെങ്കിലും ഈ നേതാക്കൾ തന്നെ വേണുഗോപാലിൻറെ കേരള കാര്യത്തിലുള്ള ഇടപെടലുകളിൽ അതിർത്തി രേഖപ്പെടുത്തുന്നുണ്ട്. കേരളത്തിലെ മുതിർന്ന നേതാക്കളുമായി കൂടിയാലോചന നടത്താതെയാണ് കോൺഗ്രസ് പ്രസിഡണ്ടിനെ പ്രഖ്യാപിച്ചത്. കഴിഞ്ഞ യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ പ്രസിഡണ്ടായ രാഹുൽ മാങ്കൂട്ടത്തിൽ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചിരുന്ന ആളായിരുന്നു അബിൻ വർക്കി. അങ്ങനെയാണ് അദ്ദേഹം സംസ്ഥാന വൈസ് പ്രസിഡൻറ് ആയത്. പുതിയ യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് ജനീഷിന് ആ തെരഞ്ഞെടുപ്പിൽ ഏറ്റവും കുറവ് വോട്ട് കിട്ടിയ ആളായിരുന്നു. അങ്ങനെ ഒരാളെ ഇപ്പോൾ പ്രസിഡണ്ട് ആക്കിയത് എന്ത് മാനദണ്ഡം വെച്ചുകൊണ്ടാണ് എന്നാണ് ചെന്നിത്തല വിഭാഗവും, എ വിഭാഗക്കാരും ചോദിച്ചുകൊണ്ടിരിക്കുന്നത്. ഏതായാലും വലിയ തിരിച്ചടി ഏറ്റുവാങ്ങിയ ചെന്നിത്തല ഗ്രൂപ്പും പഴയ എ ഗ്രൂപ്പ് നേതാക്കളും ഒറ്റക്കെട്ടായി നീങ്ങുവാനും കെ സി വേണുഗോപാൽ – ഷാഫി പറമ്പിൽ കൂട്ടുകെട്ടിന്റെ ഏകാധിപത്യം തകർക്കാനും നീക്കങ്ങൾ ആരംഭിച്ചതായിട്ടാണ് അറിയുന്നത്.