തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് മുന്നിൽ എത്തിനിൽക്കുമ്പോൾ പതിവിന് വിരുദ്ധമായി ഇടതുമുന്നണിയെ നയിക്കുന്ന പ്രധാന കമ്മ്യൂണിസ്റ്റ് പാർട്ടികളായ സിപിഎമ്മിലും സിപിഐ യിലും വലിയ പൊട്ടിത്തെറികൾ നടന്നുകൊണ്ടിരിക്കുന്നു. രണ്ട് പാർട്ടികളിലും ജില്ലാ കമ്മിറ്റികളിൽ മുതൽ ബ്രാഞ്ച് കമ്മിറ്റികളിൽ വരെ സ്ഥാനാർത്ഥികൾ സംബന്ധിച്ച തർക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. പാർട്ടി നേതൃത്വം പല സ്ഥലങ്ങളിലും കൂടിയാലോചനകൾ ഇല്ലാതെ ഏകപക്ഷീയമായി സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നതാണ് സിപിഎമ്മിന് തലവേദനയായി മാറിയിരിക്കുന്നത്. എന്നാൽ സിപിഐ, സ്ഥാനാർത്ഥി വിഷയത്തിൽ മാത്രമല്ല പല കാരണങ്ങളുടെ പേരിൽ ആഭ്യന്തര കലാപത്തിൽ കുടുങ്ങി നിൽക്കുകയാണ്. തലസ്ഥാന ജില്ലയിൽ അടക്കം സിപിഎമ്മിന്റെ തദ്ദേശ ഭരണസമിതി അംഗങ്ങൾ സിപിഎം വിട്ട് മറ്റു പാർട്ടികളിലേക്ക് പോകുന്ന വാർത്തകൾ തുടരുന്നത് നേതാക്കൾക്ക് അങ്കലാപ്പ് ഉണ്ടാക്കുന്നുണ്ട്. മറിച്ച് സിപിഐയിൽ ആകട്ടെ മുന്നണിക്ക് നേതൃത്വം കൊടുക്കുന്ന വലിയേട്ടൻ ആയ സിപിഎമ്മിന്റെ ഒതുക്കൽ നീക്കങ്ങളാണ് പ്രശ്നം ഉണ്ടാക്കുന്നത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഐക്ക് ലഭിച്ചിരുന്ന സീറ്റുകൾ മധ്യകേരളത്തിലെ പല ജില്ലകളിലും വെട്ടിക്കുറയ്ക്കുന്ന സിപിഎം തന്ത്രമാണ് സിപിഐയിൽ പ്രതിസന്ധി ഉണ്ടാക്കുന്നത്.
ഇടതുമുന്നണിയെ നയിക്കുന്ന പിണറായി വിജയനും സിപിഎം നേതാക്കളും മുന്നണിയിലെ മൂന്നാമത്തെ വലിയ ഘടകകക്ഷിയായ മാണി കേരള കോൺഗ്രസിന് വലിയ പ്രാധാന്യം നൽകിവരുന്നതിൽ സിപിഐക്ക് കടുത്ത അമർഷം ഉണ്ട്. കോട്ടയം, ഇടുക്കി, പത്തനംതിട്ട, കണ്ണൂർ ജില്ലകളിൽ സിപി ഐ ക്ക് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ നൽകിയ സീറ്റുകളിൽ തോൽവി ഉണ്ടായ സീറ്റുകൾ സിപിഐ യിൽ നിന്നും പിടിച്ചു വാങ്ങി മാണി കേരള കോൺഗ്രസിന് നൽകുവാനുള്ള നീക്കങ്ങൾ സിപിഎം ജില്ലാ നേതൃത്വം നടത്തുന്നുണ്ട്. ഇതിൽ പ്രതിഷേധിച്ചുകൊണ്ടാണ് സിപിഐയിൽ കലഹം ഉയർന്നിരിക്കുന്നത്. സിപിഎമ്മിന്റെ വെട്ടി നിരത്തൽ നീക്കത്തിനെതിരെ സിപിഐയുടെ ജില്ലാ – സംസ്ഥാന നേതൃത്വം ഇതുവരെ യാതൊരു ഇടപെടലും നടത്താത്തതിൽ പ്രതിഷേധിച്ചുകൊണ്ട് പല ജില്ലകളിലും സിപിഐ പ്രവർത്തകർ പാർട്ടി വിടുന്നതിന് തീരുമാനമെടുത്തു കൊണ്ടിരിക്കുകയാണ്.
ഇടതുമുന്നണിയുടെ മൂന്നാം സർക്കാർ ഉറപ്പായും ഉണ്ടാകും എന്ന് പ്രചരിപ്പിച്ചു കൊണ്ടാണ് ഇടതുമുന്നണി നേതാക്കൾ മുന്നോട്ടുപോകുന്നത്. എന്നാൽ ശബരിമലയിലെ സ്വർണ്ണ കൊള്ള കേസിൽ സിപിഎമ്മിന്റെ നേതാക്കൾ പ്രതികളായി വരുന്നത് പാർട്ടിക്ക് തലവേദനയായി മാറിയിരിക്കുകയാണ്. സിപിഎം പ്രവർത്തകർ ഇതിൽ വലിയ ആശങ്ക ഉയർത്തുന്നുമുണ്ട്. ഇതിനിടയിലാണ് വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ടു പി.എം ശ്രീ പദ്ധതിയിലെ സിപിഎം സിപിഐ തർക്കങ്ങൾ നിലനിൽക്കുന്നത്. പദ്ധതിക്കെതിരെ നിലപാട് എടുത്ത് സിപിഐക്ക് മുഖ്യമന്ത്രി വരെ പദ്ധതി നടപ്പിലാക്കില്ല എന്ന് ഉറപ്പ് നൽകിയിരുന്നതാണ്. എന്നാൽ ഇത് സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി ഒരു മേൽ നടപടിയും ഇതുവരെ സ്വീകരിക്കാത്തതിൽ സിപിഐ നേതൃത്വത്തിന് വലിയ എതിർപ്പ് ഉണ്ട്. ഇതും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കത്തിനുള്ള ഇടതുമുന്നണിയുടെ പ്രവർത്തനങ്ങൾക്ക് മരവിപ്പ് ഉണ്ടാക്കിയിരിക്കുകയാണ്. പല ജില്ലകളിലും സിപിഎം – സിപിഐ പ്രവർത്തകർ പാർട്ടി വിടുന്ന വാർത്തകൾ പുറത്തുവരുന്നത് സിപിഎം നേതാക്കൾ ഗൗരവത്തോടെ കാണുന്നുണ്ട്. എന്നാൽ ഇടതുമുന്നണിയിലെ ഘടക കക്ഷികൾക്ക് മാന്യമായ പരിഗണന നൽകാതെ മന്ത്രിസഭയിലെ കൂട്ട് ഉത്തരവാദിത്വം പോലും ഇല്ലാത്ത പ്രവർത്തനം തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയെ ബാധിക്കും എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.