കോടിക്കണക്കിന് വിശ്വാസികളുടെ അഭയമായ ശബരിമല ധർമ്മശാസ്താവ് സിപിഎമ്മിന്റെ ഉറക്കം കെടുത്തുന്ന വാർത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ശാസ്താവിന്റെ സ്വത്തായ സ്വർണ്ണ പാളികൾ തട്ടിക്കൊണ്ടുപോയി കച്ചവടം നടത്തിയ സിപിഎം നേതാക്കളായ മുൻ ദേവസ്വം പ്രസിഡന്റുമാരെ അടക്കം ജയിലിൽ അടയ്ക്കുന്നതിനുള്ള തീരുമാനമാണ് അയ്യപ്പസ്വാമി എടുത്തിട്ടുള്ളത് എന്നാണ് വിശ്വാസികളെല്ലാം ഇപ്പോൾ പറഞ്ഞുകൊണ്ടിരിക്കുന്നത്. ഭരണത്തിൻറെ തണലിൽ ശബരിമല ക്ഷേത്രത്തിൻറെ അധികാരികളായ തിരുവിതാംകൂർ ദേവസ്വം ബോർഡിൻറെ പ്രസിഡണ്ടു കസേരയിൽ കയറിയവരെല്ലാം അയ്യപ്പനെ കബളിപ്പിച്ചു കോടീശ്വരന്മാരാകുന്ന വാർത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ശബരിമല ക്ഷേത്ര ശ്രീകോവിലിൽ പതിച്ചിരുന്ന സ്വർണ്ണപ്പാളികൾ കിലോ കണക്കിനായി തട്ടിയെടുത്ത് പുറത്തുകൊണ്ടുപോയി വിൽപ്പന നടത്തിയ സംഭവമാണ് ശബരിമല അയ്യപ്പസ്വാമിയെ കോപിപ്പിച്ചിരിക്കുന്നത് എന്നും അയ്യപ്പ വിശ്വാസികൾ കരുതുകയാണ്. ഏതായാലും ഭരണത്തിൻറെ മറവിൽ ദേവസ്വം ബോർഡ് മേധാവികളായി മാറിയവർ അയ്യപ്പനെ കബളിപ്പിച്ചതിന്റെ തിരിച്ചടി ഇപ്പോൾ അവർക്കു മാത്രമല്ല ഭരണത്തിലിരിക്കുന്ന ഇടതുമുന്നണിയെ മൊത്തത്തിൽ ബാധിച്ചിരിക്കുന്നു എന്നാണ് വ്യക്തമാകുന്നത്.
ശബരിമല സ്വർണ്ണ പാളി കേസിന്മേൽ അന്വേഷണം നടത്തുന്നത് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം ആണ്. ഈ ടീമിനെ നിയോഗിച്ചിട്ടുള്ളത് കേരള ഹൈക്കോടതിയാണ്. അതുകൊണ്ട് തന്നെ ഏതെങ്കിലും തരത്തിൽ ഭരണത്തിൻറെ സ്വാധീനം ഉപയോഗിച്ച് കുറ്റവാളികളെ രക്ഷപ്പെടുത്താൻ കഴിയാത്ത സ്ഥിതിയും ഭരണകൂടത്തിന് ഉണ്ട്. അന്വേഷണസംഘം മുൻ ദേവസ്വം ബോർഡ് പ്രസിഡൻറ്മാർ നടത്തിയ സ്വർണക്കൊള്ള യിലെ പങ്കാളിത്തം കൃത്യമായും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത്തരം കാര്യങ്ങൾ വ്യക്തമാക്കി ഹൈക്കോടതിക്ക് അന്വേഷണസംഘം റിപ്പോർട്ടും കൈമാറി കഴിഞ്ഞു. റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുള്ള സംഭവങ്ങൾക്കുള്ള തെളിവുകൾ പൂർണമായും ശേഖരിക്കുന്നതിനുള്ള നടപടിയിലാണ് അന്വേഷണസംഘം. ഒരു കാര്യം ഉറപ്പാണ് പിണറായി സർക്കാർ അധികാരത്തിൽ വന്നശേഷം തിരുവിതാംകൂർ ദേവസ്വം ബോർഡിൻറെ പ്രസിഡന്റുമാരായി നിയമിക്കപ്പെട്ട സിപിഎം നേതാക്കളായ പത്മകുമാർ, എൻ വാസു, പി എസ് പ്രശാന്ത് എന്നീ മൂന്ന് പേരും ദിവസങ്ങൾക്കുള്ളിൽ അറസ്റ്റിലാവുകയും ജയിലിലേക്ക് അടയ്ക്കപ്പെടുകയും ചെയ്യും എന്നത് ഉറപ്പാണ്. ഇതോടുകൂടി ശബരിമല സ്വർണ്ണ പാളി തട്ടിപ്പുകേസിൽ മുഴുവൻ പങ്കാളിത്തവും സിപിഎമ്മിന്റെയും പിണറായി സർക്കാരിന്റെയും ശിരസ്സിൽ വരും എന്ന കാര്യത്തിൽ ഒരു തർക്കവും ഇല്ല.സിപിഎമ്മിലെയും ഇടതുമുന്നണിയിലെയും നേതാക്കൾ ഉൾപ്പെടുന്ന കേസുകൾ ഉണ്ടായാൽ അതെല്ലാം ഒതുക്കി അവസാനിപ്പിക്കുന്നതിന് സർക്കാരിന് കഴിഞ്ഞ കാലങ്ങളിൽ കഴിഞ്ഞിട്ടുണ്ട്. എന്നാൽ ഇപ്പോൾ അതല്ല സ്ഥിതി. അന്വേഷണസംഘം ഹൈക്കോടതിയുടെ കീഴിലാണ്. മുൻ ദേവസ്വം പ്രസിഡന്റുമാരുടെ അറസ്റ്റും അവരുടെ മൊഴിയും ലഭിച്ചു കഴിഞ്ഞാൽ നിലവിലുള്ള ദേവസ്വം വകുപ്പ് മന്ത്രിയും മുൻ ദേവസ്വം മന്ത്രിയും വരെ കുടുങ്ങും എന്ന വാർത്തകളും പുറത്തുവരുന്നുണ്ട്.ഏതായാലും ശബരിമലയിലെ സ്വർണക്കൊള്ള യഥാർത്ഥത്തിൽ നേരിട്ട് ബാധിച്ചിരിക്കുന്നത് സിപിഎമ്മിനെയും ഇടതുമുന്നണിയെയും ആണ്. ഈ തട്ടിപ്പ് കേസിൻ്റെ വാർത്താപ്രാധാന്യം അവസാനിച്ചു കെട്ടടങ്ങും എന്ന പതിവ് പ്രതീക്ഷ സിപിഎം നേതാക്കൾക്ക് ഉണ്ട്. എന്നാൽ നേതാക്കളെയും നിരാശയിലാക്കുന്ന മറ്റൊരു കാര്യം തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പാണ്. തെരഞ്ഞെടുപ്പ് നടക്കുന്നതിന് കഷ്ടി ഒരു മാസം മാത്രമാണ് ഉള്ളത്. തെരഞ്ഞെടുപ്പ് വിജ്ഞാപനം വരികയും പ്രവർത്തനങ്ങൾ തുടങ്ങുകയും ചെയ്തു കഴിയുമ്പോൾ സിപിഎം നേതാക്കളായ മുൻ ദേവസ്വം പ്രസിഡന്റുമാർ അറസ്റ്റിൽ ആവുന്ന സ്ഥിതി ഉണ്ടായാൽ പാർട്ടിയെയും ഇടതുമുന്നണിയെയും വലിയ പ്രതിരോധത്തിൽ ആക്കും. ഒരുതരത്തിലും നാട്ടിൽ ഇറങ്ങി ന്യായീകരിക്കാൻ കഴിയാത്ത വിഷയമായി ശബരിമല സംഭവം മാറുകയും ചെയ്യും. തദ്ദേശ തെരഞ്ഞെടുപ്പിൽ എല്ലാ കാലത്തും വലിയ നേട്ടം കൊയ്യാറുള്ള ഇടതുമുന്നണിക്ക് ശബരിമല സ്വർണ്ണ കൊള്ളയും അതിൻറെ പേരിൽ ഉണ്ടായിട്ടുള്ള അയ്യപ്പാ കോപവും വലിയ തിരിച്ചടി ഉണ്ടാക്കും എന്നത് ഒരു സത്യം തന്നെയാണ്.