പോലീസിന് വിലങ്ങിട്ട് സുപ്രീംകോടതി

അറസ്റ്റ് ചെയ്യണോ, കാരണം എഴുതി കൊടുക്കണം..........

കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ കള്ളനാക്കുന്ന ഏർപ്പാട് കേരളത്തിൽ പുതിയ സംഭവം ഒന്നുമല്ല. സമീപകാലത്ത് തന്നെ പ്രതി എന്ന് തെറ്റിദ്ധരിച്ചു നിരപരാധികളെ അറസ്റ്റ് ചെയ്യുകയും കോടതിയിൽ ഹാജരാക്കി ജയിലിൽ കിടത്തുകയും ഒക്കെ ചെയ്ത സംഭവങ്ങൾ വാർത്തയായി പുറത്തു വന്നിട്ടുണ്ട്. ഇത്തരത്തിലുള്ള വേർപാടുകൾക്ക് തടയിട്ടു കൊണ്ട് സുപ്രീംകോടതി സുപ്രധാനമായ വിധി പുറപ്പെടുവിച്ചു. എവിടെ ഏതു പോലീസുകാരൻ ആരെ അറസ്റ്റ് ചെയ്യുന്നു എങ്കിലും അറസ്റ്റ് ചെയ്യപ്പെടുന്ന ആളിന് എന്ത് കാരണത്തിലാണ് അറസ്റ്റ് എന്ന് രേഖാമൂലം എഴുതി കൊടുക്കണം എന്ന ഉത്തരവാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഗവായും ജസ്റ്റിസ് അഗസ്റ്റിൻ ജോർജും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് പുറപ്പെടുവിച്ചിരിക്കുന്നത്. ഇതോടുകൂടി രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഏതെങ്കിലും പോലീസുകാരനും ആരോടെങ്കിലും വിരോധമുണ്ടെങ്കിൽ വീട്ടിൽ കയറി തോന്നിയത് പോലെ അറസ്റ്റ് ചെയ്തു ജയിലിൽ അടയ്ക്കുന്ന ഏർപ്പാട് ഇനി നടക്കാൻ സാധ്യതയില്ല. കാരണം ഏതു പ്രതിക്കും അറസ്റ്റ് ചെയ്യണമെങ്കിൽ കാര്യകാരണങ്ങൾ രേഖാമൂലം എഴുതിക്കൊടുക്കുന്ന നിബന്ധനയാണ് സുപ്രീംകോടതി പുറപ്പെടുവിച്ചിരിക്കുന്നത്.

 

 

 

 

 

കടുത്ത ക്രിമിനൽ നടപടി പ്രകാരം ഇത്തരത്തിലുള്ള നിർദ്ദേശങ്ങൾ മുൻപ് പ്രാബല്യത്തിൽ ഉണ്ടായിരുന്നു. എങ്കിലും അത് എല്ലാ കുറ്റകൃത്യങ്ങളിലും ബാധകമായിരുന്നില്ല. സാമ്പത്തിക കുറ്റകൃത്യങ്ങളിൽ പിടികൂടുന്നവർക്ക് മാത്രമാണ് കാരണം വ്യക്തമാക്കി രേഖ നൽകണം എന്ന നിബന്ധന ഉണ്ടായിരുന്നത്. ഈ നിബന്ധനയാണ് ഇപ്പോൾ എല്ലാ കേസുകൾക്കും സുപ്രീംകോടതി ബാധകം ആക്കിയിരിക്കുന്നത്. കുറ്റവാളി എന്ന നിഗമനത്തിൽ ഒരാളെ അറസ്റ്റ് ചെയ്യുമ്പോൾ അവിടെ വച്ച് കാരണം രേഖാമൂലം കൈമാറാൻ കഴിയാത്ത സ്ഥിതി ഉണ്ടായാൽ കോടതിയിൽ പ്രതിയെ ഹാജരാക്കുന്നതിന് മുൻപ് രേഖാമൂലം വിവരം നൽകണം എന്നും സുപ്രീംകോടതിയിൽ നിർദ്ദേശിച്ചിരിക്കുകയാണ്. മാത്രവുമല്ല പിടികൂടുന്ന പ്രതിക്ക് മനസ്സിലാകുന്ന ഭാഷയിൽ ഈ രേഖ കൈമാറണം എന്നും നിർദ്ദേശം ഉണ്ട്.
രാജ്യത്തെ ഏതൊരു പൗരനെയും കുറ്റക്കാരൻ എന്ന ധാരണയോടുകൂടി അറസ്റ്റ് ചെയ്യുന്നു എങ്കിൽ അതിൻറെ കാരണം അയാളെ ബോധ്യപ്പെടുത്താൻ നിയമപാലകർക്ക് ഉത്തരവാദിത്വം ഉണ്ട്. ഇത് നിഷേധിക്കുന്നത് ഒരു പൗരന് ഭരണഘടന അനുവദിച്ചിട്ടുള്ള മൗലിക അവകാശങ്ങൾ നിഷേധിക്കുന്നതിന് തുല്യമാണ് എന്നും ജഡ്ജിമാർ വ്യക്തമാക്കി. അതുകൊണ്ട് തന്നെ ഇത്തരത്തിൽ ചെയ്യാത്ത പക്ഷം ഭരണഘടന നൽകുന്ന പൗരന്റെ അവകാശം നിഷേധിക്കുന്നതിന് തുല്യമാണ് എന്നും കോടതി പറഞ്ഞു.

അടുത്തകാലത്താണ് പത്തനംതിട്ടയിൽ ഒരു വീട്ടുവേലക്കാരിയെ സ്വർണ്ണം മോഷ്ടിച്ചു എന്ന കാരണത്തിന്റെ പേരിൽ പോലീസ് അറസ്റ്റ് ചെയ്തു നടപടികൾ സ്വീകരിച്ചത് ഇവർ ജോലി ചെയ്തിരുന്ന വീട്ടിലെ ഉടമയാണ് പോലീസിൽ പരാതി നൽകിയത്. പോലീസ് വേലക്കാരിയെ പിടികൂടുക മാത്രമല്ല മാനസികമായും ശാരീരികമായും അവരെ പീഡിപ്പിക്കുകയും ചെയ്തിരുന്നു. അടുത്ത ദിവസമാണ് മോഷ്ടിക്കപ്പെട്ട സ്വർണം ഉടമയുടെ വീട്ടിൽനിന്ന് തന്നെ കണ്ടെത്തിയത്. ഈ സംഭവം കേരളത്തിൽ വലിയ വിവാദമായി മാറിയതാണ്. അതുപോലെതന്നെ സൈന്യത്തിൽ ജോലി ചെയ്യുന്ന ഒരാളുടെ സഹോദരനെ അടക്കം ഇല്ലാത്ത കുറ്റം കെട്ടിചമച്ച് സ്റ്റേഷനിൽ കൊണ്ടുപോയി പോലീസുകാർ ക്രൂരമായി മർദ്ദിച്ച വിവരങ്ങളും വാർത്തയായി വന്നിരുന്നു. ഇത്തരം നിരവധി സംഭവങ്ങൾ കേരളത്തിലെ പല പോലീസ് സ്റ്റേഷനുകളിലും ആവർത്തിക്കപ്പെട്ടിരുന്നു. മാസങ്ങൾക്ക് മുൻപ് ഒരു യൂത്ത് കോൺഗ്രസ് പ്രവർത്തകനെ അകാരണമായി പിടികൂടി സ്റ്റേഷനിൽ വച്ച് സംഘം ചേർന്ന് പോലീസുകാർ തല്ലിച്ചതച്ച ദൃശ്യങ്ങളും കേരളീയർ കണ്ടതാണ്. ഈ സംഭവവും വലിയ വിവാദമായി മാറിയിരുന്നു. പോലീസ് സേനയിലെ ചുരുക്കം ചില ഉദ്യോഗസ്ഥരാണ് നിയമം വിട്ട ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നത്. ഇവരുടെ പ്രവർത്തനങ്ങൾ വഴി നല്ല രീതിയിൽ പ്രവർത്തിക്കുന്ന പോലീസ് സേനയെ തന്നെ അപകീർത്തിപ്പെടുത്തിയിരുന്നു. ഏതായാലും ഇപ്പോൾ സുപ്രീം കോടതി നടത്തിയിട്ടുള്ള വിധി പ്രസ്താവം പോലീസിന്റെ അനധികൃതവും അനാവശ്യവുമായ അറസ്റ്റുകളും മറ്റും അവസാനിക്കും എന്ന് നമുക്ക് പ്രതീക്ഷിക്കാം.