ഗുരുവായൂർ അമ്പലത്തിൽ ദർശനത്തിന് എത്തിയ റിലയൻസ് ഗ്രൂപ്പിൻറെ ചെയർമാൻ മുകേഷ് അംബാനിയെ ദേവസ്വം ചെയർമാനും ബോർഡ് മെമ്പർമാരും ഉദ്യോഗസ്ഥരും ആദരിക്കുന്നത് കണ്ടപ്പോൾ അതിശയമാണ് തോന്നിപ്പോയത് . ഇന്ത്യയിലെ ശത കോടീശ്വര പട്ടികയിൽ ഉള്ള കുത്തക മുതലാളിയാണ് അംബാനി. അതുകൊണ്ട് അയാൾ എങ്ങനെ വി ഐ പി ആയി മാറി എന്ന കാര്യമാണ് പിടികിട്ടാത്തത്. ദേവസ്വത്തിന്റെയോ അല്ലെങ്കിൽ ഔദ്യോഗിക പരിഗണനയിലോ ഇല്ലാത്ത ഒരാൾ എന്ത് പ്രോട്ടോകോൾ അനുസരിച്ചാണ് എതിരേറ്റ് ഗുരുവായൂരപ്പന് മുന്നിൽ എത്തിച്ചത് എന്ന കാര്യം മനസ്സിലാകുന്നേയില്ല . ദേവസ്വം ചെയർമാന്റെയും കൂട്ടരുടെയും ഗതികെട്ട് അയാളുടെ മുൻപിൽ ഓച്ഛാനിച്ചു നിൽക്കുന്നത് കണ്ടപ്പോൾ ഗുരുവായൂരപ്പനെക്കാൾ വലിയ അപ്പൻ ആണോ ഈ പറയുന്ന അംബാനി എന്ന് തോന്നിപ്പോകും.
നമ്മുടെ രാജ്യം ഒരു ജനാധിപത്യ രാജ്യമാണ്. ജനങ്ങൾ ജനങ്ങളെ ഭരിക്കുന്ന സമ്പ്രദായമാണ് ജനാധിപത്യം. ഇത്തരത്തിൽ ജനങ്ങൾ തെരഞ്ഞെടുക്കുന്ന പ്രതിനിധികൾക്കും മന്ത്രിമാർക്കും ഒക്കെ പ്രോട്ടോകോൾ പ്രകാരമുള്ള ആദരവും ബഹുമാനവും ഭരണഘടനാപരമായി നമ്മൾ നൽകറുമുണ്ട് .എന്നാൽ ഈ പട്ടികയിൽ ഏതെങ്കിലും ഒരു കാശുകാരന്റെ കാര്യം പറഞ്ഞിട്ടില്ല. മാത്രവുമല്ല അംബാനിയും അദാനിയും ഒക്കെ മാന്യമായ രീതിയിൽ ബിസിനസ് നടത്തി ശതകോടീശ്വരൻ ആയതാണോ എന്ന കാര്യത്തിൽ തർക്കവും ഉണ്ട്. അത് എന്തും ആകട്ടെ, യാതൊരുവിധ നിയമപരമായ ആദരവിനും അർഹതയില്ലാത്ത ഒരു മുതലാളിയെ എഴുന്നള്ളിക്കുന്നത് ഗുരുവായൂരപ്പനോട് കാണിക്കുന്ന നിന്ദതന്നെയാണ് . ഗുരുവായൂർ ദേവസ്വത്തിന്റെ ചെയർമാനും ഭാരവാഹികളും ഗുരുവായൂരപ്പചരിതം സമയം കിട്ടുമ്പോൾ ഒന്ന് വായിച്ചു നോക്കണം. ഗുരുവായൂരപ്പന്റെ ഭക്തന്മാർ ദൈവത്തെക്കുറിച്ച് അറിഞ്ഞിട്ടുള്ളത് ഇത്തരത്തിലുള്ള രണ്ടാംകിട ഏർപ്പാട് ഒന്നും അല്ല. കരുണാമയനായ ഗുരുവായൂരപ്പൻ വലിയ ആശ്രിതവത്സലൻ ആണ്. തിരുനടയിൽ എത്തി തൊഴുതു വണങ്ങി മടങ്ങുന്ന ഭക്തർക്ക് ഗുരുവായൂരപ്പൻ ചോദിക്കുന്നത് എല്ലാം കനിഞ്ഞു നൽകുന്നു എന്നാണ് വിശ്വാസം.
സാക്ഷാൽ ഗുരുവായൂരപ്പന്റെ കഥ തന്നെ ഒന്ന് ഓർത്തു നോക്കുക. ഭഗവാൻ ശ്രീകൃഷ്ണൻ അല്ലെങ്കിൽ ഗുരുവായൂരപ്പൻ ആകെ തലകുനിച്ചിട്ടുള്ളത് സാക്ഷാൽ കുചേലന്റെ മുമ്പിലാണ്. വിശപ്പടക്കാൻ പോലും വകയില്ലാത്ത ബാല്യകാല സുഹൃത്ത് കുചേലൻ ഗുരുവായൂരപ്പന്റെ മുന്നിലേക്ക് വരുന്നതറിഞ്ഞപ്പോൾ സിംഹാസനത്തിൽ നിന്നും ഇറങ്ങിച്ചെന്ന് കുചേലനെ ആലിംഗനം ചെയ്യുകയും കുചേലന്റെ കാലുകഴുകി സ്വീകരിക്കാൻ തയ്യാറാവുകയും ചെയ്തു എന്നാണ് ഐതിഹം . ഇതാണ് ശ്രീകൃഷ്ണ ഭഗവാൻറെ ചരിത്രത്തിലും ഉള്ളത്. അതല്ലാതെ തൻറെ മുന്നിലേക്ക് എഴുന്നള്ളിയ ഏതെങ്കിലും കോടീശ്വരന്റെ മുമ്പിൽ ഇറങ്ങിച്ചെന്ന് ഗുരുവായൂരപ്പൻ കെട്ടിപ്പിടിച്ച കഥയൊന്നും ഇതുവരെ കേട്ടിട്ടില്ല.കാലം മാറി കഥ മാറി. എന്നാൽ മാനവരെല്ലാം ആശ്രയമായി കരുതുന്ന ഗുരുവായൂരപ്പൻറെ മുന്നിലേക്ക് സകലമാന തട്ടിപ്പുകളും നടത്തി കോടികൾ വാരിക്കൂട്ടിയ ഒരുത്തന് കാശുണ്ടെന്ന് കരുതി ഗുരുവായൂരപ്പന്റെ മുമ്പിൽ എഴുന്നള്ളിക്കുന്നത് ഉചിതമായ നടപടി ആയില്ല. ക്ഷേത്രദർശനത്തിന് എത്തിയ അംബാനി, ദേവസ്വം വക ആശുപത്രി പണിയുന്നതിന് 15 കോടി രൂപ കൊടുത്ത വാർത്തയും പുറത്തുവന്നിട്ടുണ്ട്. ഒരു കാര്യം ഉറപ്പാണ്. സാക്ഷാൽ ഗുരുവായൂരപ്പൻ ഇത്തരത്തിലുള്ള കള്ളപ്പണക്കാരന്റെ 15 കോടി വാങ്ങാൻ സാധ്യതയില്ല. പിന്നെ ഭരണകാർക്ക് പണം കാണുമ്പോൾ കണ്ണ് മങ്ങുമായിരിക്കും. അതായിരിക്കും ഗുരുവായൂരമ്പലത്തിൽ ദർശനത്തിനെത്തിയ അംബാനിയുടെ കാര്യത്തിലും ഉണ്ടായിട്ടുള്ളത്.