വോട്ട് കൊള്ള തുടങ്ങിവച്ചത് സിപിഎം അല്ലേ

രാഹുൽ ഗാന്ധിക്ക് വടക്ക് സിന്ദാബാദും, ഇവിടെ ചീത്തവിളിയും.............

കേരളത്തിലെ രണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടികൾക്കും ഇരട്ടത്താപ്പ് ആണല്ലോ ഇപ്പോൾ പ്രവർത്തന ശൈലി. കേരളം വിട്ടാൽ കോൺഗ്രസ് പാർട്ടിക്ക് ഒപ്പം നിൽക്കുന്ന സിപിഎമ്മും സിപിഐഎമ്മും കേരളത്തിൽ കോൺഗ്രസിനെ ചീത്തവിളിക്കുകയാണ്. ദേശീയതലത്തിൽ കോൺഗ്രസ് പാർട്ടി നയിക്കുന്ന ഇന്ത്യ മുന്നണിയിലെ ഘടക കക്ഷികളാണ് സിപിഎമ്മും സിപിഐയും. കേരളത്തിൽ മാത്രമാണ് ഈ രണ്ടു കമ്മ്യൂണിസ്റ്റ് പാർട്ടികൾക്കും കോൺഗ്രസ് വിരോധമുള്ളത്. സിപിഎമ്മിന്റെയും സിപിഐയുടെയും ദേശീയ നേതാക്കൾ രാഹുൽ ഗാന്ധിക്ക് സിന്ദാബാദ് വിളിച്ച് ഒപ്പം നിൽക്കും. എന്നാൽ കേരളത്തിലോട്ട് എത്തുമ്പോൾ ഇവിടത്തെ കോൺഗ്രസ് നേതാക്കളെ അധിക്ഷേപിക്കുകയും ചെയ്യും. ഇതെന്തൊരു നിലപാടാണ് എന്ന് ചോദിച്ചാൽ മറുപടിയും ഇല്ല. രാഹുൽ ഗാന്ധി ദേശീയമായിട്ടും സമീപകാലത്ത് ബീഹാറിലും നടത്തിയ ബിജെപിയുടെ വോട്ട് കൊള്ളക്കെതിരെ ഉള്ള പ്രക്ഷോഭങ്ങളിൽ സിപിഎമ്മിന്റെ ദേശീയ സെക്രട്ടറിമാരായ എം എ ബേബിയും, ഡി രാജയും പങ്കാളികളായതാണ്. ഇപ്പോഴും ബിജെപിയുടെ വോട്ട് കൊള്ളക്കെതിരെ രണ്ടു നേതാക്കളും പ്രതിഷേധം ഉയർത്തുന്നുണ്ട്. രാഹുൽഗാന്ധിയുടെ ഈ പ്രക്ഷോഭത്തെ രണ്ടു നേതാക്കളും പുകഴ്ത്തുകയും ചെയ്യുന്നുണ്ട്. എന്നാൽ കേരളത്തിൽ ഈ രണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടികളും ഇരട്ടത്താപ്പാണ് നടത്തുന്നത്.

ബിജെപിയുടെ വോട്ട് കൊള്ളക്കെതിരെ പ്രതികരിക്കുന്ന സിപിഎമ്മിന്റെ കേരള നേതാക്കൾ സൗകര്യപൂർവ്വം സ്വന്തം രാഷ്ട്രീയ ശൈലി മറക്കുകയാണ്. ബിജെപി എന്ന രാഷ്ട്രീയപ്പാർട്ടി ഉണ്ടാകുന്നതിന് മുമ്പ് തന്നെ കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി കള്ള വോട്ടിന്റെയും വോട്ട് തട്ടിപ്പിന്റെയും തന്ത്രങ്ങൾ പയറ്റിയിരുന്നു. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരായി പാർട്ടി അനുഭാവികൾ വരുമ്പോൾ അവരെ ഉപയോഗിച്ച് കള്ളവോട്ടുകൾ ചെയ്യുന്ന കാര്യത്തിൽ സിപിഎം വ്യാപകമായിപ്രവർത്തിച്ചിരുന്നു എന്നത് പുതിയ കാര്യമൊന്നുമല്ല. കേരളത്തിലെ സർക്കാർ ഉദ്യോഗസ്ഥരിൽ ഭൂരിഭാഗവും ഇടതുപക്ഷ അനുഭാവികളാണ്. ഈ ഉദ്യോഗസ്ഥരെ ഉപയോഗിച്ചുകൊണ്ടാണ് കമ്മ്യൂണിസ്റ്റ് പാർട്ടികൾ കള്ളവോട്ടുകൾക്ക് വഴി ഒരുക്കിയിരുന്നത്.
തെരഞ്ഞെടുപ്പുകളിൽ കള്ളവോട്ടുകൾ നടത്തി എടുക്കാം എന്ന് ആദ്യം കണ്ടുപിടിച്ചതും നടപ്പിൽ വരുത്തിയതും സിപിഎം ആണ്. ഇപ്പോഴും സിപിഎമ്മിന്റെ കോട്ടയായി നിൽക്കുന്ന കണ്ണൂരിൽ ഏതു തെരഞ്ഞെടുപ്പിലും കള്ളവോട്ട് നടന്നതായി പരാതികൾ ഉയരുന്നത് പതിവാണ്. ഒരു ബൂത്തിൽ 100 പേർ വോട്ട് ചെയ്താൽ 90 വോട്ടും സിപിഎം സ്ഥാനാർത്ഥിയുടെ പെട്ടിയിൽ എങ്ങനെ വീഴുന്നു എന്ന് മറ്റു രാഷ്ട്രീയ പാർട്ടിക്കാർ ചോദിക്കാൻ തുടങ്ങിയിട്ട് കുറേക്കാലമായി. ഇപ്പോഴും കണ്ണൂരിൽ സിപിഎം ആധിപത്യം ഉറപ്പിച്ചു നടത്താൻ ഇത്തരത്തിലുള്ള വേലത്തരങ്ങൾ തുടരുന്നു എന്നാണ് മറ്റു രാഷ്ട്രീയ പാർട്ടി നേതാക്കൾ ആരോപിക്കുന്നത്. ഇത് വാസ്തവമാണെങ്കിൽ ബിജെപിയുടെ കള്ളവോട്ട് കാര്യത്തിൽ സിപിഎമ്മിന് എതിർപ്പ് പറയാൻ എന്ത് അവകാശമാണ് ഉള്ളത് എന്ന ചോദ്യവും ഉയരുന്നുണ്ട്.
ഇതുമാത്രമല്ല രാജ്യത്ത് എല്ലായിടത്തും തെരഞ്ഞെടുപ്പ് കമ്മീഷനെ സ്വാധീനിച്ചുകൊണ്ട് ബിജെപി വോട്ട് കൊള്ള നടത്തുന്നു എന്ന് തെളിവുകൾ നിരത്തി പറഞ്ഞത് കോൺഗ്രസ് നേതാവായ രാഹുൽ ഗാന്ധി ആയിരുന്നു. രാഹുലിന്റെ ഈ പ്രതിഷേധങ്ങളിൽ സിപിഎം ദേശീയ നേതാക്കൾ ഒപ്പം നിന്നപ്പോഴും കേരളത്തിലെ ഒരു കമ്മ്യൂണിസ്റ്റ് നേതാവും രാഹുലിന്റെ നീക്കങ്ങൾക്ക് പിന്തുണ പറഞ്ഞിരുന്നില്ല . ബിജെപിയുടെ തട്ടിപ്പുകൾ പുറത്തുകൊണ്ടുവരുന്ന രാഹുൽഗാന്ധിയുടെ പ്രവർത്തനങ്ങളെ നല്ല കാര്യം എന്ന് പറഞ്ഞു ഒന്ന് പിന്തുണയ്ക്കാൻ പോലും കേരളത്തിലെ ഒരു കമ്മ്യൂണിസ്റ്റ് നേതാവും തയ്യാറായില്ല എന്നതും ശ്രദ്ധേയമായ കാര്യമാണ്. ഇവിടെ കോൺഗ്രസ് പാർട്ടി ഒന്നിനും കൊള്ളാത്ത മോശം രാഷ്ട്രീയ പാർട്ടിയും കേരളം കഴിഞ്ഞാൽ നല്ല പാർട്ടിയും എന്ന ഇരട്ടത്താപ്പാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് നേതാക്കൾ നടത്തിക്കൊണ്ടിരിക്കുന്നത്. രാജ്യത്തെ മൊത്തത്തിൽ ബാധിക്കുന്ന വോട്ട് കൊള്ളയുടെ കാര്യത്തിൽ പോലും സിപിഎം മൗനം പാലിക്കുന്നത് അവർ തന്നെ ഈ ആയുധം ഇവിടെ പ്രയോഗിച്ച് രാഷ്ട്രീയനേട്ടം ഉണ്ടാക്കുന്നു എന്ന് സംശയിച്ചാൽ പോലും അതിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.