ശബരിമല സ്വർണ്ണ പാളി കേസ് വലിയ തിരിച്ചടിയാണ് സർക്കാരിനും സിപിഎമ്മിനും ഇടതുമുന്നണിക്കും ഉണ്ടാക്കിയിരിക്കുന്നത്. സിപിഎമ്മിന്റെ നേതാക്കന്മാർ പ്രസിഡൻറ് ആയി ഭരണം നടത്തിയ കാലത്താണ് ശബരിമല സ്വാമി അയ്യപ്പൻറെ ശ്രീകോവിലിന്റെ വാതിൽ പടിയും ദ്വാരപാലക ശില്പത്തിന്റെ പാളിയും പൊളിച്ചു കൊണ്ടുപോയി തൂക്കി വിറ്റ കേസ് ഉണ്ടായിട്ടുള്ളത്. രണ്ട് ടേമുകളിലായി പിണറായി സർക്കാരിൻറെ പത്തുവർഷക്കാലത്തിനിടയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിനെ ഭരിച്ച സിപിഎം നേതാക്കൾ കുറേ തട്ടിപ്പ് സംഘങ്ങളുമായി ചേർന്നു കൊണ്ടാണ് കിലോ കണക്കിന് സ്വർണ്ണം അടിച്ചുമാറ്റി വിൽപ്പന നടത്തിയത് എന്നാണ് അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്. ദേവസ്വം പ്രസിഡന്റുമാരും സിപിഎം നേതാക്കളും ആയ പത്മകുമാർ, എൻ വാസു, പി എസ് പ്രശാന്ത് എന്നീ മൂന്ന് പേരാണ് കുറ്റക്കാരായി മുന്നിൽ നിൽക്കുന്നത്. ഇവരുടെ സഹായത്തോടു കൂടി ദേവസ്വത്തിൻറെ ഉയർന്ന ഉദ്യോഗസ്ഥരും തട്ടിപ്പുവീരനായ ഉണ്ണികൃഷ്ണൻ പോറ്റി എന്നയാളും ഒത്തുചേർന്നു കൊണ്ടാണ് തട്ടിപ്പ് നടത്തിയത് എന്ന് ഏകദേശം അന്വേഷണ സംഘത്തിന് ബോധ്യമായി കഴിഞ്ഞു. കേരളത്തിൽ പ്രധാനപ്പെട്ട രണ്ടു തെരഞ്ഞെടുപ്പുകൾ മുന്നിലെത്തിയ അവസരത്തിൽ ഉണ്ടായ ശബരിമലയിലെ സ്വർണ്ണ കൊള്ള മുഖ്യമന്ത്രി പിണറായി വിജയനും വലിയ ക്ഷീണമാണ് ഉണ്ടാക്കിയിരിക്കുന്നത്. എങ്ങനെയാണ് ഇതിൽ നിന്നും തലയൂരുക എന്ന ആലോചനയിൽ പിണറായി തന്നെ കണ്ടെത്തിയ ഉപാധിയാണ് മുൻ ചീഫ് സെക്രട്ടറിയും മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനുമായ ജയകുമാറിനെ ദേവസ്വം പ്രസിഡൻറ് ആക്കുക എന്ന തീരുമാനം. ഇപ്പോഴും ഉന്നതമായ പദവി വഹിച്ചു വരുന്ന റിട്ടയേർഡ് ഐ എ എസ് ഉദ്യോഗസ്ഥനായ കെ ജയകുമാർ ജനങ്ങൾക്കിടയിൽ നല്ല അഭിപ്രായമുള്ള ഒരാളാണ്. അദ്ദേഹത്തിൻറെ സാന്നിധ്യം വഴി ദേവസ്വം ബോർഡിലും ശബരിമലയിലും ഉണ്ടായിട്ടുള്ള മോശ പേരുകൾ മാറ്റിയെടുക്കാം എന്ന തന്ത്രമാണ് പിണറായി പയറ്റിയിരിക്കുന്നത് .
ശബരിമലയിലെ സ്വർണ്ണ കൊള്ള വിഷയം ഹൈക്കോടതി വലിയ പ്രാധാന്യത്തോടെ കൈകാര്യം ചെയ്യുന്ന കേസാണ്. അതുകൊണ്ടാണ് പ്രമാണിമാരായ പലരും കുറ്റക്കാരായി കണ്ടെത്തിയതിനു വഴിതെളിഞ്ഞത്. ജയകുമാറിന്റെ പ്രസിഡൻറ് പദവി വഴി പലതിനും തടയിടാൻ കഴിയും എന്ന പ്രതീക്ഷ മുഖ്യമന്ത്രി പിണറായി വിജയന് ഉണ്ട്. മാത്രവുമല്ല കേരളത്തിലെ ഏറ്റവും സീനിയറായ ഒരു ഐഎഎസ് ഉദ്യോഗസ്ഥൻ എന്ന നിലയിൽ സ്വർണകൊള്ളയുടെ അന്വേഷണ സംഘം വരെ പുതിയ പ്രസിഡന്റിന്റെ മുന്നിൽ ആദരവോടെ നിൽക്കും എന്ന് പിണറായിക്ക് നല്ല ബോധ്യമുണ്ട്. ക്ലീൻ ഇമേജ് ഉള്ള ജയകുമാർ വഴി കൊള്ള നടത്തിയ പാർട്ടി സഖാക്കന്മാരെ രക്ഷപ്പെടുത്താം എന്ന ചിന്തയും പിണറായിക്ക് ഉണ്ട്. എന്നാൽ ഇതൊക്കെയാണെങ്കിലും സ്വർണ്ണക്കൊള്ള കേസ് ഹൈക്കോടതി നിയന്ത്രണത്തിൽ ആയതിനാൽ ജയകുമാർ എന്ന സൽസ്വഭാവിയുടെ പ്രസിഡൻറ് നിയമനം വഴി കേസിന്റെ ഗൗരവം കുറച്ചു കൊണ്ടുവരാൻ കഴിയുമോ എന്നത് സംശയമാണ് .എന്തൊക്കെയാണെങ്കിലും കേസുകാര്യങ്ങളും വിവാദങ്ങളും കൈകാര്യം ചെയ്യുന്നതിൽ പിണറായി വിജയനെ പോലെ കഴിവും പ്രാഗൽഭ്യവും ഉള്ള ഒരു നേതാവും കേരളത്തിൽ ഇല്ല. അവസരോചിതമായി സ്വന്തമായിട്ടും മറ്റു സിപിഎം നേതാക്കളുടെ കാര്യത്തിലും രക്ഷപ്പെടുത്തലിന്റെ മാർഗങ്ങൾ കണ്ടെത്തുവാൻ പിണറായി മിടുക്കൻ തന്നെയാണ്. വർഷങ്ങൾ പിന്നിട്ട ലാവലിൻ കേസും സ്വർണ കടത്ത് കേസും മകളുടെ മാസപ്പടി കേസും എല്ലാം ആരും അറിയാതെ വിദഗ്ധമായി മൂടിവയ്ക്കുവാനുള്ള തന്ത്രങ്ങൾ പയറ്റി വിജയിച്ച ആളാണ് പിണറായി വിജയൻ.
ശബരിമല ക്ഷേത്രവും അവിടെ നടന്ന സിപിഎം നേതാക്കളുടെ സ്വർണ കൊള്ളയും സർക്കാരിനുമേൽ വലിയ പേരുദോഷം ഉണ്ടാക്കിയിട്ടുണ്ട് ശക്തരായ നേതാക്കന്മാർ ആയിട്ട് പോലും അവരുടെ സ്വർണ്ണക്കള്ളയിലെ പങ്ക് പുറത്തുവരികയും അറസ്റ്റ് എപ്പോൾ വേണമെങ്കിലും ഉണ്ടാകാം എന്ന സ്ഥിതിയിൽ എത്തുകയും ചെയ്തത് ശബരിമല സ്വാമി അയ്യപ്പൻറെ നിശ്ചയംവഴിയാണ് എന്ന് വിശ്വസിക്കുന്നവരാണ് കേരളത്തിലും പുറത്തും ഉള്ള ലക്ഷക്കണക്കിന് അയ്യപ്പ ഭക്തന്മാർ അതുകൊണ്ടുതന്നെ മുഖ്യമന്ത്രി പിണറായി വിജയൻൻ ശബരിമല സ്വർണ്ണ കൊള്ള കേസ് ആറി തണുപ്പിക്കാൻ കണ്ടെത്തിയ ഐഎഎസ് ഉദ്യോഗസ്ഥൻ വഴിയുള്ള സൂത്രം എത്രകണ്ട് വിജയിക്കും എന്നത് കണ്ടറിയേണ്ട കാര്യമാണ്. ആചാരലംഘനം നടത്തുന്നതിന് നിരോധനമുള്ള സ്ത്രീകളെ ശബരിമലയിൽ പോലീസ് അകമ്പടിയിൽ കയറ്റിയ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. അന്ന് മുതൽ അയ്യപ്പ കോപം ഏറ്റുവാങ്ങുന്ന നേതാവ് കൂടിയാണ് അദ്ദേഹം . രണ്ടാം പിണറായി സർക്കാരിൻറെ കാലം അടക്കം പിണറായി നേരിട്ടിട്ടുള്ള പ്രതിസന്ധികൾ ചെറുതൊന്നും അല്ല. പ്രകൃതി ദുരന്തങ്ങളും മഹാവ്യാധികളുംഅടിക്കടി കടന്നുവന്നു സർക്കാരിനെതിരെ ജനരോഷം ഉയർത്തിയത് അയ്യപ്പ കോപം വഴിയാണ് എന്ന് വിശ്വസിക്കുന്നവരാണ് ലക്ഷക്കണക്കിന് ഭക്തന്മാർ. ഇപ്പോൾ ശബരിമലയിലെ സ്വർണക്കൊള്ള അതീവ രഹസ്യമായി നടത്തിയിട്ടും അതിൽ വലിയ നേതാക്കൾ പങ്കുവഹിച്ചിട്ടും എല്ലാം പുറത്തുവന്നത് അയ്യപ്പസ്വാമിയുടെ കളികളാണ് എന്നാണു ഭക്തർ വിശ്വസിക്കുന്നത് .