കേരളത്തിലെ കോൺഗ്രസ് നേതാവായ കെ സി വേണുഗോപാലാണ് കുറച്ചുകാലമായി ഇന്ത്യയിലെ കോൺഗ്രസ് പാർട്ടിയെ നയിച്ചു കൊണ്ടിരിക്കുന്നത്. എണീറ്റു നടക്കാൻ പോലും കഴിയാത്ത പടു വൃദ്ധനായ മല്ലികാർജുൻ ഖാർഗെ കോൺഗ്രസ് പ്രസിഡണ്ട് ആയതോടുകൂടി കോൺഗ്രസിന്റെ ഹൈക്കമാന്റിൽ സർവാധിപതിയായി വിലസുകയാണ് കേരള നേതാവായ വേണുഗോപാൽ. ദേശീയ ഭാരവാഹി ചുമതലയാണെങ്കിലും കളി മുഴുവൻ കേരളത്തിലാണ് നടത്തുന്നത്. അടുത്തവർഷം ആദ്യം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുമ്പോൾ കോൺഗ്രസിന് ഭൂരിപക്ഷം കിട്ടിയാൽ മുഖ്യമന്ത്രി കസേര സ്വന്തമാക്കാനുള്ള അണിയറ നീക്കങ്ങളും നടത്തിക്കൊണ്ടിരിക്കുകയാണ് വേണുഗോപാൽ. ഇതിനിടയിലാണ് ഹരിയാന ഇപ്പോൾ ബീഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിയമസഭ തെരഞ്ഞെടുപ്പുകൾ ഉണ്ടായത്. ഏറ്റവും ഒടുവിൽ ബീഹാറിൽ കോൺഗ്രസ്സും പാർട്ടി നയിക്കുന്ന ഇന്ത്യ മുന്നണിയും തകർന്നടിയും എന്ന രീതിയിലുള്ള എക്സിറ്റ്പോൾ ഫലങ്ങളാണ് പുറത്തുവന്നത്. 9 സർവ്വേഫലങ്ങൾ പുറത്തുവന്നപ്പോൾ ഒരു ഏജൻസി പോലും കോൺഗ്രസ് മുന്നണി മുന്നിൽ വരും എന്ന് പറഞ്ഞിട്ടില്ല. ഏതായാലും എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നപ്പോൾ തന്നെ ബീഹാറിൽ കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾ കോൺഗ്രസ് പാർട്ടി വിടാൻ തീരുമാനിച്ചുക്കഴിഞ്ഞു. ബീഹാറിലെ മുതിർന്ന നേതാവും മുൻ സംസ്ഥാന മന്ത്രിയും കേന്ദ്രമന്ത്രിയും ഒക്കെയായിരുന്ന ഷക്കീൽ അഹമ്മദ് പാർട്ടി വിട്ടു കഴിഞ്ഞു. പല നേതാക്കളും മറ്റു പാർട്ടികളിലേക്ക് കാലു മാറാനും തയ്യാറായി നിൽക്കുകയാണ്. കോൺഗ്രസ് പാർട്ടിയുടെ സംഘടന ചുമതലയുള്ള സെക്രട്ടറിയായ കെ സി വേണുഗോപാലിന്റെ കഴിവുകേടുകളാണ് ഓരോ തെരഞ്ഞെടുപ്പിലും പാർട്ടിയെ പിന്നോട്ട് അടിക്കുന്നത് എന്ന അഭിപ്രായം മുതിർന്ന നേതാക്കളിൽ ഉണ്ട്. കോൺഗ്രസ് ജനറൽ സെക്രട്ടറിയായ വയനാട് എംപികൂടിയായ പ്രിയങ്ക ഗാന്ധി വേണുഗോപാലിനെ പുറത്താക്കി മറ്റൊരാൾക്ക് സംഘടനാ ചുമതല നൽകാൻ നിർദ്ദേശിച്ചതായി വാർത്തകൾ പുറത്തുവരുന്നുണ്ട്. കോൺഗ്രസിൻറെ കരുത്തനായ യുവ നേതാവ് സച്ചിൻ പൈലറ്റിന് ഈ ചുമതല നൽകണമെന്ന് പ്രിയങ്ക ഗാന്ധി നിർദേശിച്ചതായിട്ടും പറയുന്നുണ്ട്.
ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപനം കഴിഞ്ഞാൽ സംഘടനാ ചുമതലയുള്ള സെക്രട്ടറി കസേര തെറിക്കും എന്ന് വേണുഗോപാലിന് ഏകദേശം ഉറപ്പായിട്ടുണ്ട്. അതുകൊണ്ടുതന്നെ കെട്ടുംകെട്ടി കേരളത്തിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിലാണ് വേണുഗോപാൽ. കോൺഗ്രസിൽ രണ്ടാമനായി വിലസിയ വേണുഗോപാൽ കോൺഗ്രസ് ഹൈക്കമാന്റിൽ പ്രമാണി ആയ ശേഷം നടന്നിട്ടുള്ള ഒരു തിരഞ്ഞെടുപ്പിലും പാർട്ടിയിൽ വിജയം ഉണ്ടായിട്ടില്ല. ലോകസഭ തെരഞ്ഞെടുപ്പിൽ ചെറിയ മുന്നേറ്റം ഉണ്ടായത് രാഹുൽ ഗാന്ധി പ്രതിപക്ഷ പാർട്ടികളെ ഒരുമിപ്പിച്ചു നിർത്താൻ കഴിഞ്ഞതുകൊണ്ട് മാത്രം ആയിരുന്നു. എന്നാൽ ഇന്ത്യ മുന്നണിയിലെ പ്രധാനപ്പെട്ട ഘടക കക്ഷി നേതാക്കൾ പോലും ഒരു കാര്യത്തിലും വേണുഗോപാലുമായി ചർച്ചകൾ നടത്താറില്ല. അവർ രാഹുൽ ഗാന്ധി പ്രിയങ്ക ഗാന്ധി തുടങ്ങിയവരും ആയിട്ടാണ് ബന്ധം നിലനിർത്തുന്നത്.
കഴിഞ്ഞകാലങ്ങളിൽ എല്ലാം കോൺഗ്രസ് പാർട്ടിയുടെ സംഘടന ചുമതല ഉള്ള ഭാരവാഹിയായി പ്രവർത്തിച്ചിട്ടുള്ളത് ഉത്തരേന്ത്യയിൽ നിന്നുള്ള മുതിർന്ന നേതാക്കൾ മാത്രമാണ്. ഗുലാം നബി ആസാദ്, അഹമ്മദ് പട്ടേൽ തുടങ്ങിയ നേതാക്കൾ ദേശീയതലത്തിൽ തന്നെ വലിയ ജനകീയത നേടിയവർ ആയിരുന്നു. ഇന്ത്യയിൽ ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളിലും കൈകാര്യം ചെയ്യുന്ന ഹിന്ദി ഭാഷ പോലും സംസാരിക്കാൻ കഴിയാത്ത വേണുഗോപാലിന് ഘടകകക്ഷി നേതാക്കളുമായി സംസാരിക്കാൻ കഴിയാത്ത സ്ഥിതിയും ഉണ്ടായിരുന്നു. മുന്നണിയിൽ നിൽക്കുന്ന ലാലു പ്രസാദ് യാദവ് ഉൾപ്പെടെ മറ്റ് മുതിർന്ന നേതാക്കൾക്ക് ഹിന്ദി അല്ലാതെ മറ്റൊരു ഭാഷയും വശമില്ല.
ഏതായാലും ഡൽഹിയിൽ പിടി വിട്ട കെ സി വേണുഗോപാൽ കേരളത്തിലേക്ക് മടങ്ങുവാനും ഇവിടെ സജീവ രാഷ്ട്രീയത്തിൽ ഇറങ്ങാനും ആണ് തയ്യാറെടുക്കുന്നത്. നാലുമാസം കഴിഞ്ഞ് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായി പാർട്ടിയിൽ സജീവമായി നേതൃത്വം കയ്യടക്കാനുള്ള നീക്കം ആണ് വേണുഗോപാൽ നടത്തുന്നത്. മുന്നിൽ എത്തിയിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഇടപെട്ടുകൊണ്ട് കേരളത്തിൽ വേര് ഉറപ്പിക്കുക എന്ന തന്ത്രമായിരിക്കും വേണുഗോപാൽ പയറ്റുക. ഏതായാലും കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിന് ശേഷം സ്വന്തം ഗ്രൂപ്പിലേക്ക് കൂടുതൽ നേതാക്കളെയും പ്രവർത്തകരെയും ആകർഷിക്കാൻ വേണുഗോപാൽ നടത്തിയ ചില തന്ത്രങ്ങൾ വിജയിച്ചതിന്റെ പേരിൽ ഒപ്പം നിൽക്കാൻ ആൾക്കാർ ഉണ്ടാകും എന്ന പ്രതീക്ഷയും വേണുഗോപാലിന് ഉണ്ട്.