പ്രതിപക്ഷത്തിരിക്കുന്ന യുഡിഎഫിനെ നയിക്കുന്ന കോൺഗ്രസ് പാർട്ടിയും അതിൻറെ നേതാക്കളും മുസ്ലിം ലീഗ് നേതാക്കൾക്ക് മുന്നിൽ മുട്ടിൽ ഇഴയുന്ന കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. മുന്നണിയിലെ രണ്ടാമത്തെ വലിയ പാർട്ടിയായ ലീഗ് യുഡിഎഫിന്റെ നിയന്ത്രണം കയ്യിലെടുത്തിരിക്കുകയാണ്. മുസ്ലിം മത വിഭാഗവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ജമാഅത്ത് ഇസ്ലാമി – വെൽഫെയർ പാർട്ടി – എസ് ഡി പി ഐ തുടങ്ങിയ സംഘടനകളുടെ പിന്തുണ യുഡിഎഫ് നേടിയെടുക്കുന്നതിന് ലീഗ് നേതാക്കളാണ് അണിയറ നീക്കങ്ങൾ നടത്തികൊണ്ടിരിക്കുന്നത്. കോൺഗ്രസ് പാർട്ടിയുടെ മതേതര നിലപാട് തന്നെ തകർക്കുന്ന ലീഗിൻറെ നീക്കങ്ങളിൽ മലബാർ മേഖലയിലെ കോൺഗ്രസ് നേതാക്കളും കടുത്ത നിരാശയിൽ ആണ്.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ മുന്നിൽ കേരളം നിൽക്കുമ്പോൾ യുഡിഎഫിനെ നയിക്കുന്ന കോൺഗ്രസ് പാർട്ടിക്കുള്ളിൽ നേതാക്കന്മാർ തമ്മിലുള്ള കടിപിടി തുടരുകയാണ്. ഇന്നലെ ഇന്ദിരാ ഭവനിൽ ചേർന്ന ഭാരവാഹി യോഗവും രാഷ്ട്രീയകാര്യ സമിതി യോഗവും പ്രതിപക്ഷ നേതാവായ സതീശൻ ബഹിഷ്കരിച്ചതിന്റെ വാർത്തകളും നമ്മൾ കണ്ടതാണ്.കേരളത്തിലെ കോൺഗ്രസിനെ ദേശീയ നേതാവായ കെ സി വേണുഗോപാൽ കൈപ്പിടിലാക്കിയിരിക്കുകയാണ്. പാർട്ടി പ്രസിഡണ്ടായ സണ്ണി ജോസഫ് വെറും നിർഗുണൻ ആണ് എന്ന് വിലയിരുത്തലിലാണ് കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾ എല്ലാം.
കോൺഗ്രസ് നേതാക്കൾ ലീഗ് നേതൃത്വത്തിന്റെ പിടിവാശിയിൽ കീഴടങ്ങിയാൽ വലിയ തിരിച്ചടിയായിരിക്കും യുഡിഎഫിന് ഉണ്ടാവുക. ലീഗ് നിർദ്ദേശം പരിഗണിച്ച് കോൺഗ്രസ് മുസ്ലിം പ്രേമം കൂടുതലായി അനുവദിച്ചാൽ വലിയ ശക്തിയായ ക്രിസ്ത്യൻ, ഹിന്ദു മത വിഭാഗങ്ങളുടെ വോട്ടുകൾ യുഡിഎഫിൽ നിന്നും ഒഴുകിപ്പോകുന്ന സ്ഥിതിയും ഉണ്ടാകും. ശബരിമല വിഷയത്തിൽ അടക്കം പ്രതിപക്ഷ പാർട്ടികളോടും ഭരണകക്ഷികളോടും ക്രിസ്ത്യൻ ഹിന്ദു വിഭാഗങ്ങൾ വിമുഖത കാണിച്ചിരിക്കുകയാണ്. ഈ സാഹചര്യം തുടർന്നാൽ ലോകസഭ തെരഞ്ഞെടുപ്പിൽ സംഭവിച്ചതുപോലെ നല്ലൊരു പങ്ക് വോട്ടുകൾ ബിജെപിയുടെ പെട്ടിയിലേക്ക് വീഴുന്ന സ്ഥിതി ഉണ്ടാകും.