തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി കുതിച്ചു കയറും…

തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി കുതിച്ചു കയറും...

കേരളത്തിൻറെ കഴിഞ്ഞകാല തെരഞ്ഞെടുപ്പ് ചരിത്രങ്ങളിൽ പ്രാധാന്യം കിട്ടിയിട്ടുള്ളത് കോൺഗ്രസ് നയിക്കുന്ന യുഡിഎഫിനും സിപിഎം നയിക്കുന്ന എൽഡിഎഫിനും ആണ്. എന്നാൽ ഇപ്പോൾ നടക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ചരിത്രം തിരുത്തി ബിജെപി എന്ന പാർട്ടി വലിയ കുതിച്ചുകയറ്റം ഉണ്ടാക്കും എന്നാണ് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നത്.കോൺഗ്രസും സിപിഎമ്മും നയിക്കുന്ന ഇടത് – വലത് മുന്നണികളിൽ വലിയ ആഭ്യന്തര കലഹങ്ങളിൽ കുടുങ്ങി കിടക്കുകയാണ്. യുഡിഎഫിൽ ഘടക കക്ഷികൾ പ്രതിഷേധം ഉയർത്തുന്നുണ്ട്. കോൺഗ്രസിലാകട്ടെ എല്ലാ ജില്ലകളിലും വിമത ശല്യം രൂക്ഷമാണ്. മറുവശത്ത് ഇടതുമുന്നണിയിൽ നിലവിലെ സർക്കാരിൻറെ പേരിൽ ഉയർന്ന നിരവധി ആരോപണങ്ങളുടെ പേരിൽ സർക്കാർ ജനങ്ങൾക്ക് മുന്നിൽ നാണംകെട്ട് നിൽക്കുകയാണ്. അഴിമതി, കെടുകാര്യസ്ഥത, ഭരണസ്തംഭനം, സഹകരണ കൊള്ള, അയ്യപ്പൻറെ സ്വർണ കൊള്ള ഇതെല്ലാം രാഷ്ട്രീയ അന്തരീക്ഷത്തിൽ നിറഞ്ഞു നിൽക്കുകയാണ്. അതുകൊണ്ടുതന്നെ ഭരണ വിരുദ്ധ വികാരം ശക്തമായി നിലനിൽക്കുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് നടത്തിയ പിണറായി മാജിക് ഇക്കുറി ഫലം കാണില്ല. ഇപ്പോഴും പെൻഷനുകളും ആനുകൂല്യങ്ങളും കുറെ കിറ്റും കൊടുത്ത് വോട്ട് മറിക്കുക എന്ന തന്ത്രം മുഖ്യമന്ത്രി പ്രയോഗിച്ചു നോക്കിയെങ്കിലും കാര്യമായ ഫലം കണ്ടതായി ആരും പറയുന്നില്ല.

ഈ തരത്തിൽ കോൺഗ്രസ് നയിക്കുന്ന മുന്നണിയും സിപിഎം മുന്നണിയും വലിയ പ്രതിരോധത്തിൽ നിൽക്കുമ്പോൾ ഈ അവസരം മുതലെടുക്കാനുള്ള തന്ത്രമാണ് ബിജെപി പയറ്റുന്നത്. കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ 22000ത്തിലധികം സീറ്റുകൾ ഉള്ളതിൽ 50% കൈക്കലാക്കുക എന്നതാണ് ബിജെപിയുടെ മോഹം. ഇതിനായി തെരഞ്ഞെടുപ്പ് ചിലവും സ്ഥാനാർഥികളുടെ ചിലവും കണക്കാക്കി എത്ര തുക നൽകാനും പാർട്ടി നേതൃത്വം തയ്യാറായിട്ടുണ്ട്. മാത്രവുമല്ല കേരളത്തിലെ മത്സര മണ്ഡലങ്ങളെ മൂന്ന് ഇനങ്ങൾ ആയി തിരിച്ചുള്ള പ്രവർത്തനങ്ങളാണ് പാർട്ടി നടത്തുന്നത്. മുൻകാലങ്ങളെ അപേക്ഷിച്ചു ബിജെപിയുടെ ശക്തിയായ ആർ എസ് എസും പ്രവർത്തനരംഗത്ത് സജീവമായി കഴിഞ്ഞു. ഈ സ്ഥിതി തുടർന്നാൽ തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടത് വലത് മുന്നണികളെ പിന്നിലാക്കി ബിജെപി കുതിച്ചുയരുന്ന സ്ഥിതി ഉണ്ടായേക്കും.