അങ്ങനെ ബീഹാറിലെ നിയമസഭ തെരഞ്ഞെടുപ്പിലും രാഹുൽ ഗാന്ധിയും കോൺഗ്രസ് പാർട്ടിയും പച്ച തൊടാതെ പെട്ടി മടക്കി പിരിയുന്ന സ്ഥിതി വന്നു. ബിജെപിയുടെ വെറുപ്പിന്റെ കട പൂട്ടിച്ച് സ്നേഹത്തിൻറെ കട തുറക്കാൻ ബീഹാറിൽ എത്തിയ രാഹുൽഗാന്ധിയുടെ സ്നേഹക്കട അവിടുത്തെ ജനങ്ങൾ പൂട്ടിച്ച തെരഞ്ഞെടുപ്പ് ഫലമാണ് പുറത്തുവന്നത്. കഴിഞ്ഞ മൂന്ന് നാലു കൊല്ലങ്ങളായി രാഹുൽ ഗാന്ധി എന്ന കോൺഗ്രസിൻറെ ഉന്നതനായ നേതാവ് സ്ഥിരമായി ഒരു ഭരണഘടനയും പൊക്കി നടക്കുകയാണ്. അതുകഴിഞ്ഞപ്പോൾ വോട്ട് കൊള്ള എന്നുപറഞ്ഞ് ആറ്റം ബോംബും ഹൈഡ്രജൻ ബോംബും ഒക്കെ പൊട്ടിച്ചു. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് കള്ളവോട്ട് പടങ്ങളും പത്രക്കാരെ കാണിച്ചു. കള്ള വോട്ടിന്റെലോഡു കണക്കിന് വോട്ടർ പട്ടിക ചുമന്നു നിൽക്കുന്ന പടവും കാണിച്ചു. ഇതൊന്നും ആയിരുന്നില്ല ബീഹാറിലെ വോട്ടർമാരുടെ മുഖ്യ വിഷയം എന്ന് തിരിച്ചറിയാൻ ഈ നേതാവിന് കഴിഞ്ഞില്ല. അവിടെ ബിജെപി സഖ്യ സർക്കാർ മൂന്നാം തവണ ഭരണത്തിൽ ഇരുന്നപ്പോഴും സാധാരണ ജനങ്ങൾക്ക് നിരവധി ദുരിതങ്ങൾ ഉണ്ടായിരുന്നു. ഇതൊന്നും പുറത്തുകൊണ്ടുവരാൻ രാഹുൽഗാന്ധിക്ക് കഴിഞ്ഞില്ല. വലിയ കണ്ടുപിടുത്തങ്ങൾ നടത്തി ബിജെപിയുടെ തെരഞ്ഞെടുപ്പിലെ തട്ടിപ്പുകൾ പുറത്തുവിട്ടാൽ കയറി വാ മോനെ എന്ന് പറഞ്ഞ് ജനങ്ങൾ രാഹുൽ ഗാന്ധിയെ രണ്ടു കൈയും നീട്ടി വിളിക്കും എന്നൊക്കെയാണ് ഈ മണ്ടശിരോമണി ധരിച്ചത്.
ബീഹാറിൽ ജനങ്ങളുടെ പ്രശ്നങ്ങൾ രാഹുൽ ഗാന്ധി പറഞ്ഞ കള്ളവോട്ട് അല്ല. അവിടെ കർഷക ജനങ്ങൾ ദുരിതത്തിലാണ്. തൊഴിലില്ലായമ കൂടുതലാണ്. വരുമാനമില്ലാതെ കുടുംബം പുലർത്താൻ വിഷമിക്കുന്ന സ്ത്രീകൾ കണ്ണീരുമായി കഴിയുകയാണ്. ഇതൊന്നും രാഹുൽ ഗാന്ധി കണ്ടില്ല. തെരഞ്ഞെടുപ്പ് തന്ത്രം എന്ന നിലയിൽ ഇലക്ഷന് മുൻപു തന്നെ മുഖ്യമന്ത്രി നിതീഷ് കുമാർ എല്ലാ സ്ത്രീകൾക്കും പതിനായിരം രൂപ വീതം മാസംതോറും നൽകുന്ന പദ്ധതി പ്രഖ്യാപിച്ചു. ഇതോടുകൂടി വനിതാ വോട്ടർമാർ നിതീഷ് കുമാറിനെ നെഞ്ചിലേറ്റി. അതിൻറെ ഫലമായാണ് ചരിത്രത്തിൽ ആദ്യമായി ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ ബീഹാറിൽ സ്ത്രീകളുടെ വോട്ടുകൾ കുത്തനെ ഉയർന്നത്.
ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെടാതെ താന്തോന്നിയായി രാഷ്ട്രീയം നടത്തുന്ന രാഹുൽഗാന്ധിയും അദ്ദേഹത്തെ ഉപദേശിക്കുന്ന കേരള നേതാവായ കെ സി വേണുഗോപാലും ഒക്കെ ഈ രാഷ്ട്രീയ പണി നിർത്തി മറ്റെന്തെങ്കിലും തൊഴിലിൽ ഏർപ്പെടുന്നതാണ് നല്ലത്. അല്ല എങ്കിൽ ഹരിയാനയിലും ഇപ്പോൾ ബീഹാറിലും മറ്റു പല സംസ്ഥാനങ്ങളിലും തോൽവി ഉണ്ടാവുകയും അതിൻറെ പേരിൽ അവശേഷിച്ച കോൺഗ്രസ് നേതാക്കൾ പാർട്ടി വിടുകയും ചെയ്യുന്ന അനുഭവം ബീഹാറിൽ ഉണ്ടാകും. ഇപ്പോൾ തന്നെ പല മുതിർന്ന നേതാക്കളും പാർട്ടി വിട്ടു മറ്റു പാർട്ടികളിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. രാഹുൽഗാന്ധി സംഘമാണ് ഇനിയും കോൺഗ്രസ് പാർട്ടിയെ നയിക്കുന്നതെങ്കിൽ അടുത്ത ലോകസഭാ തെരഞ്ഞെടുപ്പ് വരുമ്പോൾ സ്ഥാനാർഥിയായി മത്സരിക്കാൻ പോലും കോൺഗ്രസിൽ ആരും ഉണ്ടാവില്ല എന്നതായിരിക്കും അവസ്ഥ.