ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിലെ അപ്രതീക്ഷിതമായ വമ്പൻ പരാജയത്തോടെ കൂടി കോൺഗ്രസ് പാർട്ടി അനാഥമായ അവസ്ഥയിലാണ്. പാർട്ടിയെ നയിക്കുന്ന രാഹുൽഗാന്ധി അടക്കമുള്ള നേതാക്കൾ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നശേഷം മിണ്ടാട്ടമില്ലാത്ത അവസ്ഥയിലാണ്. തുടർച്ചയായ തോൽവികൾ മാത്രം ഏറ്റുവാങ്ങുന്ന പാർട്ടിയാണ് കോൺഗ്രസ് എന്ന് പറയുന്ന ഗതികേടിലേക്കാണ് കോൺഗ്രസ് എത്തിയിരിക്കുന്നത്. ഏറ്റവും ഒടുവിൽ ബീഹാറിൽ തകർന്നടിഞ്ഞ കോൺഗ്രസിന്റെ പരാജയം എന്തുകൊണ്ട് എന്ന് ചർച്ച നടത്താൻ പോലും ആളില്ലാത്ത അവസ്ഥയിലാണ് ഇപ്പോൾ കോൺഗ്രസ്. മാത്രവുമല്ല തുടർ പരാജയങ്ങൾ മാത്രം നേരിടുന്ന പാർട്ടിയെ എങ്ങനെയാണ് കരകയറ്റുക എന്ന കാര്യത്തിലും ഒരു ഉറപ്പും ഇല്ല. ഹൈക്കമാന്റെ നിർജീവമായി സ്തംഭിച്ചു നിൽക്കുകയാണ്. കോൺഗ്രസിന്റെ ഈ വൻ പ്രതിസന്ധി മുതലെടുക്കാനുള്ള കരുനീക്കങ്ങളാണ് ഇപ്പോൾ ശശി തരൂർ എന്ന നേതാവ് നടത്തിക്കൊണ്ടിരിക്കുന്നത് എന്നാണ് ഡൽഹിയിലെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
കോൺഗ്രസ് രാഷ്ട്രീയത്തിന്റെ വലിയ ചരിത്രവും പാരമ്പര്യവും ഒന്നും അവകാശപ്പെടാനില്ല എങ്കിലും നിലപാടുകളുടെ പേരിൽ ഇന്ത്യയിലെ കോൺഗ്രസ് പ്രവർത്തകർക്ക് ഇടയിൽ കുറെയൊക്കെ ആവേശം ഉണ്ടാക്കിയിട്ടുള്ള നേതാവാണ് ശശി തരൂർ. അതുകൊണ്ട് കൂടിയാണ് എഐസിസി പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ തന്റേടത്തോടെ മത്സരിക്കുവാൻ തരൂർ തയ്യാറായതും രണ്ടാം സ്ഥാനത്ത് എത്താൻ കഴിഞ്ഞതും. ആ ബലത്തിലാണ് തരൂർ കോൺഗ്രസ് പാർട്ടിക്ക് ഒരു തലവേദനയാണ് എന്ന് പറയുമ്പോഴും പാർട്ടിക്കുവേണ്ടി എന്ന തോന്നൽ വരുത്തുന്ന ശക്തമായ നിലപാടുകൾ പരസ്യമായി പറയുന്നത്.
സോണിയ കുടുംബത്തിൻറെ കുരുക്കുകളിൽ പെടാതെ നിൽക്കുന്ന മുതിർന്ന കോൺഗ്രസ് നേതാക്കളായ പി ചിദംബരത്തെ പോലെ ഉള്ളവർ കോൺഗ്രസ് നേതൃത്വത്തിൽ ഒരു മാറ്റം വേണം എന്ന് പറയുന്നുണ്ട്. നെഹ്റു കുടുംബം എന്നൊക്കെ പറയുന്നുണ്ടെങ്കിലും നെഹ്റുമായി ബന്ധമില്ലാത്ത സോണിയ കുടുംബമാണ് ഇപ്പോൾ കോൺഗ്രസ് കയ്യടക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ സോണിയ കുടുംബത്തിലെ ഒരു നേതാവിനും കഴിഞ്ഞ 15 കൊല്ലമായി പാർട്ടിയെ ഒരു തെരഞ്ഞെടുപ്പ് വിജയത്തിലും എത്തിക്കാൻ കഴിയാത്ത സാഹചര്യം ഈ നേതാക്കളുടെ പരാജയത്തെ ബോധ്യപ്പെടുത്തുന്നു.
അതുകൊണ്ടാണ് സോണിയ കുടുംബത്തിന് പുറത്തുനിന്നും ജനതാൽപര്യമുള്ള ഒരു കോൺഗ്രസ് നേതാവ് പാർട്ടി പ്രസിഡൻറ് ചുമതലയിൽ വരണം എന്ന ആവശ്യം ഉയരുന്നത്. മുതിർന്ന നേതാക്കളുടെ ഈ അഭിപ്രായം കൂടുതൽ പേർ അംഗീകരിക്കുന്നു എന്നും പറയപ്പെടുന്നുണ്ട്. ഈ അവസരം മുതലെടുത്ത് വിമർശനം നടത്തുന്ന സീനിയറായ നേതാക്കന്മാർക്ക് ഒപ്പം നിന്നുകൊണ്ട് പാർട്ടിയെ പിളർത്തുക എന്ന തന്ത്രമാണ് ശശി തരൂർ പയറ്റുന്നത്. എന്ത് കുറ്റങ്ങൾ കോൺഗ്രസ് നേതാക്കൾ പറഞ്ഞാലും ശശി തരൂരിന് ഒരു വിശ്വ പൗരന്റെ അംഗീകാരം ജനങ്ങൾക്കിടയിൽ ഉണ്ട്. മാത്രവുമല്ല പാർട്ടിക്കെതിരെ വിമർശിക്കുമ്പോൾ പാർട്ടി വളരുന്നതിന് വേണ്ടിയാണ് എന്ന തരൂരിന്റെ അവകാശവാദങ്ങളെ വെറുതെ തള്ളിക്കളയാനും ആർക്കും കഴിയുന്നില്ല. സോണിയ കുടുംബം ജനം തള്ളിക്കളഞ്ഞ നേതൃനിരയുടെ കുടുംബമാണ് എന്നത് തെരഞ്ഞെടുപ്പ് തോൽവികൾ തെളിയിച്ചു കഴിഞ്ഞു എന്നും ഒരു വിഭാഗം നേതാക്കൾ അഭിപ്രായപ്പെടുന്നുണ്ട്. ഇപ്പോൾ ഉരുത്തിരിഞ്ഞു വരുന്ന പുതിയ രാഷ്ട്രീയ കാറ്റുകൾ തരൂരിന് അനുകൂലമായാൽ അപ്രതീക്ഷിതമായി കോൺഗ്രസ് പാർട്ടിയുടെ ചുക്കാൻ പിടിക്കുന്ന ആളായി മാറാൻ ചിലപ്പോൾ തരൂരിന് കഴിഞ്ഞെന്നു വരാം.