കോൺഗ്രസിനെ നശിപ്പിക്കുക എന്നത് നേതാക്കളുടെ അജണ്ട

രാഹുലിനെ തോളിലേറ്റിയും തള്ളിയും കോൺഗ്രസ് പാർട്ടി..

കോൺഗ്രസിനെ നശിപ്പിക്കുക എന്നത് നേതാക്കളുടെ അജണ്ട..നാണംകെട്ട കേസിലും പക്ഷം പിടിച്ച് തർക്കം..രാഹുലിനെ തോളിലേറ്റിയും തള്ളിയും കോൺഗ്രസ് പാർട്ടി…
പഞ്ചായത്ത് /മുൻസിപ്പൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ കൊടുമ്പിരി കൊള്ളുമ്പോൾ പ്രധാന പാർട്ടിയായ കോൺഗ്രസിനകത്ത് നാണംകെട്ട ഒരു വിഷയത്തിന്റെ പേരിൽ പക്ഷം തിരിഞ്ഞുള്ള പോരാട്ടമാണ് നടക്കുന്നത്.. യാതൊരുവിധ ജാള്യതയുമില്ലാതെയാണ് നേതാക്കന്മാർ ലൈംഗിക പീഡനവിഷയത്തെ സംബന്ധിച്ച് പ്രസ്താവനകൾ നടത്തുന്നത്. ഒരു കൂട്ടം നേതാക്കൾ രാഹുലിനെ തോളിലേറ്റുമ്പോൾ മറ്റൊരുകൂട്ടർ തള്ളികളയുന്നു. ഇതിനിടയിൽ സൈബറിടങ്ങളിൽ സംഘo ചേർന്നുള്ള പോരാട്ടം വേറെയും… ഇതിന്റെയെല്ലാം പ്രത്യാഘാതം കോൺഗ്രസ് പാർട്ടിക്കും ആ പാർട്ടി നയിക്കുന്ന യുഡിഎഫിനുമാണ് ഏൽക്കേണ്ടി വരിക. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് എന്നത് സാധാരണ പ്രവർത്തകർക്ക് പങ്കാളിത്തമുള്ള ഒരു തെരഞ്ഞെടുപ്പാണ്. ഒരു പഞ്ചായത്ത് മെമ്പർ ആകാൻ കിട്ടുന്ന അവസരം. ഇതിനായി പ്രവർത്തകർ കഠിനാധ്വാനത്തിലാണ്.. ഒരു യുവ എംഎൽഎയും മുൻ യൂത്ത് കോൺഗ്രസ് നേതാവുമായിരുന്ന ഒരാളിന്റെ ലൈംഗിക പീഡനകഥ ഉയർത്തിക്കാട്ടി ഒരുവശത്ത് നേതാക്കൾ വഴക്കിടുന്നു. സാധാരണഗതിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടായാൽ എതിർവശത്തുള്ള രാഷ്ട്രീയ പാർട്ടികളാണ് പ്രസ്താവനകളുമായി മുതലെടുപ്പിന് ശ്രമിക്കുക. ഇവിടെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതാക്കന്മാരെക്കാൾ ആവേശത്തോടെയാണ് രാഹുലിനെ ന്യായീകരിക്കുകയും തള്ളുകയും ചെയ്യുന്നത്. യഥാർത്ഥത്തിൽ പഞ്ചായത്ത് തലത്തിലും മറ്റും മത്സരിക്കുന്ന കോൺഗ്രസിന്റെ ആയിരക്കണക്കിന് സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് വിജയത്തെയായിരിക്കും ഇത് ബാധിക്കുക.അധികാരത്തിൽ തുടരുന്ന സിപിഎമ്മിന്റെ എം എൽ എ അടക്കമുള്ള നേതാക്കൾക്കെതിരെയും ഇതുപോലെതന്നെ ലൈംഗിക പീഡന കേസുകൾ ഉണ്ട്. എന്നാൽ അതിനെയെല്ലാം നേരിടാനും ന്യായീകരിക്കാനും സിപിഎമ്മിന്റെ നേതാക്കൾ ഒറ്റ സ്വരത്തിലുണ്ട്. കോൺഗ്രസിൽ അതല്ല സ്ഥിതി. പല തരം അഭിപ്രായങ്ങളാണ് നേതാക്കൾക്കു പോലും. അതുകൊണ്ടുതന്നെ പൊതുജനം കോൺഗ്രസ് പാർട്ടിയോട് ഇഷ്ടക്കേട് കാണിക്കും എന്നതാണ് വാസ്തവം. ഇത് തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുകയും ചെയ്യും എന്ന കാര്യത്തിൽ ഒട്ടും തർക്കമില്ല…