അരഡസനോളം രാഷ്ട്രീയ പാർട്ടികളുടെ മുന്നണിയാണ് ബിജെപി നേതൃത്വം കൊടുക്കുന്ന എൻ.ഡി.എ. എന്നാൽ കേരളത്തിൽ നടക്കുന്ന പഞ്ചായത്ത് മുൻസിപ്പൽ തെരഞ്ഞെടുപ്പിൽ ബിജെപി ആരെയും പരിഗണിക്കാതെ ഒറ്റയ്ക്ക് മുന്നേറുകയാണ്. ഒരു ഘടകകക്ഷിക്കും കാര്യമായ ജനപിന്തുണ ഇല്ല എന്നതാണ് ഇത്തരത്തിൽ ഒരു നിലപാടിന് പാർട്ടിയെ പ്രേരിപ്പിച്ചത്. ആരുടെയും അഭിപ്രായങ്ങളെ ഉൾക്കൊള്ളാതെ പാർട്ടി സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖർ ഈ കടുത്ത തീരുമാനമെടുത്തത് ബിജെപിയുടെ സ്വന്തം ലേബലിൽ വിജയം ഉണ്ടാക്കിയെടുക്കുന്നതിനുള്ള തന്ത്രമാണ്. ബിജെപിയുടെ മുന്നണിയിൽ പ്രധാന രാഷ്ട്രീയ പാർട്ടിയായി നിന്നിരുന്ന ഈഴവ സമുദായ പ്രാഥിനിത്യമുള്ള ബീഡിജെഎസ് എന്ന പാർട്ടിയെ ഒരു തരത്തിലും പരിഗണിക്കാതെ അവഗണിച്ചിരിക്കുകയാണ്. ഇതിന് ബിജെപി പ്രസിഡൻറ് പറയുന്ന ന്യായീകരണം ഏറെക്കുറെ ശരിയാണ്. തുഷാർ വെള്ളാപ്പള്ളി ചെയർമാനായ ബിഡിജെഎസ് ജന പിന്തുണയില്ലാത്ത വെറും കടലാസ് സംഘടന മാത്രമാണ് എന്നാണ് പാർട്ടി പ്രസിഡൻറ് പറയുന്നത്.
ഈഴവ സമുദായ സംഘടന നേതാവായ വെള്ളാപ്പള്ളി നടേശൻ ആഗോള അയ്യപ്പാ സംഗമം സർക്കാർ നടത്തിയപ്പോൾ പിണറായിയെ പുകഴ്ത്തിക്കൊണ്ട് ഇടതുമുന്നണിക്ക് അനുകൂല നിലപാട് സ്വീകരിച്ചു ഇതാണ് ബിജെപിയെ ചൊടിപ്പിച്ചത്. യാതൊരു ജന പിന്തുണയും ഇല്ലാത്ത പാർട്ടിയെ ചുമക്കേണ്ടതില്ല എന്നാണ് രാജീവ് ചന്ദ്രശേഖറിൻ്റെ നിലപാട്. ഇത്തരത്തിൽ നിലപാട് എടുത്തതിന്റെ പിന്നിൽ ഒരു കാരണം കൂടിയുണ്ട്. തുഷാറിന്‍റെ പാർട്ടിക്ക് മുന്നണി നൽകിയ സീറ്റുകളിൽ പലയിടത്തും മത്സരിക്കാൻ സ്ഥാനാർഥികൾ പോലും ഇല്ല എന്ന കാരണത്താലാണ് ഈ അവഗണന ഉണ്ടായത്.
ഈ തദ്ദേശ തെരഞ്ഞെടുപ്പിൽ 21065 സീറ്റുകളിലാണ് ബിജെപിയും മുന്നണിയും മത്സരിക്കുന്നത്. 19871 സീറ്റുകളിൽ ബിജെപി സ്വന്തം സ്ഥാനാർത്ഥികളെ നിർത്തിയിട്ടുണ്ട്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ തുഷാറിന്‍റെ പാർട്ടി 650 സീറ്റുകളിൽ മത്സരിച്ചിരുന്നു. 10 ശതമാനം സീറ്റുകളിൽ പോലും വിജയിച്ചില്ല. ഈ തവണ അതേ കണക്കിന് സീറ്റ് നൽകാൻ ബിജെപി തയ്യാറായെങ്കിലും പലയിടത്തും മത്സരിക്കാൻ ബി.ഡി ജെ. എസ് പാർട്ടിക്ക് ആളുകൾ ഇല്ലാതെ വന്ന അവസ്ഥ തിരിച്ചറിഞ്ഞ് ആണ് ബിജെപി നേതൃത്വം തുഷാർ വെള്ളാപ്പള്ളിയെ കാര്യമായി പരിഗണിക്കേണ്ട എന്ന തീരുമാനത്തിൽ എത്തിയത്.
പത്തുവർഷം മുൻപ് ഈഴവ സമുദായ നേതാവായ വെള്ളാപ്പള്ളി നടേശൻ മുൻകൈ എടുത്തുകൊണ്ടാണ് സമുദായ രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ ബി.ഡി ജെ എസ് എന്ന പാർട്ടി രൂപീകരിച്ചത്. ആദ്യഘട്ടത്തിൽ വലിയ ജന പിന്തുണ ഉണ്ടായിയെങ്കിലും സ്വന്തം മകൻ തുഷാറിനെ പാർട്ടിയുടെ തലപ്പത്ത് എത്തിച്ചതോടുകൂടി ഈഴവ സമുദായ അംഗങ്ങൾ പിരിഞ്ഞു പോകുന്ന സ്ഥിതി വന്നു. ഒരു രാഷ്ട്രീയ പാർട്ടി ആയിട്ട് പോലും ആ പാർട്ടിക്ക് എന്തെങ്കിലും നിലപാടോ ആശയമോ ആദർശമോ ലക്ഷ്യമോ ഇല്ലാതെ വന്നതാണ് പാർട്ടി ജനങ്ങൾക്കിടയിൽ നിന്നും അകലുന്നതിന് വഴിയൊരുക്കിയത്. ഇതിനിടയിലാണ് പാർട്ടി ചെയർമാൻ ആയ തുഷാർ വെള്ളാപ്പള്ളി അച്ഛനായ വെള്ളാപ്പള്ളി നടേശനം ഒത്തുചേർന്നുകൊണ്ട് കുടുംബകാര്യമായി പാർട്ടിയെ കൊണ്ടുനടക്കുന്ന സ്ഥിതി വന്നത്. ഇതെല്ലാം വലിയ അത്ഭുതത്തോടെ പിറവിയെടുത്ത ഈഴവ സമുദായ പാർട്ടിയെ ഒന്നുമല്ലാത്ത അവസ്ഥയിൽ എത്തിച്ചു എന്നതാണ് വാസ്തവം.