ആട് വളർത്തൽ ; ശ്രദ്ദിക്കേണ്ട കാര്യങ്ങൾ
ആടുകളുടെ സുരക്ഷിതത്വവും നല്ല വായുസഞ്ചാരവും മാത്രമാണ് അവശ്യഘടകങ്ങള്‍. ചൂടും സ്ഥലക്കുറവും അതിജീവിക്കാന്‍ ആടുകള്‍ക്ക് നിഷ്പ്രയാസം കഴിയും. രാത്രികാലങ്ങളില്‍ മാത്രം ആടുകളെ കൂട്ടിലാക്കുന്ന രീതിയാണെങ്കില്‍ ഒരാടിന് 10 ചതുരശ്ര അടിയും മുഴുവന്‍ സമയവും കൂട്ടില്‍ നിര്‍ത്തുന്നവയ്ക്ക് ഒന്നിന് 15 ചതുരശ്ര അടിയുമാണ് സ്ഥലം വേണ്ടത്. നിലത്തുനിന്നും നാലടി പൊക്കത്തില്‍ പൊങ്ങി നില്‍ക്കുന്ന രീതിയിലാണ് തറ പണിയേണ്ടത്.
തറ നിര്‍മിക്കാന്‍ വേണ്ട മുള, പനമ്പട്ട, മരം എന്നിവയ്ക്ക് പകരമായി ഫെറോസിമന്‍റ് സ്ലാബുകളും കട്ടികൂടിയ പിവിസി സ്ലാബുകളും ഉപയോഗിക്കാം. ഇവ ആദായകരവും കൂടുതല്‍ കാലം ഈടുനില്‍ക്കുന്നവയുമാണ്. വശങ്ങളില്‍ കമ്പിവലയും മേല്‍ക്കൂരയില്‍ ടിന്‍ ഷീറ്റും ഉപയോഗിക്കാം. ഓലമേഞ്ഞ് പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് പൊതിഞ്ഞും ഉപയോഗിക്കാം. വെള്ളം കുടിക്കാന്‍ വശങ്ങളില്‍ ഉറപ്പിച്ച പിവിസി ഡ്രെയിനേജ് പൈപ്പുകളും തീറ്റപ്പാത്രങ്ങളായി ടയറുകളില്‍ ഇറക്കിവെച്ച പ്ലാസ്റ്റിക് ബേസിനുകളും മതി. തീറ്റപ്പുല്ല് അരിഞ്ഞിട്ട് കൊടുക്കാനായി രണ്ടിഞ്ച് കമ്പിവല വളച്ചുകെട്ടി കൂടപോലെയാക്കി കൂടിനുള്ളില്‍ സജ്ജീകരിക്കണം.
കൂടിന്‍റെ ഉള്ളിലെ അറകളുടെ വാതിലുകളും
ഇടനാഴിയും ഒരേ വീതിയിലായാല്‍ വാതിലുകള്‍ പുറത്തേക്ക് തുറന്നുവച്ചു ഇടനാഴി ആവശ്യാനുസരണം ബ്ലോക്ക് ചെയ്യാന്‍ കഴിയും.
ആടുകളെ തെരഞ്ഞെടുക്കുമ്പോള്‍
ആട്ടിന്‍കുട്ടികളുടെ വില്‍പ്പനയാണ് പ്രധാന വരുമാനമാര്‍ഗ്ഗമായി ഉദ്ദേശിക്കുന്നതെങ്കില്‍ മലബാറി ആടുകളെ മാത്രം തിരഞ്ഞെടുക്കുക.മാംസാവശ്യത്തിനുള്ള വില്‍പ്പന കൂടി ഉദ്ദേശിച്ചാണെങ്കില്‍ മലബാറി പെണ്ണാടുകളെ ജമ്നാപ്യാരി മുട്ടനാടുകളുമായി ഇണചേര്‍ക്കുക. ഒന്നാം തലമുറയിലെ വളര്‍ച്ചാനിരക്കില്‍ ഇവയെ വെല്ലാന്‍ മറ്റൊരിനമില്ല. മറ്റ് ഉത്തരേന്ത്യന്‍ ഇനങ്ങളെ വളര്‍ത്തുന്നതിന്‍റെ ലാഭം അവയുടെ ഒറ്റക്കുഞ്ഞുങ്ങളെ മോഹവിലയ്ക്ക് വിപണനം ചെയ്യാന്‍ നിങ്ങള്‍ക്കുള്ള കഴിവിനേക്കൂടി ആശ്രയിച്ചിരിക്കുന്നു.
പെണ്ണാടുകളെയാണ് വാങ്ങുന്നതെങ്കില്‍ 12 മുതല്‍ 14 മാസംവരെ പ്രായമുള്ള ആരോഗ്യമുള്ളവയെ മാത്രം തിരഞ്ഞെടുക്കുക.
പിറകിലെ നട്ടെല്ലുകളുടെ വശങ്ങള്‍ കൊഴുത്ത് ഉരുണ്ടിരിക്കുക, വാലിന്‍റെ കടഭാഗം രണ്ടുവശവും നികന്നിരിക്കുക, ഇടുപ്പിലെ മാംസപേശികള്‍ മാംസളമായിരിക്കുക, വാല് താഴ്ന്നു കിടക്കാതിരിക്കുക എന്നിവയാണ് ആരോഗ്യത്തിന്‍റെ ബാഹ്യലക്ഷണങ്ങള്‍.
കീഴ്ത്താടിയിലെ മുന്‍വശത്തെ പല്ലുകളില്‍ നടുക്കുള്ള നാലെണ്ണം മാത്രം വലുതും മഞ്ഞനിറമുള്ളതും ആകുന്ന പ്രായം വരെയുള്ളവയെ വാങ്ങണം. ശരീരത്തിന്‍റെ പുറകുവശത്തൊഴികെ മറ്റുഭാഗങ്ങളില്‍ രോമം വളരെ നീണ്ടുവളര്‍ന്ന ആടുകളെ ഒഴിവാക്കണം.
ആട്ടിന്‍കുട്ടികളെയാണ് വാങ്ങുന്നതെങ്കില്‍ 3 മുതല്‍ 4 മാസംവരെ പ്രായമുള്ളവയില്‍ ഏറ്റവും വളര്‍ച്ചാനിരക്കുള്ള പെണ്ണാട്ടിന്‍കുട്ടികളെ മാത്രം തെരഞ്ഞെടുക്കുക.