ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ ജീവനക്കാരന്‍ അപമാനിക്കാന്‍ ശ്രമിച്ചെന്ന് സ്ത്രീയുടെ പരാതി

തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍വെച്ച്‌ സ്ത്രീയെ അപമാനിക്കാൻ ശ്രമിച്ചെന്ന പരാതിയില്‍ ക്ഷേത്രം ജീവനക്കാരനെതിരേ പോലീസ് കേസെടുത്തു. തിരുവനന്തപുരം ഫോര്‍ട്ട് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞദിവസം പുലര്‍ച്ചെ ദര്‍ശനത്തിന് എത്തിയപ്പോള്‍ ശ്രീകോവിലിന് സമീപത്തുവെച്ച്‌ ജീവനക്കാരൻ ശരീരത്തില്‍ സ്പര്‍ശിച്ച്‌ അപമാനിക്കാൻ ശ്രമിച്ചെന്നാണ് സ്ത്രീയുടെ ആരോപണം. സംഭവത്തില്‍ ബുധനാഴ്ച വൈകിട്ട് പോലീസ് സ്റ്റേഷനില്‍ നേരിട്ടെത്തിയാണ് സ്ത്രീ പരാതി നല്‍കിയത്. അതേസമയം, നിയന്ത്രിതമേഖലയിലേക്ക് കടക്കാൻ ശ്രമിച്ചപ്പോള്‍ ഇത് തടയുക മാത്രമാണുണ്ടായതെന്നാണ് ജീവനക്കാരന്റെ വിശദീകരണം. സംഭവസ്ഥലത്ത് സിസിടിവി ക്യാമറകളുള്ളതിനാല്‍ ഇതിലെ ദൃശ്യങ്ങള്‍ പരിശോധിക്കാനാണ് പോലീസിന്റെ നീക്കം.