ടെക്നോപാർക്കിന് മുന്നിലെ ആക്രമണം, പ്രതി അറസ്റ്റിൽ
തിരുവനന്തപുരം : കഴക്കൂട്ടം ടെക്നോപാർക്ക് ഫെയ്സ് മൂന്നിന് സമീപം ദേശീയ പാതയിൽ കഴിഞ്ഞ 16 ന് ഉണ്ടായ കത്തിക്കുത്തിലെ ഒന്നാം പ്രതിയെ കഴക്കൂട്ടം പോലീസ് പിടികൂടി. ആൾ സെയിന്റ്സ് സ്വദേശി ഷ്യാം ഖാനാണ് (25) പിടിയിലായത്. കഴിഞ്ഞ മാസം പതിനാറാം തീയതി വെളുപ്പിന് ഒരു മണിക്ക് മണക്കാട് സ്വദേശികളായ അൽ അമീൻ അൽത്താഫ്, പൂന്തുറ സ്വദേശി അർഷാദ് എന്നിവർ മുക്കോലയ്ക്കലുള്ള കഫെയിൽ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഈ സമയം അവിടെ ഉണ്ടായിരുന്ന ഷ്യാം ഖാനും സുഹൃത്തുക്കളുമായി ഇവർ വാക്കേറ്റം ഉണ്ടാവുകയും തുടർന്ന് അൽ അമീൻ സുഹൃത്തായ അബ്ദുല്ലയെ വിവരം അറിയിക്കുകയും ചെയിതു. അബ്ദുള്ള സുഹൃത്തുക്കളായ നസീബ് മുഹമ്മദ് അജ്മൽ ഖാൻ ആസിഫ് അനിൽ എന്നിവരെയും കൂട്ടി ഹോട്ടലിലെത്തി. ഇതോടെ ഇരു കൂട്ടരും തമ്മിൽ വാക്കേറ്റവും അടിപിടിയുമുണ്ടായി. സംഘത്തിലുണ്ടായിരുന്ന ഷ്യാം ഖാൻ കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് അജ്മൽ ഖാന്റെ തുടയിലും നസീബിന്റെ വയറിലും കുത്തുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ ഷ്യാം വിവിധ സ്ഥലങ്ങലിലായി താമസിച്ച് വരികയായിരുന്നു. ഇതിനിടയിലാണ് ഇന്നലെ ശ്രീകാര്യത്തു വെച്ച് പിടിയിലായത്. ഈ കേസിൽ മൂന്നുപേരെ കൂടി പിടികൂടാനുണ്ടെന്ന് കഴക്കൂട്ടം പോലീസ് പറഞ്ഞു.