ശംഖുമുഖത്ത് ആഘോഷത്തിരമാല; ഓണം വാരാഘോഷത്തിൽ തകർപ്പൻ കലാപരിപാടികൾ

ഇത്തവണ ഓണം അടിച്ചുപൊളിക്കാൻ ശംഖുമുഖവും അണിഞ്ഞൊരുങ്ങി. തകർപ്പൻ പരിപാടികളാണ് ശംഖുമുഖത്ത് ഒരുക്കിയിരിക്കുന്നത്. കൂറ്റൻ അമ്യൂസ്‌മെന്റ് പാർക്കും, കുട്ടികൾക്കുള്ള മികച്ച കളിയുപകരണങ്ങളും, കുട്ടി ട്രെയിനും, കുതിര സവാരിയും, ഉത്തരവാദിത്ത മിഷൻ യൂണിറ്റുകളുടെ വിപണന മേളയും ആസ്വദിക്കുന്നതോടൊപ്പം വൈകുന്നേരം 6 മണി മുതൽ ഊരാളി, ധ്വനി, കനൽ ബാന്റുകളുടെ ഗാനമേളയും, മജീഷ്യൻ സാമ്രാജിന്റെ ഇന്റർനാഷണൽ ഹൊറർ മാജിക്ക്‌ഷോ സൈക്കോ മിറാക്കുളയും, രംഗപ്രഭാത്, അരുമ എന്നീ കുട്ടികളുടെ നാടകവേദികൾ അവതരിപ്പിക്കുന്ന കുട്ടികളുടെ നാടകങ്ങളും ആസ്വദിക്കാം. ഒപ്പം വിവിധ കലാകാരന്മാർ അവതരിപ്പിക്കുന്ന വ്യത്യസ്ത പരിപാടികളും ആസ്വദിക്കാം. ശംഖുമുഖത്തെ പ്രത്യേക ആകർഷണമാണ് ഉത്തരവവാദിത്ത ടൂറിസം മിഷനിൽ രജിസ്റ്റർ ചെയ്ത യൂണിറ്റുകളുടെ വ്യാപാര വിപണനമേളയും, ഭക്ഷ്യമേളയും.