ഫോര്‍ട്ട് കൊച്ചിയില്‍ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവത്തില്‍ നാവികസേന ആഭ്യന്തര അന്വേഷണം ആരംഭിച്ചു

ഫോര്‍ട്ട് കൊച്ചിയില്‍ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവത്തില്‍ നാവികസേന ആഭ്യന്തര അന്വേഷണം ആരംഭിച്ചു. വെടിയേറ്റ ദിവസം കടലില്‍ ഉണ്ടായിരുന്ന ബോട്ടുകളും കപ്പലുകളും കേന്ദ്രീകരിച്ച് അന്വേഷണ സംഘം പരിശോധന നടത്തും. കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പൊലീസില്‍നിന്ന് നാവികസേന ശേഖരിച്ചിട്ടുണ്ട്.

 

 

അതേസമയം, വെടിയുണ്ടയുടെ ശാസ്ത്രീയ പരിശോധനാ ഫലം ഇന്ന് ലഭിക്കുമെന്നാണ് വിവരം. ഫോര്‍ട്ട് കൊച്ചി നാവിക പരിശീലനകേന്ദ്രത്തിലെ തോക്കുകള്‍ വിദഗ്ധര്‍ പരിശോധിച്ചെങ്കിലും ഉപയോഗിച്ച തോക്ക് ഏതാണെന്ന് കണ്ടെത്താനായില്ല. രാജ്യ സുരക്ഷാപ്രശ്‌നം ഉള്ളതിനാല്‍ ആയുധങ്ങളുടെ വിവരം നല്‍കാന്‍ ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി വേണമെന്നാണ് നേവി നിലപാട്.

 

 

നാവികസേന പരിശീലനത്തിന് ഉപയോഗിച്ച തോക്കുകള്‍ ഹാജരാക്കാന്‍ പൊലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. തോക്കുകള്‍ തിരുവനന്തപുരത്തെ ഫോറന്‍സിക് ലാബില്‍ അയച്ച് ടെസ്റ്റ് ഫയറിങ് നടത്താനാണ് പൊലീസ് തീരുമാനം. മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ് അഞ്ചു ദിവസം കഴിഞ്ഞിട്ടും വെടിവച്ചത് ആരാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.