യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്

ആലുവ- പെരുമ്പാവൂര്‍ റോഡിലെ കുഴിയില്‍ വീണ് യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്. റോഡ് അറ്റകുറ്റപണി നടത്തിയതിലെ വീഴ്ച പരിശോധിച്ചാവും നടപടി സ്വീകരിക്കുക.

 

 

മരണം ഉണ്ടാവാന്‍ പാടില്ലാത്തതും ദുഃഖകരവുമാണ്. അറ്റകുറ്റ പണിയില്‍ അപാകതയില്ലെന്ന് കണ്ടെത്തിയ വിജിലന്‍സ് റിപ്പോര്‍ട്ടും പരിശോധിക്കും. റോഡ് വീണ്ടും ടാര്‍ ചെയ്തു പ്രശ്‌നം പരിഹരിക്കുമെന്നും മന്ത്രി കണ്ണൂരില്‍ പറഞ്ഞു.

 

 

 

ആലുവ- പെരുമ്പാവൂര്‍ റോഡിലെ കുഴിയില്‍ വീണ് മാറമ്പിള്ളി സ്വദേശി കുഞ്ഞു മുഹമ്മദാണ് മരിച്ചത്. ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് ഇന്നലെ വൈകിട്ടാണ് കുഞ്ഞു മുഹമ്മദ് മരിച്ചത്. ആലുവ പെരുമ്പാവൂര്‍ റോഡിലെ ചാലക്കല്‍ പതിയാട്ട് കവലയിലെ കുഴിയില്‍ വീണാണ് ദിവസങ്ങള്‍ക്ക് മുമ്പ് കുഞ്ഞു മുഹമ്മദിന് ഗുരുതരമായി പരിക്കേറ്റത്. തലയടിച്ച് വീണതിനാല്‍ ദിവസങ്ങളായി സംസാര ശേഷിയും ഓര്‍മ്മശ്കതിയും നഷ്ടമായി ആശുപത്രിയില്‍ കഴിയുകയായിരുന്നു.

 

 

സംഭവത്തില്‍ കരാറുകാരനെതിരെ പൊലീസ് കേസെടുത്തേക്കും. കേസെടുക്കുന്നതിലെ നിയമസാധ്യതകള്‍ പൊലീസ് തേടുന്നുണ്ട്. നേരത്തെ സമാനസംഭവത്തില്‍ ദേശീയപാത കരാറുകാരനെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിനിടെ അറ്റകുറ്റ പണികള്‍ക്ക് പിന്നാലെ റോഡ് വീണ്ടും തകര്‍ന്ന സാഹചര്യത്തില്‍ സര്‍ക്കാരിനെതിരെ സമരത്തിനൊരുങ്ങുകയാണ് കോണ്‍ഗ്രസ്.