മുസ്ലീം, ക്രിസ്ത്യന്‍ വിഭാഗങ്ങളെ അഭ്യന്തര ശത്രുക്കളായി സംഘപരിവാര്‍ ചിത്രീകരിക്കുന്നു: രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: സംഘപരിവാറിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മുസ്ലീം, ക്രിസ്ത്യന്‍ വിഭാഗങ്ങളെ സംഘപരിവാര്‍ അഭ്യന്തര ശത്രുക്കളായി ചിത്രീകരിക്കുകയാണെന്നും ബിജെപി നേതാക്കള്‍ നേരിട്ട് ന്യൂനപക്ഷങ്ങള്‍ക്ക് എതിരെ കലാപ ആഹ്വാനം നടത്തുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. കേന്ദ്ര അധികാരത്തിന്റെ മറവില്‍ സംഘപരിവാര്‍ ഭരണഘടനയെ വെല്ലുവിളിക്കുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

രാജ്യത്തെ പാഠ പുസ്തകങ്ങളില്‍ ഗാന്ധി വധം എന്നത് ഗാന്ധിയുടെ മരണം എന്ന് തിരുത്താന്‍ ശ്രമം തുടങ്ങിയിരിക്കുന്നുവെന്നും അംബേദ്കര്‍ ഭരണഘടനാ ശില്പി അല്ല എന്ന് വാദിക്കാന്‍ തുടങ്ങിയിരിക്കുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു. ഹിന്ദു എന്നതിന്റെ വിപരീത പദം മുസ്ലീം എന്ന് പഠിപ്പിച്ചു തുടങ്ങിയിരിക്കുകയാണെന്നും പിണറായി വിജയൻ പറഞ്ഞു.

ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കുമെന്ന് ആര്‍എസ്എസ് പ്രഖ്യാപിച്ചതാണെന്നും അത് ഭരണഘടനയ്ക്ക് എതിരാണെന്നും അദ്ദേഹം വ്യക്തമാക്കി. ജാതി വിവേചനം, മത വിദ്വേഷം എന്നിവയുടെ ചങ്ങല കെട്ടുകള്‍ പൊട്ടിക്കാന്‍ ഭരണഘടനാ എന്ന ആയുധത്തിന് ശേഷിയുണ്ടെന്നും, കേരള നവോത്ഥാന സമിതി സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ, മതേതര സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ മുഖ്യമന്ത്രി വ്യക്തമാക്കി.