പുൽപ്പള്ളി ബാങ്ക് തട്ടിപ്പ് കേസ്; കെപിസിസി ജനറൽ സെക്രട്ടറി കെ കെ അബ്രഹാം കസ്റ്റഡിയിൽ

കൽപ്പറ്റ : പുൽപ്പള്ളി ബാങ്ക് തട്ടിപ്പ് കേസിൽ കെപിസിസി ജനറൽ സെക്രട്ടറി കെ കെ അബ്രഹാം കസ്റ്റഡിയിലിരിക്കെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തട്ടിപ്പ് നടക്കുന്ന വേളയിൽ ബാങ്ക് ഭരണസമിതി പ്രസിഡൻ്റായിരുന്നു കെ കെ അബ്രഹാം. നിലവിൽ കെപിസിസി ജനറൽ സെക്രട്ടറിയായ ഇയാളെ ഇന്നലെ അർധരാത്രിയാണ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ എടുത്തത്. മുൻ ബാങ്ക് സെക്രട്ടറി രമ ദേവിയും പോലീസ് കസ്റ്റഡിയിലാണ്. പരാതിക്കാരന്‍റെ ആത്മഹത്യക്ക് പിന്നാലെയാണ് നടപടികളിലേക്ക് പോലീസ് കടന്നത്. . ഇയാളെ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യാനായാണ് കസ്റ്റഡിയിൽ എടുത്തതെന്ന് പൊലീസ് അറിയിച്ചു. ആറ് വർഷം മുൻപാണ് പുൽപ്പള്ളി സർവീസ് സഹകരണ ബാങ്കിൽ നിന്ന് ഭൂമി പണയം വെച്ച് എൺപതിനായിരത്തോളം രൂപ രാജേന്ദ്രൻ വായ്പയെടുക്കുന്നത്. തിരിച്ചടവ് മുടങ്ങിയതോടെ 2019 ൽ ബാങ്കിൽ നിന്ന് ജപ്തി നോട്ടീസ് ലഭിച്ചു. 25 ലക്ഷം രൂപ വായ്പയുണ്ടെന്നായിരുന്നു നോട്ടിസിൽ. ഇതോടെയാണ് തട്ടിപ്പിനിരയായ വിവരം രാജേന്ദ്രൻ അറിയുന്നത്. അന്നത്തെ കോൺഗ്രസ് ഭരണ സമിതി തന്റെ വ്യാജ ഒപ്പിട്ട് ലക്ഷങ്ങൾ തട്ടിയെന്ന് കാണിച്ച് പൊലീസിൽ പരാതി നൽകി. ഹൈക്കോടതിയിലടക്കം കേസ് നീണ്ടതിനാൽ ബാങ്കിൽ പണയം വെച്ച ഭൂമി വിൽക്കാൻ രാജേന്ദ്രനായില്ല. ഈ മനോവിഷമമാണ് 55 വയസുകാരനായ രാജേന്ദ്രന്റെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കുടുംബം പറയുന്നു.