കാട്ടാക്കടയിൽ വ്യാപാരിയെ കാറിനുള്ളിൽ വിലങ്ങിട്ട് പൂട്ടിയ സംഭവത്തിൽ പൊലീസുകാരൻ ഉൾപ്പെടെ രണ്ടു പേർ അറസ്റ്റിൽ

തിരുവനന്തപുരം: കാട്ടാക്കടയിൽ വ്യാപാരിയെ കാറിനുള്ളിൽ വിലങ്ങിട്ട് പൂട്ടിയ സംഭവത്തിൽ പോലീസുകാരൻ ഉൾപ്പെടെ രണ്ടു പേർ അറസ്റ്റിൽ. പോലീസ് ഉദ്യോഗസ്ഥനായ നെടുമങ്ങാട് സ്വദേശി വിനീത്, സുഹൃത്ത് അരുൺ എന്നിവരാണ് അറസ്റ്റിലായത്. എന്നാൽ കാട്ടാക്കട ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ പ്രതികളുടെ ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്. സാമ്പത്തിക തട്ടിപ്പ് കേസിൽ വിനീതിനെ സർവീസിൽ നിന്ന് നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. കഴിഞ്ഞ ആഴ്ചയാണ് പൂവച്ചൽ സ്കൂളിന് സമീപത്ത് വച്ച് വ്യാപാരിയെ പോലീസ് വേഷത്തിലെത്തിയ രണ്ടു പേർ ബന്ദിയാക്കിയത്. കടപൂട്ടി കാട്ടാക്കടയിൽ നിന്ന് നെടുമങ്ങാട്ടെ വീട്ടിലേക്ക് കാറിൽ മടങ്ങുകയായിരുന്ന മുജീബിനെ പ്രതികൾ തടഞ്ഞുനിർത്തിയത്. തുടർന്ന് കാറിൽ കയറി ഇരുവരും മുജീബിനെ കൈയിൽ വിലങ്ങിട്ട് പൂട്ടി. മുജീബ് ബഹളം വച്ചതോടെ വാഹനം ഉപേക്ഷിച്ച് പ്രതികൾ കടന്നു കളയുകയായിരുന്നു. കാർ പോലീസ് കണ്ടെത്തിയിട്ടുണ്ട്.