ശക്‌തിധരന്റെ ആരോപണങ്ങള്‍ കേസിലകപ്പെട്ട സുധാകരനെയും സതീശനേയും രക്ഷിക്കാനെന്ന്‌ സി പി എം

 

തിരുവനന്തപുരം : കൈതോലപ്പായയില്‍ പണം കടത്തിയെന്നും കെ. സുധാകരനെ കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നുമുള്ള ജി. ശക്‌തിധരന്റെ ആരോപണങ്ങളെ പുച്‌ഛിച്ചുതള്ളി സി.പി.എം നേതൃത്വം.
എസ്‌.എഫ്‌.ഐക്ക്‌ എതിരായ ആരോപണങ്ങളും തള്ളിക്കളഞ്ഞു. തട്ടിപ്പ്‌ കേസില്‍പ്പെട്ട പ്രതിപക്ഷനേതാവിനെയും കെ.പി.സി.സി പ്രസിഡന്റിനേയും രക്ഷിക്കാനാണ്‌ മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്നും സി.പി.എം സംസ്‌ഥാന സെക്രട്ടറിയേറ്റ്‌ യോഗതീരുമാനങ്ങള്‍ വിശദീകരിച്ച്‌ സംസ്‌ഥാന സെക്രട്ടറി. എം.വി. ഗോവിന്ദന്‍. പാര്‍ട്ടിക്കുള്ളില്‍ തെറ്റുതിരുത്തല്‍ നടപടികള്‍ ശക്‌തമായി തുടരാനാണ്‌ സി.പി.എം സംസ്‌ഥാന സമിതിയുടെ തീരുമാനം. യു.ഡി.എഫ്‌. നേതാക്കള്‍ കേസിലാകുന്നത്‌ ആര്‍ക്കും വാര്‍ത്തയല്ല. മോന്‍സണ്‍ മാവുങ്കലുമായി ബന്ധപ്പെട്ട്‌ ആറുപേരാണ്‌ പരാതിക്കാര്‍. അത്‌ തട്ടിപ്പ്‌ കേസാണ്‌. അതുപോലെ തന്നെയാണ്‌ സതീശന്റേയും കേസ്‌. ഇതെല്ലാം വ്യക്‌തികള്‍ നല്‍കിയിട്ടുള്ള കേസുകളാണ്‌. ഇതിലൊന്നും രാഷ്‌ട്രീയമില്ല, തട്ടിപ്പ്‌ മാത്രമേയുള്ളൂ. ഇത്തരം കേസുകള്‍ മൂത്തുവന്നപ്പോഴാണ്‌ ചിലര്‍ കൈതോലപ്പായ ആരോപണവുമായി വന്നത്‌.
പണ്ട്‌ ബിരിയാണി ചെമ്പില്‍ സ്വര്‍ണം കടത്തിയെന്നതുപോലെയാണ്‌ ജി. ശക്‌തിധരന്‍ അവതരിപ്പിച്ച കാര്യങ്ങള്‍. ഇതൊന്നും സി.പി.എമ്മിനെ ബാധിക്കുന്ന പ്രശ്‌നമല്ല. നിങ്ങള്‍ മാധ്യമങ്ങള്‍ രണ്ടുദിവസം ചര്‍ച്ചചെയ്യും. ഈ ചര്‍ച്ചയിലൊന്നും ഞങ്ങള്‍ പങ്കെടുക്കില്ല. ജി. ശക്‌തിധരന്റെ നേതൃത്വത്തിലുള്ള പ്രചാരണവേലയ്‌ക്കൊന്നും മറുപടി പറയാന്‍ ആഗ്രഹിക്കുന്നില്ല. സുധാകരനെ ജനങ്ങള്‍ക്ക്‌ അറിയാം. നിരവധി കൊലപാതകേസുകളുണ്ട്‌. വധശ്രമക്കേസുകളുണ്ട്‌. അങ്ങനെയൊക്കെ നില്‍ക്കുന്ന ആളെ രക്ഷിക്കാനാണ്‌ വലുപക്ഷത്തിന്റെ അങ്ങേയറ്റം നില്‍ക്കുന്ന ശക്‌തിധരന്‍ ശ്രമിക്കുന്നത്‌.