പാരിപ്പള്ളിയില്‍ ഭാര്യയെ തീകൊളുത്തി കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി

കൊല്ലം: പാരിപ്പള്ളിയില്‍ ഭാര്യയെ തീകൊളുത്തി കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി. നാവായിക്കുളം സ്വദേശി റഹീമാണ് ഭാര്യ നദീറയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. തിങ്കളാഴ്ച രാവിലെ 9 മണിക്കായിരുന്നു സംഭവം. പാരിപ്പള്ളി അക്ഷയകേന്ദ്രത്തിലെ ജീവനക്കാരിയായിരുന്നു നദീറ. രണ്ട് വര്‍ഷമായി ഇവിടെ ജോലി ചെയ്യുകയായിരുന്നു. ഇവിടെ വച്ചാണ് ഭര്‍ത്താവ് റഹീം ഇവരെ തീകൊളുത്തിയത്‌
.കൊലപാതകത്തിന് ശേഷം ഇയാള്‍ സ്വയം കഴുത്തറുത്തതിന് ശേഷം കിണറ്റില്‍ ചാടി. രാവിലെ രജിസ്ട്രറില്‍ ഒപ്പിടാന്‍ നില്‍ക്കുന്നതിനിടെ ഇയാള്‍ പിന്നിലൂടെയെത്തി ആക്രമണം നടത്തുകയായിരുന്നു. അകത്ത് ഇരുന്നിരുന്ന നദീറ നിലവിളിച്ചുകൊണ്ട്‌ ഓടി വരുന്നതാണ് സഹപ്രവര്‍ത്തകര്‍ കണ്ടത്‌. ദാമ്പത്യപ്രശ്‌നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സമീപനാളില്‍ ജാമ്യത്തിലിറങ്ങിയതാണ് റഹീമെന്നാണ് നദീറയുടെ സഹപ്രവര്‍ത്തകര്‍ പറയുന്നത്. ഇവരെ കൊലപ്പെടുത്തുമെന്ന് ഭീഷണിയുണ്ടായിരുന്നു. തുടര്‍ന്ന് പോലീസ് സംരക്ഷണം നല്‍കിയിരുന്നുവെന്നും ഇവര്‍ വ്യക്തമാക്കി.