കേരളത്തിലെ കോൺഗ്രസ് പാർട്ടിക്കകത്ത് അര ഡസനോളം മുഖ്യമന്ത്രി മോഹികൾ ആണുള്ളത്. തെരഞ്ഞെടുപ്പ് നടന്നാൽ കോൺഗ്രസ് പാർട്ടിക്ക് ഭൂരിപക്ഷം കിട്ടുമോ എന്ന കാര്യത്തിൽ പോലും ഇതുവരെ ഒരു ഉറപ്പും ഉണ്ടായിട്ടില്ല. കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിൽ വലിയ വിജയം യുഡിഎഫ് നേടിയതിന്റെ പേര് പറഞ്ഞു കൊണ്ടാണ് അടുത്ത തെരഞ്ഞെടുപ്പിൽ ഭരണത്തിൽ എത്തുമെന്ന് യുഡിഎഫ് നേതാക്കൾ ആവർത്തിച്ചു കൊണ്ടിരിക്കുന്നത്. എന്നാൽ രണ്ടാം പിണറായി സർക്കാർ ജയിച്ചു വരുന്ന തെരഞ്ഞെടുപ്പിലും തൊട്ടുമുൻപ് നടന്ന ലോകസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ആണ് വൻ വിജയം നേടിയിരുന്നത്. അന്ന് ലോകസഭ തെരഞ്ഞെടുപ്പിലെ യുഡിഎഫ് വിജയത്തിന് ശേഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ആണ് 99 സീറ്റിന്റെ വൻഭൂരിപക്ഷത്തിൽ ജയിച്ചു വന്ന എൽഡിഎഫ് അധികാരം തുടരുന്ന സ്ഥിതി ഉണ്ടായത്.ഇതെല്ലാം മറന്നുകൊണ്ടാണ് ലോകസഭ തെരഞ്ഞെടുപ്പിൽ ഉണ്ടായ ഭരണവിരുദ്ധ വികാരം യുഡിഎഫിനെ ഇക്കുറിയും ജയിപ്പിക്കും എന്ന് കോൺഗ്രസ് നേതാക്കൾ പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്നത്. ജയിച്ചാലും ജയിച്ചില്ലെങ്കിലും മുഖ്യമന്ത്രി കസേര എനിക്ക് വേണം എന്ന രീതിയിൽ ഓടിക്കൊണ്ടിരിക്കുകയാണ് കേരള നേതാക്കൾ. ഇതിനിടയിലാണ് കെപിസിസിക്ക് പുതിയ പ്രസിഡണ്ടിനെ വേണം എന്ന തരത്തിലുള്ള ചർച്ചകൾ ഉണ്ടായത്. ഏതായാലും തമ്മിലടി തുടരുന്നതിനാൽ പ്രശ്നപരിഹാരത്തിന് കേരള നേതാക്കളെ കോൺഗ്രസ് ഹൈകമാൻഡ് ഡൽഹിക്ക് വിളിപ്പിച്ചു കഴിഞ്ഞു.
മുഖ്യമന്ത്രി കസേരയ്ക്ക് വേണ്ടി പല നേതാക്കളും പലതരത്തിലുള്ള കളികളും നടത്തുന്നതിൽ പാർട്ടിയുടെ കേന്ദ്ര നേതൃത്വം വലിയ ആശങ്കയിൽ ആണ്. ഇപ്പോൾ മുഖ്യമന്ത്രി പദ മോഹികളായി നടക്കുന്ന നേതാക്കൾ ഓരോ ഗ്രൂപ്പിന്റെയും മാനേജർമാർ ആണെന്ന കാര്യം കേന്ദ്രനേതൃത്വത്തിന് അറിയാം. നേതാക്കളുടെ ഈ ഗ്രൂപ്പുകളികളും മുഖ്യമന്ത്രിപദ മോഹവും കേരളത്തിൻറെ ചുമതലയുള്ള ദേശീയ സെക്രട്ടറി ദീപ ദാസ് മുൻഷി ഹൈകമാൻ്റിനു മുന്നിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞിട്ടുമുണ്ട്. കേരള നേതാക്കളുടെ മുഖ്യമന്ത്രി കസേരയ്ക്കുള്ള വടംവലികൾ കേന്ദ്ര നേതൃത്വം കൃത്യമായും അറിഞ്ഞിട്ടും ഉണ്ട്. ഇത്തരം ഗൗരവമുള്ള വിഷയങ്ങൾ കോൺഗ്രസ് പ്രസിഡൻറ് മല്ലികാർജുൻ ഖാർഗെയും സോണിയാഗാന്ധി രാഹുൽ ഗാന്ധി തുടങ്ങിയവരുടെ ചർച്ചകളിലും ഗൗരവമായി ഉയർന്നു വന്നിട്ടുള്ളതാണ്. തീർത്തും സഹികെട്ട ഒരു അവസ്ഥയിലാണ് കോൺഗ്രസ് പാർട്ടിയുടെ ഹൈക്കമാന്റ് ഇപ്പോൾ എത്തിച്ചേർന്നിരിക്കുന്നത്. ഡൽഹിയിലെത്തി ഞങ്ങൾ എല്ലാം ഒറ്റക്കെട്ടാണ് എന്ന് പറയുകയും, വിമാനം കയറി കേരളത്തിൽ കാലുകുത്തിയാൽ അപ്പോൾ മുതൽ ഗ്രൂപ്പുകളിക്കുകയും ചെയ്യുന്ന നേതാക്കന്മാരുടെ നിലവാരമില്ലാത്ത പ്രവർത്തനങ്ങൾ കേരളത്തിലെ പാർട്ടി പ്രവർത്തകരിൽവരെ നിരാശ ഉണ്ടാക്കി എന്ന അഭിപ്രായമാണ് ദേശീയ നേതൃത്വത്തിന് ഉള്ളത്.
ഇത്തരം ഒരു രാഷ്ട്രീയ അന്തരീക്ഷത്തിലാണ് കേരളത്തിൽ മുഖ്യമന്ത്രി കുപ്പായം മോഹിച്ചു നടക്കുന്ന നിലവിലെ നേതാക്കൾക്ക് പകരം ജനസമ്മതിയുള്ള മറ്റൊരാളെ അവതരിപ്പിക്കുക എന്ന ആലോചനയിലേക്ക് കോൺഗ്രസിന്റെ കേന്ദ്രനേതൃത്വം എത്തിയിരിക്കുന്നത്. കേരളത്തിൽ ഗ്രൂപ്പ്കളികളിൽപെടാതെ നിൽക്കുന്ന ഒരു നേതാവിനെ മുഖ്യമന്ത്രി സ്ഥാനാർഥി എന്ന നിലയിൽ ഉയർത്തിക്കാട്ടണം എന്നതാണ് ഇപ്പോഴുള്ള ആലോചന. നിലവിൽ മുഖ്യമന്ത്രിപദം മോഹിക്കുന്നവരിൽ പ്രതിപക്ഷ നേതാവു വി.ഡി. സതീശൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ കെ പി സി സി പ്രസിഡണ്ട് മുരളീധരൻ, ഇപ്പോൾ വിവാദം ഉയർത്തിയിരിക്കുന്ന ശശി തരൂർ തുടങ്ങിയവരാണ്. ഇവരിൽപെടാത്ത, കേരളത്തിലെ ജനങ്ങൾ താൽപര്യത്തോടെ കാണുകയും അഴിമതിയിൽ പങ്കാളിയാകാത്ത ആളും ആയിട്ടുള്ള നേതാവിനെ കണ്ടെത്തുക എന്ന ആലോചനയാണ് കേന്ദ്രനേതൃത്വം നടത്തുന്നത്. ഇത്തരത്തിലുള്ള ആലോചനയിൽ മുന്നിലേക്ക് വന്നിരിക്കുന്ന ഒരേ ഒരു പേര് മുൻ കെപിസിസി പ്രസിഡണ്ടും മുൻമന്ത്രിയും മുൻസ്‌പീക്കറും പലതവണ എംപിയും ഒക്കെയായ വി.എം സുധീരന്റെ പേര് ആണ്. വെറും നേതാവ് എന്നതിനേക്കാൾ ഉപരി സത്യസന്ധതയും അഴിമതിവിരുദ്ധനും ലഹരി വിരുദ്ധ നിലപാടുകാരനും സർവ്വോപരി കേരള ജനത വിശ്വാസത്തോടെ കാണുന്ന ഒരു നേതാവും എന്ന നിലയിലാണ് കേന്ദ്ര നേതൃത്വം സുധീരന്റെ പേരിലേക്ക് ഇപ്പോൾ എത്തിയിരിക്കുന്നത്.
ഒരുകാലത്ത് കേരളത്തിലെ യുവതലമുറ ആവേശത്തോടുകൂടി വിളിച്ചിരുന്ന ഒരു മുദ്രാവാക്യം ഉണ്ട്. ധീര ധീര… വീര സുധീര
ധീരതയോടെ നയിച്ചോളൂ എന്നതായിരുന്നു ആ മുദ്രാവാക്യം. യുവതലമുറയെ ഏറ്റവും കൂടുതൽ ആകർഷിച്ച കോൺഗ്രസ് നേതാക്കളിൽ-മുന്നിൽ നിൽക്കുന്ന ആളാണ് സുധീരൻ. മാത്രവുമല്ല, വളരെ ആലോചിച്ചു പുറത്തു പറയുന്ന നിലപാടുകളിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറാവാതെ-കരുത്തു കാണിക്കുന്ന നേതാവാണ് സുധീരൻ. അധികാരവും പണവും സൗകര്യങ്ങളും അല്ല, ജനങ്ങളുടെ താൽപര്യമാണ് രാഷ്ട്രീയ നേതാക്കൾ മുഖ്യമായി പരിഗണിക്കേണ്ടത്-എന്ന് എല്ലാ കാലത്തും ഉറച്ചു വിശ്വസിച്ചിട്ടുള്ള നേതാവ് കൂടിയാണ് സുധീരൻ. ഇതു മാത്രമല്ല പാർട്ടിക്കകത്ത് ഏത് അവസരത്തിലും കാര്യസാധ്യതകൾക്കു വേണ്ടി നേതാക്കൾ ഗ്രൂപ്പ് കളിക്കുമ്പോൾ പാർട്ടിയെ അത് തകർക്കും എന്ന് ധൈര്യത്തോടെ വിളിച്ചു പറഞ്ഞിട്ടുള്ള നേതാവുമാണ് സുധീരൻ.
ഇത്തരത്തിലുള്ള സുധീരന്റെ വ്യക്തിപരമായ മേന്മകൾ മാത്രമല്ല, കോൺഗ്രസ് ഹൈക്കമാന്റ് ഗൗരവമായി പരിഗണിക്കുന്നത്. ഏത് തരംതാണ നിലപാടിലൂടെയും മുഖ്യമന്ത്രി കസേരയിൽ കയറണമെന്ന് മാത്രം വാശിപിടിക്കുന്ന കേരളത്തിലെ മുതിർന്ന ചില കോൺഗ്രസ് നേതാക്കൾക്ക് തിരിച്ചടി നൽകാൻ സുധീരനെ രംഗത്തിറക്കുന്നത് വഴി കഴിയും എന്ന ആലോചനയും പാർട്ടിക്കുണ്ട്.
കേരളത്തിലെ ചില മുഖ്യമന്ത്രിപദമോഹികളുടെ തള്ളിക്കയറ്റം നിയന്ത്രിക്കാൻ പുതിയ ചില തീരുമാനങ്ങൾ കൂടി കോൺഗ്രസ് ഹൈക്കമാന്റ് കൈക്കൊള്ളാൻ സാധ്യതയുണ്ട്. നിലവിൽ എംപി മാരായി പ്രവർത്തിക്കുന്ന ആരും തന്നെ നിയമസഭയിലേക്ക് സ്ഥാനാർഥികൾ ആകാൻ പാടില്ല-എന്ന തീരുമാനം നേതൃയോഗത്തിൽ ഉണ്ടാകും. ഈ തീരുമാനം പ്രാബല്യത്തിൽ വന്നാൽ ശശി തരൂർ അടക്കമുള്ള നേതാക്കളുടെ മുഖ്യമന്ത്രി മോഹം വിലക്കുവാൻ വഴിയൊരുങ്ങും. ഇത് മാത്രമല്ല സുധീരനെ പോലെ പേരുദോഷവും വിമർശനവും കേൾക്കാത്ത സംശുദ്ധ രാഷ്ട്രീയത്തിന്റെ ഉടമയായ ഒരാളെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടിയാൽ മുസ്ലിം ലീഗ് അടക്കമുള്ള യുഡിഎഫിലെ ഘടകകക്ഷികളും അത് അംഗീകരിക്കും-എന്ന ഉറച്ച വിശ്വാസവും കോൺഗ്രസ് ഹൈക്കമാന്റിന് ഉണ്ട്. ഇതെല്ലാം പരിഗണിക്കുമ്പോൾ ആണ് നിലവിലെ കേരളത്തിലെ കോൺഗ്രസ് നേതാക്കളുടെ ചിരകാല മോഹങ്ങൾ തകർത്തെറിയാൻ വി എം സുധീരൻ കടന്നുവരുന്ന സ്ഥിതി ഉണ്ടാവുക.