ഞാൻ ശക്തനായ മുഖ്യമന്ത്രി, നിങ്ങളെപ്പോലെ ദുര്‍ബലനായ പ്രധാനമന്ത്രിയല്ല: സിദ്ധരാമയ്യ

ദുർബലനായ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദിയെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ.

ബാംഗ്ലൂർ: ദുർബലനായ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദിയെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ബിജെപിയിൽ ഉള്ള വിമത നേതാക്കളെ പോലും വരുതിയിൽ ആക്കാൻ കഴിയാത്ത മോദി ദുർബലനായ പ്രധാനമന്ത്രിയാണ് എന്ന് സിദ്ധരാമയ്യ പറഞ്ഞു. തനിക്കെതിരെ നടത്തിയ പരാമർശങ്ങളുടെ പേരിലാണ് സിദ്ധരാമയ്യ മോദിയെ കടന്നാക്രമിച്ചത്. എക്സിലൂടെയാണ് സിദ്ധരാമയ്യ പ്രതികരിച്ചത് . പ്രിയപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് പാർട്ടിയില്‍ സൂപ്പർ മുഖ്യമന്ത്രിമാരും ഷാഡോ മുഖ്യമന്ത്രിമാരും ഉണ്ടെന്ന് താങ്കള്‍ പറഞ്ഞല്ലോ! ഞങ്ങള്‍ക്ക് സൂപ്പർ ഇല്ല, നിഴലില്ല, ശക്തനായ മുഖ്യമന്ത്രിയായി ഒരു മുഖ്യമന്ത്രിയേ ഉള്ളൂ, ഞാൻ നിങ്ങളെപ്പോലെ ഒരു ‘ദുർബലനായ പ്രധാനമന്ത്രി’ അല്ല എന്നും അദ്ദേഹം പറഞ്ഞു.

“അര ഡസൻ നേതാക്കള്‍ കർണാടകയില്‍ നിങ്ങളുടെ നേതൃത്വത്തിനെതിരെ മത്സരിച്ചു. ടിക്കറ്റ് കിട്ടാതെ ബി.ജെ.പി നേതാക്കള്‍ പരസ്പരം ചെളിവാരിയെറിഞ്ഞ് തെരുവില്‍ മല്ലിടുകയാണ്. നിങ്ങളുടെ യാചനകളൊന്നും അവർ ചെവിക്കൊണ്ടില്ല. അവരില്‍ ചിലർ ഞങ്ങളെ ബന്ധപ്പെടുകയും ചെയ്യുന്നു. ‘അച്ചടക്കമുള്ള പാർട്ടി’യില്‍ അച്ചടക്കമില്ലായ്മയുടെ നൃത്തം! നിങ്ങള്‍ ഒരു ‘ദുർബലനായ പ്രധാനമന്ത്രി’ ആയതുകൊണ്ടല്ലേ?” സിദ്ദരാമയ്യ ചോദിച്ചു.