റഷ്യയിൽ പുടിൻ അധികാരത്തിൽ വന്നത് കാൽ നൂറ്റാണ്ട് മുമ്പാണ്. അതിന് ശേഷം അമേരിക്കയിൽ നാല് പ്രസിഡണ്ടുമാർ വന്നു, ബ്രിട്ടനിൽ ഏഴ് പ്രധാനമന്ത്രിമാർ ഭരിച്ചു, ഫ്രാൻസ് നാല് പേർ ഭരിച്ചു. പുടിൻ അധികാരത്തിൽ തുടരുന്നത് ജനാധിപത്യപരമാണ് എന്നാണ് വെയ്പ്. പക്ഷേ യാഥാർഥ്യം പരസ്യമാണ്. പ്രതിപക്ഷത്തെ അടിച്ചൊതുക്കി, തനിക്കെതിരെ മിണ്ടുന്ന നാവുകളെല്ലാം ജയിലിലടച്ചും കൊന്നും അരിഞ്ഞുവീഴ്ത്തി, ഭരണഘടനയെയും രാജ്യത്തെ ഏജൻസികളെയും സംവിധാനങ്ങളെയും തനിക്കനുകൂലമാക്കി മാറ്റിയാണ് പുടിൻ അധികാരത്തിൽ തുടരുന്നത്. ഇന്ത്യയിലും അതേ അവസ്ഥയാണ്.
കേന്ദ്രസർക്കാർ അനാവശ്യ ഇടപെടൽ നടത്തുന്നതിൽ പരാതിപ്പെട്ട് സുപ്രീം കോടതി ജഡ്ജിമാർ പത്രസമ്മേളനം നടത്തിയത് മോദിയുടെ കാലത്താണ്. ഇ ഡി, സിബിഐ, ഇൻകം ടാക്സ് ഏജൻസികളെ ഉപയോഗപ്പെടുത്തി ഭീഷണിയും ഗുണ്ടായിസവും നടത്തി പണപ്പിരിവ് നടത്തുന്നതിന്റെ വ്യക്തമായ ചിത്രങ്ങൾ പുറത്ത് വന്നു കഴിഞ്ഞു. കോർപറേറ്റ് കമ്പനികൾ ഭരണത്തിൽ ഇടപെടുകയും സമ്പത്ത് ഊറ്റിയെടുക്കുകയും ചെയ്യുന്നതിന് നിരവധി തെളിവുകളുണ്ട്, സംസ്ഥാനങ്ങളിൽ ബിജെപി ഭരിക്കുന്നത് തെരഞ്ഞെടുപ്പ് ജയിച്ചിട്ടില്ല, ജയിച്ചു വന്ന എംഎൽഎമാരെ വിലക്കെടുത്തിട്ടാണ്, പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഗവർണർമാരെ ഉപയോഗിച്ച് ഭരണം തടസ്സപ്പെടുത്തുന്നത് സ്ഥിരം കാഴ്ചയാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം സംസ്ഥാന മുഖ്യമന്ത്രിമാർ അറസ്റ്റ് ചെയ്യപ്പെടുകയാണ്. കോൺഗ്രസുമായി സഖ്യമുണ്ടാക്കിയാൽ തന്നെ അറസ്റ്റ് ചെയ്യുമെന്ന് ബിജെപി ഭീഷണിപ്പെടുത്തിയിട്ടുണ്ട് എന്ന് പരസ്യമായി പറഞ്ഞ് രണ്ടാഴ്ച കഴിഞ്ഞാണ് കെജ്രിവാൾ അറസ്റ്റിലാകുന്നത്. മോദി സർക്കാർ ഇവിഎം ഉപയോഗിച്ച് തെരഞ്ഞെടുപ്പിൽ കൃത്രിമം കാണിക്കും എന്നുറപ്പാണെന്ന് രാഹുൽ ഗാന്ധി ഉൾപ്പടെയുള്ള നേതാക്കൾ പൊതുയോഗങ്ങളിൽ പ്രസംഗിക്കുന്നു. ഇലക്ഷൻ കമ്മിഷന്റെ തെരഞ്ഞെടുപ്പിലും പെരുമാറ്റത്തിലും ഇവിഎം മാത്രമല്ല കമ്മീഷനെ പൂർണമായി സംഘപരിവാർ വരുതിയിലാക്കിയിരിക്കുന്നു എന്ന് വ്യക്തമാണ്.
റഷ്യയിലെതിന് സമാനമായ അല്ലെങ്കിൽ അതിലും രൂക്ഷമായ ഏകാധിപത്യ-ജനാധിപത്യ വിരുദ്ധ ഭരണത്തിൽ നിന്ന് കൊണ്ട് ഒരു തെരഞ്ഞെടുപ്പിനെ നേരിട്ടാൽ എന്ത് സംഭവിക്കുമെന്ന് പറയേണ്ടതില്ല, വൻഭൂരിപക്ഷത്തിൽ ഏകാധിപതി ജയിക്കും.
ഇങ്ങനെയൊരു സാഹചര്യത്തിൽ പ്രതിപക്ഷം തെരഞ്ഞെടുപ്പിനെ നേരിടുന്നതിനേക്കാൾ വലിയ മണ്ടത്തരം വേറെയുണ്ടോ? സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ പ്രതിപക്ഷത്തെക്കൂടി വിശ്വാസത്തിലെടുത്ത് കേന്ദ്ര സംസ്ഥാന ഇലക്ഷൻ കമ്മീഷനെ നിയമിക്കുകയും പേപ്പർ ബാലറ്റ് തിരികെ കൊണ്ട് വരികയും ചെയ്താൽ മാത്രമേ തെരെഞ്ഞെടുപ്പിനുള്ളൂ എന്ന് പ്രഖ്യാപിച്ച് പ്രതിപക്ഷം തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ച് തെരുവിൽ സമരം ചെയ്യേണ്ട അവസരമാണിത്. പുടിനെപ്പോലെ കൃത്രിമ വൻ ഭൂരിപക്ഷത്തിൽ മോദി ഒരിക്കൽ കൂടി അധികാരത്തിൽ വന്നാൽ തെരഞ്ഞെടുപ്പിനും പ്രതിപക്ഷത്തിനും രാജ്യത്ത് ഒരു റോളുമുണ്ടാകില്ല.
28 സംസ്ഥാനങ്ങളുള്ള ഇന്ത്യയിൽ പതിനൊന്ന് സംസ്ഥാനങ്ങൾ ഭരിക്കുന്നത് ഇന്ത്യാ മുന്നണിയാണ്. പന്ത്രണ്ട് സംസ്ഥാനങ്ങളിൽ ബിജെപി ഒറ്റക്കാണ് ഭരിക്കുന്നത്, പ്രതിപക്ഷത്ത് ഭിന്നിപ്പുണ്ടായി നാലും അഞ്ചും സ്ഥാനാർഥികൾ മത്സരിച്ചിടത്താണ് ബിജെപി അധികാരത്തിൽ വന്നത്, സഭയിലെ കേവല ഭൂരിപക്ഷമേയുള്ളൂ, കൂടുതൽ വോട്ടുകൾ ബിജെപിക്കെതിരെയാണ് പോൾ ചെയ്യപ്പെട്ടത്. എൻഡിഎ ഭരിക്കുന്നിടത്തെല്ലാം ബിജെപിയെ പേടിച്ച് സഖ്യത്തിൽ ചേർന്നവർ അവരുടെ നീരാളിപ്പിടിത്തത്തിൽ നിന്ന് രക്ഷപ്പെടാൻ അവസരം കിട്ടിയാൽ പ്രയോജനപ്പെടുത്തും. പ്രതിപക്ഷം തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ച് തെരുവിലിറങ്ങിയാൽ രാജ്യം മൊത്തം തെരഞ്ഞെടുപ്പ് പ്രക്രിയ അവതാളത്തിലാകും. എന്ത് കൊണ്ട് തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുന്നു എന്ന് രാജ്യത്തെ
ബോധ്യപ്പെടുത്തേണ്ട സാഹചര്യം പോലുമില്ല, ഓരോ വോട്ടർക്കും രാജ്യത്തിന്റെ സ്ഥിതി അറിയാം.
ഇന്ത്യയെ ജനാധിപത്യത്തിലേക്ക് തിരിച്ച് കൊണ്ടുവരാനുള്ള അവസാന അവസരമാണ് 2024 ലെ തെരഞ്ഞെടുപ്പ്. ആ തെരഞ്ഞെടുപ്പ് സുതാര്യമായി നടത്തുന്നു എന്ന് ഉറപ്പ് വരുവോളം തെരഞ്ഞെടുപ്പിൽ നിന്ന് മാറിനിൽക്കാൻ പ്രതിപക്ഷം തയ്യാറായാൽ ഈ രാജ്യം രക്ഷപ്പെടും, മോദിയുടെ ഏകാധിപത്യ തെരഞ്ഞെടുപ്പിന് തലവെച്ചു കൊടുത്താൽ ഇന്ത്യ മറ്റൊരു റഷ്യയായി മാറും.
ഇന്ത്യാ മുന്നണിയും പ്രതിപക്ഷ പാർട്ടികളും ഒരു മേശക്ക് ചുറ്റുമിരുന്ന് അവധാന പൂർവ്വം തീരുമാനമെടുക്കണം.
Mk Mahatma