യേശുദേവന്റെ ഉയർപ്പ് ഉണ്ടാവില്ല…

പീഡാനുഭവങ്ങളിൽ ഇന്നും സഭകളും വിശ്വാസികളും...

പരമകാരുണികനായ യേശുദേവന്റെ കുരിശു മരണവും മൂന്നാം നാളിലെ ഉയർത്തെഴുന്നേൽപ്പും ലോക ജനത ആചരിക്കുകയും ആഘോഷിക്കുകയും ചെയ്യുകയാണ്. ദൈവത്തിൽ നിന്നും മനുഷ്യനിലേക്കുള്ള അകലം പരമാവധി കുറയ്ക്കുന്ന പ്രവചനങ്ങളും, സഹനവും, ത്യാഗവും ആയിരുന്നു യേശുദേവൻ ജീവിതത്തിലൂടെ പകർത്തിവെച്ചത്.

സത്യത്തിന്റെയും സാഹോദര്യത്തിന്റെയും മധുരമുള്ള വചനങ്ങളും പ്രവർത്തനങ്ങളും കൊണ്ട്, മനുഷ്യനിലെ മൃഗീയതയെ ഇല്ലാതാക്കി മനുഷ്യത്വത്തിലേക്ക് കൊണ്ടുവരുന്ന ത്യാഗപൂർണ്ണമായ കർമ്മമാണ് യേശുദേവൻ ജീവിതത്തിൽ ചെയ്തുവെച്ചത്. അധർമ്മികൾ അധികാരത്തിന്റെ ചെങ്കോലും കിരീടവും അണിഞ്ഞു നിന്നപ്പോൾ, അവർക്കു മുന്നിൽ തലകുനിക്കാതെ യഥാർത്ഥ ദൈവത്തിൻറെ കാരുണ്യം മനസ്സിൽ നിറച്ച് നെഞ്ചുവിരിച്ചു നിന്ന യേശുദേവൻ നമുക്ക് മുന്നിൽ ഉണ്ട്. ഒപ്പം നിന്നവർ ഒരു നാളിൽ ഒറ്റിക്കൊടുക്കും എന്നറിയാമായിരുന്ന യേശുദേവൻ, അതിനെയും തടയുന്നതിന് പകരം സഹനത്തോടെ സഹിക്കുകയാണ് ചെയ്തത്.

അധികാരി വർഗ്ഗത്തിൻറെ ക്രൂരമായ മർദ്ദനവും, ഒടുവിൽ കുരിശിൽ തറച്ച് ജീവഹാനിക്ക് കൽപ്പന ഉത്തരവിടുമ്പോഴും യേശുദേവൻ എല്ലാം സംയമനത്തോടെ ഉൾക്കൊള്ളുകയായിരുന്നു. ദൈവത്തിൽ നിന്നും മനുഷ്യനിലേക്കുള്ള ദൂരം കുറച്ചു കൊണ്ടുവരുവാൻ ജീവിതത്തിലൂടെ സന്തോഷത്തിന്റെയും സന്താപത്തിന്റെയും വേർതിരിവുകളെ പഠിപ്പിച്ച മഹാത്യാഗി കൂടിയായിരുന്നു യേശുദേവൻ.

ആ യേശുദേവന്റെ കുരിശു മരണത്തിനുശേഷം മൂന്നാം നാളിൽ ഏവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട്, മൃതശരീരം അടക്കം ചെയ്യപ്പെട്ട കല്ലറയുടെ ഉള്ളിൽ നിന്നും പ്രഭാ പൂരം ചൊരിഞ്ഞ് ദേവതുല്യമായ ചൈതന്യത്തോടെ ഉയർത്തെഴുന്നേറ്റ യേശുദേവൻ ഇന്നും ലോക ജനതയുടെ ആശ്രയവും അഭയവും ആയി നിലനിൽക്കുകയാണ്. മരണത്തിനു വിധിക്കപ്പെട്ട ഒരാൾ പോലും ജീവിതത്തിലേക്ക് വീണ്ടും തിരികെയെത്തും എന്ന മഹത്തായ സന്ദേശം യേശുദേവൻ പകർന്നു.

ഈ പുനരുദ്ധാനത്തിന്റെ അടിസ്ഥാനം ഒരു ജന്മത്തിൽ അയാൾ ചെയ്യുന്ന കർമ്മങ്ങളുടെ ഫലം തന്നെയാണ് എന്നും യേശുദേവൻ അരുളിച്ചെയ്യുന്നു. നന്മനിറഞ്ഞ ജീവിതമാണെങ്കിൽ അവിടെ പുനർജന്മവും പുനരുജ്ജീവനവും ഉറപ്പാണ് എന്ന കാര്യവും യേശുദേവൻ പറഞ്ഞുവയ്ക്കുന്നു.

ഈ നന്മയുടെ പുനരവതാരത്തിന്റെ പ്രകാശത്തെ തേടുകയും അത് ഇപ്പോഴും ആവർത്തിക്കപ്പെടുകയും ചെയ്യുമ്പോൾ മനുഷ്യരായി കഴിഞ്ഞ ലോക ജനത ആ പ്രകാശത്തിന്റെ മാസ്മരികതയുടെ തണലിൽ ആഘോഷത്തിന്റെ മാറ്റൊലി മുഴക്കുകയും ചെയ്യുന്ന ദിവസമാണ് ഈസ്റ്റർ ദിനമായി ഇന്നും മനുഷ്യനു മുന്നിൽ നിലനിൽക്കുന്നത്.

നിരന്തരമായ പീഡാനുഭവങ്ങളുടെ തുടർച്ചയിൽ ജീവിതാന്ത്യം കണ്ടെത്തിയ യേശുദേവൻ ഒരിക്കൽ പോലും മുറിവിന്റെ വേദന കണ്ണീരായി മാറ്റിയിരുന്നില്ല. സഹജീവികൾക്കു വേണ്ടിയുള്ള സഹനത്തിന്റെ വിയർപ്പ് തുള്ളികൾ ആയി മാത്രമാണ് യേശുദേവൻ അതിനെ കണ്ടത്. സർവ്വത്യാഗങ്ങളും സഹിച്ചു മനുഷ്യപുലത്തിന്റെ പരിപാലനത്തിന് ജീവത്യാഗം നടത്തിയ യേശുദേവൻ പീഡനം എന്ന പ്രക്രിയയുടെ പര്യായം ആയിരുന്നു. യേശുദേവന്റെ അവതാര ശേഷം 2000 വർഷം കഴിഞ്ഞു നിൽക്കുന്ന മനുഷ്യസമൂഹത്തിനിടയിലും പീഡനത്തിന്റെ ആവർത്തന കഥകൾ തുടരുന്നു എന്നത് ഖേദകരമായ അവസ്ഥയാണ്.

ഭരണാധികാരി വർഗ്ഗം യേശു ദേവനെ അകാരണമായി പീഡിപ്പിക്കുകയും നിരന്തരം ആക്രമിക്കുകയും ചെയ്തിരുന്നുവെങ്കിൽ, ഇപ്പോൾ അതേ യേശുദേവന്റെ ക്രൂശിതരൂപം ധരിച്ചുകൊണ്ട് സഭാ വിശ്വാസികൾ പീഡനത്തിന്റെ ആവർത്തന കഥകൾ വിലാപം കണക്കെ പറഞ്ഞുകൊണ്ടിരിക്കുന്നു എന്നത് ലോകം തിരിച്ചറിയാതെ പോവുകയാണ്. കുറഞ്ഞപക്ഷം നമ്മുടെ ഇന്ത്യ രാജ്യത്ത് എങ്കിലും ക്രിസ്തുമത വിശ്വാസികളും അവരുടെ സഭയും നിരന്തരമായ ആശങ്കകളെ മനസ്സിൽ നിറച്ചു നടക്കേണ്ട സ്ഥിതിയിൽ എത്തിനിൽക്കുന്നു.

കേരളത്തിലും സഭാ വിശ്വാസികളായ സമൂഹം അധികാരി വർഗ്ഗത്തിന്റെ മാത്രമല്ല, സഭാ മേധാവിത്വത്തിന്റെ അകത്തളങ്ങളിൽ നടക്കുന്ന ആശ്വാസമല്ലാത്ത ഇടപെടലുകളുടെ പേരിൽ പീഡിപ്പിക്കപ്പെടുന്നു എന്നത് കാണാതെ പോകരുത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ന്യൂനപക്ഷമായി നിൽക്കുന്ന ക്രിസ്തീയ വിശ്വാസികളും, അവരുടെ സ്ഥാപനങ്ങളും ചില മത വിദ്വേഷങ്ങൾ തകർക്കുന്ന ദുഃഖകരമായ സാഹചര്യം സഭാ വിശ്വാസികളിൽ ആശങ്കയുണ്ടാക്കുന്നു. ഇതിന് തുല്യമായ വിധത്തിൽ കേരളത്തിലെ വിവിധ ക്രിസ്തീയ സഭ അംഗങ്ങളിലും അതിൻറെ നേതൃത്വത്തിലും ദൈവ നിശ്ചയത്തിന് വിരുദ്ധമായ പ്രവർത്തനങ്ങൾ ഉണ്ടാകുന്നത് സഭയിലെ സാധാരണ വിശ്വാസികളെ ഇപ്പോഴും പീഡിപ്പിച്ചു കൊണ്ടിരിക്കുന്നതിന് തുല്യമാണ്.

ക്രിസ്തീയ സഭയുടെ വിവിധ വിഭാഗങ്ങൾ തമ്മിൽ നടക്കുന്ന തർക്കങ്ങൾ സംഘർഷത്തിലേയ്ക്കും, നീണ്ടകലാപത്തിലേക്കും, എത്തിച്ചേർന്നപ്പോൾ ആരാധനാലയങ്ങൾ അടച്ചുപൂട്ടി ഇടേണ്ട സാഹചര്യം വന്നു. ക്രിസ്തീയ സഭയുടെ ചില വിഭാഗങ്ങൾ ചരിത്രപരമായ പ്രാമാന്യം തർക്ക വിഷയമാക്കി ആരാധനാലയങ്ങൾ തങ്ങൾക്ക് സ്വന്തമാണ് എന്ന് അവകാശപ്പെട്ട അതിന്റെ തർക്കം ഉണ്ടാക്കി ആ തരത്തിലും പള്ളിമുറ്റങ്ങളിൽ ചോര വീഴ്ത്തുന്ന അനുഭവങ്ങൾ ഉണ്ടാക്കി.

കേരളത്തിലെ പ്രബല ക്രിസ്തീയ സഭയായ സീറോ മലബാർ സഭയിലും ഇപ്പോഴും തുടരുന്നത് യാതൊരു നീതീകരണവും ഇല്ലാത്ത പരസ്പര വൈരാഗ്യത്തിന്റെ കഥകളും അനുഭവങ്ങളും ആണ്. ഈ സഭയുടെ പരമാധ്യക്ഷനായ കർദിനാൾ വരെ കോടതി കേസുകളിൽ പ്രതിയായി മാറുന്ന സാഹചര്യം ഉണ്ടായി ലോക ക്രിസ്ത്യാനി സഭയുടെ പരമാധികാരിയായ പോപ്പിന്റെ തീരുമാനങ്ങളെയും നിശ്ചയങ്ങളെയും വരെ വെല്ലുവിളിക്കുന്ന പുരോഹിതന്മാരും ഇടവക അംഗങ്ങളും ഉണ്ടായി എന്നത് ഒരിക്കലും ന്യായമായി കാണാവുന്ന കാര്യം അല്ല.

ഒരു അജപാലകനും അയാൾക്ക് പിന്നിൽ അജഗണവും എന്ന ക്രിസ്തീയ സഭയുടെ തത്വശാസ്ത്രത്തെ പോലും വെല്ലുവിളിക്കുന്ന അനുഭവങ്ങൾ സഭയുടെ കീഴിൽ തന്നെ ഉണ്ടാകുമ്പോൾ, ഈ സഭയിൽ ജനിക്കുകയും വിശ്വസിക്കുകയും വളരുകയും ചെയ്ത സാധാരണ വിശ്വാസികളെ ആശങ്കപ്പെടുത്തുന്നു എന്നത് മറച്ചു വെക്കേണ്ട കാര്യമല്ല.

ക്രിസ്തീയ സഭയുടെ പലതരത്തിലുള്ള അനുഭവങ്ങളും, പീഡനങ്ങളും വീണ്ടും വീണ്ടും നമ്മളെ യേശുദേവനിലേക്ക് അടുപ്പിക്കുകയാണ്. എന്തിനുവേണ്ടിയാണ് യേശുദേവൻ നിരന്തരം പീഡനങ്ങൾ സഹിച്ചതും ഒടുവിൽ കുരിശിലേറി ജീവത്യാഗത്തിന് തയ്യാറായതും. അതെല്ലാം വരും കഥകളുടെ പോലും വിലകൾ ഇല്ലാത്ത കെട്ടുകഥകൾ പോലെ കാണുകയാണ് സഭയുടെ മുകൾത്തട്ടിൽ ഉള്ള ആൾക്കാരും എന്നത് സങ്കടകരമായ സാഹചര്യമാണ്.

ഇത്തരത്തിലുള്ള ആശാസ്യമല്ലാത്ത അനുഭവങ്ങൾ ആവർത്തിച്ചു കൊണ്ടിരിക്കുമ്പോഴും ഒരു വശത്ത് ഇത്തരം അനുഭവങ്ങളെ തള്ളി പറയുവാനും, മറുവശത്ത് മറ്റൊരു ഭാഗം അതിന് ന്യായീകരിക്കാനും തയ്യാറാകുന്നു എന്നത് യേശുദേവന്റെ സ്വന്തം അനുഭവത്തെ ഒന്നുകൂടി വെളിപ്പെടുത്തുന്നതാണ്.

സത്യത്തിനും ധർമ്മത്തിനും സാഹോദര്യത്തിനും വേണ്ടി പ്രവർത്തിച്ച യേശുദേവൻ വീണ്ടും ഒരിക്കൽ കൂടി ജന്മമെടുത്തത് ആദ്യം സ്വന്തം സഭകളെയും അതിലെ വിശ്വാസികളെയും നേർവഴികളിലൂടെ നയിക്കേണ്ട സാഹചര്യം നിലനിൽക്കുന്നു എന്നത് വസ്തുതയാണ് അതുപോലെതന്നെ നീതിമാനായ യേശുദേവൻ ഒരിക്കൽ കൂടി ജന്മമെടുത്തു അധികാരത്തിന്റെ അഹങ്കാരം നിൽക്കുന്ന ഭരണകൂടങ്ങൾക്ക് നേരിന്റെ മാർഗ്ഗവും ന്യായത്തിന്റെ വഴികളും ഈശ്വര ചിന്തയുടെ യാഥാർത്ഥ്യങ്ങളും പകർന്നു കൊടുക്കേണ്ട അന്തരീക്ഷം നമ്മുടെ രാജ്യത്തും നമ്മുടെ കേരളത്തിലും നിലനിൽക്കുന്നു എന്നും, അതെല്ലാം ആവർത്തിക്കുന്നു എന്നും ഓർമ്മച്ചെടുക്കാൻ കൂടി അവസരം കൊടുക്കുന്നതാകട്ടെ ഈ ഈസ്റ്റർ ദിനം മാന്യ സുഹൃത്തുക്കൾക്കും സഹൃദയർക്കും മഹാത്മാ ന്യൂസിന്റെ ഈസ്റ്റർ ആശംസകൾ നേരുന്നു.