കുട്ടികള്‍ക്ക് വിമാനയാത്രയില്‍ മാതാപിതാക്കള്‍ക്കൊപ്പം സീറ്റ് അനുവദിക്കാന്‍ വിമാന കമ്പനികള്‍ക്ക് ഡി.ജി.സി.എ. നിര്‍ദേശം നല്കി. 12 വയസ്സുവരെയുള്ള കുട്ടികൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക.
മാതാപിതാക്കളുടെ സീറ്റുകള്‍ രണ്ട് ഇടങ്ങളിലാണെങ്കില്‍ ഒരാള്‍ക്ക് സമീപമായി കുട്ടിക്ക് സീറ്റ് നല്‍കണം. മാതാപിതാക്കളില്ലാത്ത സാഹചര്യത്തിൽ കൂടെയുള്ള മുതിര്‍ന്നയാളുടെ സമീപം സീറ്റ് നല്‍കണമെന്നും വ്യോമയാന ഡയറക്ടര്‍ ജനറല്‍ വ്യക്തമാക്കി.
മാതാപിതാക്കള്‍ക്കൊപ്പമോ പരിചയമുള്ള മുതിര്‍ന്നവര്‍ക്കൊപ്പമോ സഞ്ചരിക്കുന്ന കുട്ടികള്‍ക്ക് അവരില്‍ നിന്നുമാറി സീറ്റ് അനുവദിക്കുന്നതു സംബന്ധിച്ച പരാതികള്‍ വ്യാപകമായ സാഹചര്യത്തിലാണ് ഡി.ജി.സി.എയുടെ ഇടപെടല്‍. കുട്ടിയുടെയും രക്ഷിതാവിന്റെയും ഒരേ പി.എന്‍.ആര് നമ്പര്‍ ആണെങ്കില്‍ മാത്രമേ ഈ നിര്‍ദേശം ബാധകമാവുകയുള്ളു. സീറ്റ് മുന്‍കൂട്ടി ബുക്ക് ചെയ്യാതെ എത്തുന്നവര്‍ വിമാനത്താവളത്തില്‍ വച്ച് ചെക്ക് ഇന്‍ ചെയ്യുമ്പോള്‍ അനുവദിക്കുന്ന സീറ്റുകള്‍ സംബന്ധിച്ചായിരുന്നു പരാതി.