ലോകസഭാ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ റായിബറലിയിലെ സ്ഥാനാർത്ഥിത്വം രാഹുൽ ഗാന്ധി സമ്മതിച്ചതോടുകൂടി വയനാട്ടിലെ സമ്മതിദായകർ വലിയ ആശങ്കയിൽ എത്തിയിരിക്കുകയാണ്. ഉത്തർപ്രദേശിൽ വിജയം ഉണ്ടായാൽ വയനാട് മണ്ഡലത്തിലെ എംപി ആകുന്ന പദവി രാഹുൽഗാന്ധി രാജിവയ്ക്കും എന്ന കാര്യത്തിൽ സംശയമില്ല. വയനാട് രാഹുൽ ഗാന്ധി വിട്ടു കഴിഞ്ഞാൽ, കേരളത്തിൽ കോൺഗ്രസ് പാർട്ടിക്കുള്ളിലും യുഡിഎഫിലും രൂക്ഷമായ പ്രതിസന്ധികൾ ഉണ്ടാക്കുവാൻ ആണ് സാധ്യത.
ഉത്തർപ്രദേശിൽ മാത്രമല്ല, വടക്കേ ഇന്ത്യയിലെ ഒരു സംസ്ഥാനത്തും മത്സരിച്ചാൽ ജയിക്കാൻ സാധ്യതയില്ല എന്ന സാഹചര്യം നിലനിന്നപ്പോൾ ആണ്, കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രസിഡണ്ട് ആയിരുന്ന രാഹുൽ ഗാന്ധി കേരളത്തിലെ വയനാട് മണ്ഡലത്തിൽ മത്സരത്തിന് എത്തിയത്. കേരളത്തിൻറെ രാഷ്ട്രീയ ചരിത്രത്തിൽ ഒരു സ്ഥാനാർത്ഥിക്കും ഒരിക്കലും ഉണ്ടാവാത്ത വമ്പൻ ഭൂരിപക്ഷത്തിൽ ആണ് ജനങ്ങൾ രാഹുൽഗാന്ധിയെ വിജയിപ്പിച്ചത്. ചരിത്രം തിരുത്തിയ നാലേകാൽ ലക്ഷം വോട്ടിന്റെ ഭൂരിപക്ഷമാണ് അന്ന് രാഹുൽ ഗാന്ധിക്ക് ലഭിച്ചത്. രാഹുൽ ഗാന്ധിക്ക് മാത്രമല്ല കേരളത്തിലെ കോൺഗ്രസ് പാർട്ടിക്ക് തന്നെ വലിയ അഭിമാനം പകരുന്ന ഒരു തെരഞ്ഞെടുപ്പ് വിധിയായിരുന്നു അത്. എല്ലാ വിധത്തിലുള്ള രാഷ്ട്രീയ വിരോധങ്ങളും എതിർപ്പുകളും മാറ്റിവെച്ചുകൊണ്ട്, ദേശീയ നേതാവും ഭാവി പ്രധാനമന്ത്രിയും എന്ന കണക്കുകൂട്ടലോടുകൂടിയാണ് വയനാട്ടിലെ വോട്ടർമാർ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ രാഹുൽഗാന്ധിക്ക് വമ്പൻ വിജയം നൽകിയത്.
ഈ തെരഞ്ഞെടുപ്പിലും വയനാട്ടിൽ മത്സരിക്കാൻ എത്തിയ രാഹുൽഗാന്ധിക്ക് ഭൂരിപക്ഷം കുറഞ്ഞാലും വയനാട് മണ്ഡലത്തിൽ വിജയം ഉറപ്പുതന്നെ ആയിരുന്നു. ഈ ഉറപ്പ് നിലനിൽക്കുമ്പോൾ പോലും എന്തിനാണ് രാഹുൽ ഗാന്ധി ഉത്തർപ്രദേശിലെ റായിബറലിയിൽ മത്സരിക്കാൻ തയ്യാറായത് എന്ന ചോദ്യത്തിന് കോൺഗ്രസ് പാർട്ടിയാണ് ഉത്തരം നൽകേണ്ടത്. ഉത്തരേന്ത്യയിൽ മത്സരിക്കാൻ രാഹുൽഗാന്ധി മുന്നോട്ടു വന്നതോടുകൂടി അവിടെ തെരഞ്ഞെടുപ്പ് ജയം ഉണ്ടായാൽ തീർച്ചയായും രാഹുൽ ഗാന്ധി വയനാട് മണ്ഡലം കൈവിടും എന്ന കാര്യത്തിൽ സംശയം ആർക്കുമില്ല. യഥാർത്ഥത്തിൽ സത്യസന്ധരും സ്നേഹ സമ്പന്നരുമായ വയനാട്ടിലെ വോട്ടർമാരെ രാഹുൽ ഗാന്ധി വഞ്ചിക്കുകയാണ് ചെയ്യുക എന്നതാണ് യാഥാർത്ഥ്യം.
രാഹുൽ ഗാന്ധി ഉത്തർപ്രദേശിൽ വിജയിക്കുകയും വയനാട് മണ്ഡലത്തിൽ നിന്നും രാജി വയ്ക്കുകയും ചെയ്താൽ കേരളത്തിലെ കോൺഗ്രസിൽ അത് വലിയ പ്രതിസന്ധികൾ ഉണ്ടാക്കും. ഈ തെരഞ്ഞെടുപ്പിൽ മൂന്നാമതൊരു സീറ്റ് കൂടി ആവശ്യപ്പെട്ട യുഡിഎഫിലെ കോൺഗ്രസ് കഴിഞ്ഞാലുള്ള ഏറ്റവും വലിയ കക്ഷിയായ മുസ്ലിം ലീഗ്, വയനാട് മണ്ഡലം അവർക്ക് വിട്ടു നൽകണം എന്ന ആവശ്യപ്പെടും എന്ന കാര്യത്തിൽ തർക്കമില്ല. ഇത്തരത്തിൽ ഒരു ആവശ്യവുമായി മുസ്ലിം ലീഗ് മുന്നോട്ട് വന്നാൽ കോൺഗ്രസ് പാർട്ടിയിൽ വലിയ പ്രതിസന്ധി ഉണ്ടാകും.
തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്ന ശേഷം ഉത്തർപ്രദേശിൽ രാഹുൽഗാന്ധി ചെറിയ ഭൂരിപക്ഷത്തിന് എങ്കിലും ജയിക്കുന്ന സാധ്യത ഉണ്ടായാൽ, വയനാട് മണ്ഡലത്തിൽ നിന്നും രാജി വയ്ക്കുകയും, അവിടെ ഉപതിരഞ്ഞെടുപ്പ് വരികയും ചെയ്യും. ഈ സാഹചര്യത്തിൽ ആയിരിക്കും യുഡിഎഫിലെ രണ്ടാമത്തെ വലിയ പാർട്ടിയായ മുസ്ലിം ലീഗ് ആ സീറ്റ് ആവശ്യപ്പെടുക.
ഏറെ രസകരമായ മറ്റൊരു ഘടകം കോൺഗ്രസ് പാർട്ടിയിൽ മുതിർന്ന പല നേതാക്കളും വയനാട് മണ്ഡലം എങ്ങനെയെങ്കിലും തട്ടിയെടുത്ത് അവിടെ മത്സരത്തിനായി കാത്തുനിൽക്കുന്നുണ്ട്. കഴിഞ്ഞ രണ്ടുമൂന്ന് ലോകസഭാ തെരഞ്ഞെടുപ്പുകളിൽ വയനാട് മണ്ഡലത്തിലേക്ക് കണ്ണു വച്ചുകൊണ്ട് സീനിയർ ആയ കോൺഗ്രസ് നേതാക്കൾ പലതരത്തിലുള്ള ചരട് വലികൾ നടത്തിയിരുന്നു. എന്നാൽ രാഹുൽ ഗാന്ധി കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വയനാട്ടിലേക്ക് വരുന്ന സാഹചര്യം ഉണ്ടായപ്പോൾ അതിനെ എതിർക്കാൻ ആരും തയ്യാറായില്ല എന്നതുകൊണ്ട് മാത്രമാണ് വയനാട് രാഹുൽ ഗാന്ധിക്ക് ഭൂരിപക്ഷം നൽകിയത്.
കഴിഞ്ഞ രണ്ടു ലോകസഭാ തിരഞ്ഞെടുപ്പുകളിലും വയനാട് മണ്ഡലത്തിൽ സ്ഥാനാർത്ഥിത്വം ആഗ്രഹിച്ചുകൊണ്ട് നീക്കങ്ങൾ നടത്തിയ ആളാണ്. ഇപ്പോഴത്തെ താൽക്കാലിക കെപിസിസി പ്രസിഡണ്ടും യുഡിഎഫ് ചെയർമാനും ആയ എം എം ഹസ്സൻ. അന്തരിച്ച സീനിയർ കോൺഗ്രസ് നേതാവ് എം ഐ ഷാനവാസ് രണ്ടുതവണ സ്ഥാനാർത്ഥിയാവുകയും മണ്ഡലത്തിൽ നിന്നും വിജയിക്കുകയും ചെയ്തിരുന്നതാണ്. മുസ്ലിം വിഭാഗത്തിൽപ്പെട്ട ഷാനവാസിന് നൽകിയ സീറ്റ് അതേ മതവിഭാഗത്തിൽ ഉള്ള തനിക്ക് കിട്ടാൻ അർഹതയുണ്ട് എന്ന ന്യായീകരണമാണ് ഹസൻ പാർട്ടി നേതൃത്വത്തിന് മുന്നിൽ വെച്ചിരുന്നത്. രാഹുൽ ഗാന്ധിയുടെ വരവോടുകൂടി ആണ് ഹസന്റെ ആ സ്വപ്നം തകർന്നത്.
രാഹുൽ ഗാന്ധിയും കോൺഗ്രസ് നേതാക്കളും യഥാർത്ഥത്തിൽ വയനാട്ടിലെ വോട്ടർമാരോട് കടുത്ത വഞ്ചനയാണ് കാണിച്ചിരിക്കുന്നത്. രാഹുൽ ഗാന്ധി ഉത്തർപ്രദേശിൽ സ്ഥാനാർത്ഥിയാകും എന്ന് ഒരു മുന്നറിയിപ്പ് നൽകിയിരുന്നെങ്കിൽ സ്വാഭാവികമായും വയനാട്ടിലെ വോട്ടർമാർ രാഹുൽഗാന്ധിക്ക് അനുകൂലമായ നിലപാടിലേക്ക് പോകില്ലായിരുന്നു എന്നത് സത്യമായ കാര്യമാണ്. ഉത്തർപ്രദേശിൽ സ്ഥാനാർത്ഥിയായി മത്സരിക്കുന്നുണ്ടെങ്കിലും ഇപ്പോഴും രാഹുൽ ഗാന്ധിക്ക് വിജയത്തിൻറെ കാര്യത്തിൽ ഉറപ്പില്ല എന്നതാണ് ഈ രാഷ്ട്രീയ കളിയുടെ പിന്നിലെ രഹസ്യം. അവിടെ മത്സരത്തിന് എത്തുകയും ഉത്തരേന്ത്യൻ രാഷ്ട്രീയത്തിനു മുന്നിൽ പിടിച്ചുനിൽക്കാൻ അവസരം ഒരുക്കുകയും ചെയ്യുക എന്നതിൽ കവിഞ്ഞ് മറ്റൊരു ലക്ഷ്യവും രാഹുൽ ഗാന്ധിക്കും കോൺഗ്രസ് നേതൃത്വത്തിനും ഇല്ല എന്നതാണ് രാഷ്ട്രീയ യാഥാർഥ്യം. ഉത്തർപ്രദേശിലെ മത്സരത്തിൽ പരാജയപ്പെട്ടാൽ വയനാട് സീറ്റ് നിലനിർത്തി മുന്നോട്ടു പോവുക എന്ന തന്ത്രം തന്നെയാണ് രാഹുൽ ഗാന്ധിയുടെ മനസ്സിൽ ഉള്ളത്.
മറ്റൊരു രഹസ്യം പുറത്തുവരുന്നത് അവസാന നിമിഷത്തിൽ വരെ റായിബറേലിയിൽ അല്ലെങ്കിൽ അമേഠിയിൽ മത്സരിക്കുന്നതിന് ഒരു താല്പര്യവും രാഹുൽഗാന്ധിയും പ്രിയങ്കാ ഗാന്ധിയും കാണിച്ചിരുന്നില്ല. കോൺഗ്രസിൻറെ നേതൃത്വത്തിൽ രൂപംകൊണ്ട ഇന്ത്യ മുന്നണിയിലെ സീനിയർ ആയ ചില നേതാക്കൾ നെഹ്റു കുടുംബത്തിലെ ആരെങ്കിലും ഉത്തരേന്ത്യൻ മണ്ഡലങ്ങളിൽ മത്സരിക്കണം എന്ന് നിർബന്ധപൂർവ്വം വാശിപിടിച്ചപ്പോഴാണ് കോൺഗ്രസ് നേതൃത്വം ഒരു തീരുമാനമെടുക്കാൻ കഴിയാത്ത സ്ഥിതിയിലേക്ക് എത്തിച്ചേർന്നത്. കോൺഗ്രസ് പ്രസിഡൻറ് ഖാർഗെ പലതവണ സോണിയ ഗാന്ധിയെ നേരിൽ കാണുകയും എങ്ങനെയെങ്കിലും രാഹുൽഗാന്ധി ഉത്തർപ്രദേശിൽ മത്സരിക്കണം അത് ഇന്ത്യ മുന്നണിയുടെ നിലനിൽപ്പിന് ആവശ്യമാണോ എന്നുള്ള രീതിയിൽ വിഷയങ്ങൾ അവതരിപ്പിച്ചപ്പോൾ, സോണിയാഗാന്ധിയുടെ ഇടപെടൽ വഴിയാണ് ഏറ്റവും ഒടുവിൽ രാഹുൽ ഗാന്ധി ഉത്തർപ്രദേശിൽ മത്സരത്തിന് സമ്മതം മൂളിയത്. റായിബറേലി മണ്ഡലത്തിൽ രാഹുൽ ഗാന്ധി റോഡ് ഷോ നടത്തുകയും നോമിനേഷൻ സമർപ്പിക്കുകയും ചെയ്തു. എങ്കിലും അവിടെ വിജയം ഉണ്ടാകുമോ എന്ന കാര്യത്തിൽ രാഹുൽ ഗാന്ധി സഹപ്രവർത്തകരായ നേതാക്കളോട് സംശയം പ്രകടിപ്പിച്ചതായും ഡൽഹി രാഷ്ട്രീയ വൃത്തങ്ങൾക്കിടയിൽ പറഞ്ഞു കേൾക്കുന്നുണ്ട്.