ലോകസഭ തെരഞ്ഞെടുപ്പ് പ്രചരണ ഘട്ടത്തിൽ വരെ ശാന്തമായി നീങ്ങിയ കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയം വീണ്ടും വലിയ പൊട്ടിത്തെറിയിലേക്ക് എത്തുന്നതായി സൂചന. തെരഞ്ഞെടുപ്പ് അവസരത്തിൽ കണ്ണൂരിൽ സ്ഥാനാർഥി ആയ പ്രസിഡൻറ് കെ സുധാകരൻ തൽക്കാലത്തേക്ക് പ്രസിഡൻറ് പദവി യുഡിഎഫ് കൺവീനർ ആയ എം എം ഹസന് കൈമാറിയിരുന്നു. ആ പദവി തിരികെ നൽകാതെ ഹസൻ മുന്നോട്ടുപോകുന്നത് തന്നെ ഒതുക്കുന്നതിന് നടത്തുന്ന നീക്കങ്ങളുടെ ഭാഗമാണ് എന്ന് ഉറപ്പായതോടെയാണ് സുധാകരൻ വലിയ പ്രതിഷേധവുമായി നീങ്ങുന്നത്.
ലോകസഭ തെരഞ്ഞെടുപ്പ് അവലോകനം ചെയ്യുന്നതിന് വേണ്ടി കഴിഞ്ഞ ദിവസം കെപിസിസി നേതൃയോഗം തിരുവനന്തപുരത്ത് ഇന്ദിരാ ഭവനിൽ ചേർന്നിരുന്നു. ഈ യോഗത്തിൽ തൻറെ പ്രസിഡൻറ് പദവി തിരികെ നൽകും എന്ന വിശ്വാസത്തോടുകൂടിയാണ് സുധാകരൻ യോഗത്തിന് എത്തിയത്. എന്നാൽ താൽക്കാലിക പ്രസിഡണ്ടായ ഹസ്സൻ പദവി തിരികെ നൽകുന്നത് സംബന്ധിച്ച ഒരു സൂചനയും നൽകിയില്ല മാത്രവുമല്ല, യോഗം അവസാനിപ്പിച്ച് നിമിഷങ്ങൾക്കുള്ളിൽ പത്രക്കാരെ കാണുവാനും പാർട്ടിയുടെ ഭാവി പരിപാടികൾ വിശദീകരിക്കാനും ധൃതി കാണിക്കുകയും ചെയ്തത് സുധാകരനെ വല്ലാതെ രോഷത്തിലാക്കിയിരുന്നു.
ലോകസഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നശേഷം കെപിസിസി പ്രസിഡണ്ട് പദവി തിരിച്ചുനൽകിയാൽ മതി എന്ന ഒരു ധാരണ സുധാകര വിരുദ്ധ പക്ഷം സ്വീകരിച്ചിട്ടുള്ളതായി അറിയുന്നു. ഇതിനിടയിൽ തൻറെ കെപിസിസി പ്രസിഡണ്ട് പദം തിരികെ ലഭിക്കുന്നതിന് നിർദ്ദേശം നൽകണം എന്നാവശ്യപ്പെട്ടു കൊണ്ട് സുധാകരൻ ഹൈക്കമാന്റിന് കത്ത് നൽകി. ഹൈക്കമാന്റിന്റെ നിർദ്ദേശപ്രകാരം ആയിരുന്നു തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ പ്രസിഡൻറ് പദവി ഹസനെ ഏൽപ്പിക്കുന്ന തീരുമാനം ഉണ്ടായത്. ഈ ധാരണ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് സുധാകരൻ ഹൈക്കമാന്റിന് കത്ത് നൽകിയിരിക്കുന്നത്.
എന്നാൽ പാർട്ടിയിൽ തനിക്കെതിരെ ഒരു വിഭാഗം നേതാക്കൾ ചരട് വലികൾ നടത്തിക്കൊണ്ടിരിക്കുന്നു എന്ന ബോധ്യമായ സുധാകരൻ, മറ്റൊരു ആയുധപ്രയോഗവുമായി രംഗത്തുവന്നിരിക്കുകയാണ്. തന്നെ കെപിസിസി പ്രസിഡണ്ട് പദവിയിൽ നിന്നും മാറ്റിയാൽ അപ്പോൾ തന്നെ പ്രതിപക്ഷ നേതാവായ വി ഡി സതീശനെയും സ്ഥാനത്തുനിന്ന് മാറ്റണമെന്ന് സുധാകരൻ ഹൈക്കമാൻ്റിനോട് ആവശ്യപ്പെട്ടു കഴിഞ്ഞു. കെ സുധാകരനെ കെപിസിസി അധ്യക്ഷനായി നിയമിക്കുമ്പോൾ പാർട്ടിയിലെ അഴിച്ചുപണിയുടെ ഒരു പാക്കേജ് എന്ന നിലയ്ക്ക് ആണ് സതീശനെ പ്രതിപക്ഷ നേതൃത്വം പദവിയിലേക്ക് നിയമിച്ചത്. അതുകൊണ്ടുതന്നെ സുധാകരനെ മാറ്റുന്നെങ്കിൽ ഒപ്പം പ്രതിപക്ഷ നേതാവിനെയും മാറ്റണമെന്ന ഡിമാൻഡ് ആണ് സുധാകരൻ മുന്നോട്ടുവച്ചിരിക്കുന്നത്.
ഇതിനിടയിൽ കണ്ണൂർ രാഷ്ട്രീയത്തിൽ മറ്റു ചില വാർത്തകളും പ്രചരിക്കുന്നുണ്ട്. കണ്ണൂരിലെ ഏറ്റവും മുതിർന്ന സിപിഎം നേതാവ് ജയരാജൻ ബിജെപിയിൽ ചേരുന്ന ആലോചന നടത്തിയത് സംബന്ധിച്ച വാർത്തകൾ പ്രചരിക്കുന്നതിനിടയിലാണ് കെപിസിസി പ്രസിഡൻറ് സുധാകരൻ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ ബിജെപിയിൽ ചേരും എന്ന വിധത്തിലുള്ള വാർത്തകളും പ്രചരിക്കുന്നത്. കെ സുധാകരന്റെ കാര്യത്തിൽ ഇതിനു മുൻപും പലതവണ ഇത്തരം വാർത്തകൾ ഉയർന്നിട്ടുള്ളതാണ്. ഒരു ഘട്ടത്തിൽ താൻ ബിജെപി നേതാക്കളുമായി പാർട്ടി മാറുന്നത് സംബന്ധിച്ച് ചർച്ച നടത്തിയതായി സുധാകരൻ സമ്മതിക്കുകയും ചെയ്തിരുന്നതാണ് ഈ സംഭവം ഉയർത്തിക്കാട്ടിയാണ് തെരഞ്ഞെടുപ്പ് തോൽവി ഉണ്ടായാൽ സുധാകരൻ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേരും എന്ന വാർത്തകൾ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.
ഏതായാലും കെപിസിസി പ്രസിഡണ്ട് പദവി തിരികെ നൽകാത്തതിൽ കെ സുധാകരൻ വലിയ പ്രതിഷേധമാണ് ഉയർത്തിക്കൊണ്ടിരിക്കുന്നത്. എം എം ഹസ്സൻ ആകട്ടെ ചില ഗ്രൂപ്പ് നേതാക്കന്മാരുടെ പിന്തുണയോടു കൂടി ഹൈക്കമാൻ്റിനെ സ്വാധീനിച്ച് പ്രസിഡൻറ് പദവിയിൽ തുടരുന്നതിനുള്ള ശ്രമങ്ങളും നടത്തിക്കൊണ്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് തിരിച്ചടി ഉണ്ടായാൽ കേരളത്തിലെ പാർട്ടി നേതൃത്വത്തിനിടയിൽ വലിയ തർക്കങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും പാർട്ടി തന്നെ പൂർണമായ തകർച്ചയിലേക്ക് എത്തിച്ചേരും എന്നുള്ള വിലയിരുത്തലുകളും നടക്കുന്നുണ്ട്.
ഇതിനിടയിലാണ് വയനാട്ടിൽ സ്ഥാനാർഥിയായി രണ്ടാമതും മത്സരത്തിന് എത്തിയ രാഹുൽഗാന്ധി വയനാട്ടുകാരെ വഞ്ചിച്ചു കൊണ്ട് ഉത്തർപ്രദേശിൽ മത്സരിക്കാൻ നോമിനേഷൻ കൊടുത്തത് എന്ന പ്രചരണവും കേരളം ഒട്ടാകെ പടരുന്നുണ്ട്. ഉത്തർപ്രദേശിലെ റായിബറേലിയിൽ രാഹുൽഗാന്ധി ജയിച്ചാൽ വയനാട്ടിൽ നിന്നും ഒഴിയുമെന്നും അവിടെ വരുന്ന തെരഞ്ഞെടുപ്പ് യുഡിഎഫിന് സംബന്ധിച്ച് വലിയ പ്രതിസന്ധി ഉണ്ടാക്കുന്ന ഒന്നായി മാറും എന്നും ഉള്ള വിലയിരുത്തലുകളും നടക്കുന്നുണ്ട്.