ബെംഗളൂരു: നടൻ ദര്‍ശൻ പ്രതിയായ ബെംഗളൂരു കൊലപാതകത്തിൽ കൂടുതൽ തെളിവുകൾ പുറത്ത്. കൊലപാതകത്തിനായി നടൻ ദർശൻ തൊഗുദീപയുടെ കൂട്ടാളികള്‍ ഉപയോഗിച്ച കാർ പൊലീസ് കണ്ടെത്തി. കാറിന്റെ ഡ്രൈവറായ രവി കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.
കൊല്ലപ്പെട്ടയാളെ ചിത്രദുർഗയില്‍നിന്ന് ബെംഗളൂരുവിലേക്ക് കടത്താൻ ഉപയോഗിച്ച കാണ് കണ്ടെത്തിയത്. ദർശൻ ഫാൻസ് അസോസിയേഷൻ ചിത്രദുർഗ ജില്ലാ പ്രസിഡൻറ്റും കേസിലെ നാലാം പ്രതിയുമായ രാഘവേന്ദ്രനുമാണ് രേണുകസ്വാമിയെ ബെംഗളൂരുവില്‍ എത്തിച്ചത്.
ഷോക്ക് ഏല്‍പിച്ചതിന്റെയും പഴുപ്പിച്ച ഇരുമ്ബുദണ്ഡ് കൊണ്ട് പൊള്ളിച്ചതിന്റെയും മുറിവുകള്‍ രേണുക സ്വാമിയുടെ ശരീരത്തിലുണ്ടായിരുന്നതായി പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ട്. കുറ്റം ഏറ്റെടുക്കാൻ ദർശൻ നല്‍കിയ 30 ലക്ഷം രൂപ മറ്റു പ്രതികളില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തു. അറസ്റ്റിലായ എട്ടാം പ്രതി അനുകുമാറിന്റെ പിതാവ് ചന്ദ്രപ്പ വെള്ളിയാഴ്ച ഹൃദയാഘാതത്തെ തുടർന്ന് മരിച്ചിരുന്നു. ഇതേത്തുടർന്ന് ഇന്നലെ നടന്ന അന്ത്യസംസ്കാരത്തില്‍ പങ്കെടുക്കാനായി കോടതിയുടെ അനുമതിയോടെ അനുകുമാറിനെ പൊലീസ് ചിത്രദുർഗയില്‍ എത്തിച്ചു.
നടി പവിത്ര ഗൗഡ ഒന്നാം [പ്രതിയാണ്. കേസിലെ ഒന്നാം പ്രതിയായ പവിത്ര ഗൗഡയും രണ്ടാം പ്രതി ദർശനും തമ്മിലുള്ള ബന്ധത്തെ എതിർത്തു സമൂഹമാധ്യമങ്ങളില്‍ അശ്ലീല കമന്റിട്ടതിനാണു ചിത്രദുർഗ സ്വദേശി രേണുകസ്വാമി (33)യെ 8ന് ബെംഗളൂരു രാജരാജേശ്വരി നഗറിനു സമീപം പട്ടണഗെരെയിലുള്ള ആളൊഴിഞ്ഞ പറമ്ബിലെ ഷെഡിലെത്തിച്ച് കൊലപ്പെടുത്തി മലിനജല കനാലില്‍ തള്ളിയത്. ദർശനും പവിത്രയും ഉള്‍പ്പെടെ 18 പേരാണ് കേസില്‍ അറസ്റ്റിലായത്.