ആര്‍ എസ് എസ് വിമര്‍ശനത്തിന് പിന്നാലെ മണിപ്പൂര്‍ വിഷയം ചര്‍ച്ച ചെയ്യാൻ കേന്ദ്രം

മണിപ്പൂരില്‍ സംഘർഷം തുടരുന്ന കുക്കി-മെയ്‌തെയ് വിഭാഗങ്ങളുമായി ചർച്ചയ്ക്ക് കേന്ദ്രസർക്കാർ തീരുമാനം.

ന്യൂഡല്‍ഹി : മണിപ്പൂരില്‍ സംഘർഷം തുടരുന്ന കുക്കി-മെയ്‌തെയ് വിഭാഗങ്ങളുമായി ചർച്ചയ്ക്ക് കേന്ദ്രസർക്കാർ തീരുമാനം.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ച ഉന്നതതല യോഗത്തിലാണ് ഇതു സംബന്ധിച്ച്‌ തീരുമാനമെടുത്തത്. കേന്ദ്ര ഉദ്യോഗസ്ഥർ കുക്കി, മെയ്തെയ് വിഭാഗങ്ങളുമായി ചർച്ച നടത്തും. നിയമം കൈയിലെടുക്കുന്നവർക്ക് എതിരെ കർശന നടപടിയെടുക്കാനും അമിത് ഷാ പറഞ്ഞു. ആവശ്യമെങ്കില്‍ കൂടുതല്‍ സേനയെ വിന്യസിക്കാനും യോഗത്തില്‍ തീരുമാനമായി.

ആഭ്യന്തര മന്ത്രാലയത്തില്‍ നടന്ന യോഗത്തില്‍ കരസേന മേധാവി ജനറല്‍ മനോജ് പാണ്ഡെ, കേന്ദ്ര ആഭ്യന്തര സെക്രട്ടറി അശോക് ഭല്ല, മണിപ്പൂർ ചീ്ഫ് സെക്രട്ടറി വിനീത് ജോഷി തുടങ്ങിയ ഉന്നതോദ്യോഗസ്ഥർ പങ്കെടുത്തു.

ഒരാഴ്ച മുൻപായിരുന്നു ആർ.എസ്.എസ് സർസംഘചാലക് മോഹൻ ഭാഗവത് മണിപ്പൂർ വിഷയത്തില്‍ നടപടി ഉണ്ടാകണമെന്ന് നിർദ്ദേശിച്ചത്.