താര സംഘടനയായ അമ്മയുടെ ഭാരവാഹി തെരഞ്ഞെടുപ്പ്…

അമ്മയ്ക്കകത്ത് സ്റ്റണ്ട് നടക്കുമോ..

 

മലയാളത്തിലെ മെഗാസ്റ്റാറും സൂപ്പർസ്റ്റാറുകളും തുടങ്ങി, ജൂനിയർ ആർട്ടിസ്റ്റുകൾക്ക് വരെ പ്രാതിനിധ്യമുള്ള സംഘടനയാണ് അമ്മ… ഈ സംഘടനയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികൾ നടന്നുകൊണ്ടിരിക്കുകയാണ്… നാമനിർദ്ദേശ പത്രിക സമർപ്പണം പൂർത്തിയായി കഴിഞ്ഞു… ഈ മാസം മുപ്പതാം തീയതി എറണാകുളത്തെ ഗോകുലം കൺവെൻഷൻ സെൻററിൽ നടക്കുന്ന അമ്മയുടെ ജനറൽബോഡിയിലാണ് ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ്… എന്നാൽ അമ്മയുടെ പ്രസിഡൻറ് സ്ഥാനത്തേക്ക് നിലവിൽ പ്രസിഡണ്ടായ സൂപ്പർസ്റ്റാർ മോഹൻലാൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്… അമ്മയുടെ ട്രഷറർ സ്ഥാനത്തേക്ക് മറ്റൊരു താരമായ ഉണ്ണി മുകുന്ദനും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട കഴിഞ്ഞു… ഭാരവാഹി പട്ടികയിലെ മറ്റ് സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകൾ ആണ് മുപ്പതാം തീയതി നടക്കുക…

താരസംഘടനയായ അമ്മയുടെ പ്രവർത്തനങ്ങളിലും, സംഘടനയുടെ ബാങ്ക് നിക്ഷേപം അടക്കമുള്ള ആസ്തികളുടെ കാര്യത്തിലും കുറെ നാളുകളായി പലതരത്തിലുള്ള പരാതികളും ആക്ഷേപങ്ങളും പറഞ്ഞു കേൾക്കുന്നുണ്ട്… 13 വർഷത്തിലധികം സംഘടനയുടെ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ച ഇടവേള ബാബു ഈ പുതിയ തെരഞ്ഞെടുപ്പിൽ നിന്നും ഒഴിവായി നിൽക്കുകയാണ്… ഇതിൻറെ പിന്നിൽ ഇടവേള ബാബുവിനെതിരെ കമ്മറ്റി അംഗങ്ങൾ ഉയർത്തിയ ചില അഴിമതി ആരോപണങ്ങളും സാമ്പത്തിക ക്രമക്കേടുകളും ആണ് എന്ന് പറഞ്ഞു കേൾക്കുന്നുണ്ട്…

അമ്മ എന്ന താരസംഘടന രൂപീകൃതമായ ശേഷം, ഏറെക്കാലം പ്രസിഡണ്ട് പദവിയിൽ ഇരുന്നുകൊണ്ട് സംഘടനയെ വളരെ വിദഗ്ധമായി മുന്നോട്ട് നയിച്ചത് അന്തരിച്ച നടൻ ഇന്നസെൻറ് ആയിരുന്നു… അവസാന ഘട്ടത്തിൽ ആരോഗ്യപരമായ കാരണങ്ങളുടെ പേരിൽ അദ്ദേഹം പ്രസിഡൻറ് പദവിയിൽ നിന്നും ഒഴിവായപ്പോൾ ആണ് മോഹൻലാൽ പ്രസിഡണ്ട് സ്ഥാനത്തേക്ക് കടന്നുവന്നത്… കഴിഞ്ഞ രണ്ടു വർഷത്തിലധികമായി അമ്മ എന്ന സംഘടനയെ നയിക്കുന്നത് മോഹൻലാൽ ആണ്…

സൂപ്പർതാരമായ മോഹൻലാൽ അമ്മ സംഘടനയുടെ പ്രസിഡണ്ടായി പ്രവർത്തിക്കുന്നുണ്ടെങ്കിലും ഏറ്റവും തിരക്കുള്ള സിനിമാതാരം എന്ന നിലയിൽ അദ്ദേഹത്തിന് സംഘടനാ കാര്യങ്ങളിൽ സമയം കണ്ടെത്തി കാര്യമായി ഇടപെടാൻ കഴിയാറില്ല… ജനറൽ സെക്രട്ടറിയും വൈസ് പ്രസിഡന്റുമാരും കൂട്ടുചേർന്നുകൊണ്ട് ഉള്ള തീരുമാനങ്ങളും പ്രവർത്തനങ്ങളും ആണ് താരസംഘടന നടത്തിക്കൊണ്ടിരിക്കുന്നത്…

ധന ശേഖരണത്തിനു വേണ്ടി താര സംഘടനയായ അമ്മ വലിയ തോതിൽ വിപുലമായ ഷോകളും, മറ്റു പരിപാടികളും പലതവണ നടത്തിയിട്ടുള്ളതാണ്… അവാർഡ് നിശകൾ, താരങ്ങൾ പങ്കെടുക്കുന്ന മെഗാ ഷോകൾ തുടങ്ങി വിദേശരാജ്യങ്ങളിൽ വരെ വമ്പൻ പരിപാടികൾ നടത്തുകയും ഇതിലൂടെ സംഘടന കോടിക്കണക്കിന് രൂപ സമ്പാദിക്കുകയും ചെയ്തിരുന്നു… താര സംഘടന രൂപപ്പെട്ട ശേഷം ചലച്ചിത്ര രംഗത്ത് പ്രവർത്തിക്കുന്ന താരങ്ങളെ സംരക്ഷിക്കുന്നതിനും സഹായിക്കുന്നതിനും നിരവധി പദ്ധതികളും അമ്മ ആവിഷ്കരിച്ചിരുന്നു… ചലച്ചിത്രനടനും നിർമ്മാതാവുമായ ദിലീപുമായി ചേർന്നുകൊണ്ട് വർഷങ്ങൾക്കു മുമ്പ് ട്വൻറി ട്വൻ്റി എന്ന സിനിമ നിർമ്മിച്ചിരുന്നു… മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, കാവ്യ മാധവൻ, ഭാവന തുടങ്ങി മുൻനിര താരങ്ങളെല്ലാം ഈ സിനിമയിൽ പങ്കാളികളായി കോടിക്കണക്കിന് രൂപയുടെ വരുമാനം ഈ സിനിമ വഴി ഉണ്ടായി എന്നായിരുന്നു പറഞ്ഞിരുന്നത്…

താര സംഘടനയായ അമ്മ, ആവിഷ്കരിച്ച നന്മ നിറഞ്ഞ ഒരു പദ്ധതിയായിരുന്നു ചലച്ചിത്ര രംഗത്ത് പ്രവർത്തിച്ച രോഗബാധിതരും മറ്റുമായി അവശനിലയിൽ ആയ താരങ്ങൾക്ക് മാസംതോറും 5000 രൂപ വീതം നൽകുന്ന ഒരു പദ്ധതി… എന്നാൽ ഈ പദ്ധതി ഏറെനാളായി മുടങ്ങിക്കിടക്കുന്നു എന്നാണ് പറയപ്പെടുന്നത്… മാത്രവുമല്ല, വളരെ തിരക്കുള്ള നിലയിൽ ചലച്ചിത്ര രംഗത്ത് പ്രവർത്തിക്കുകയും, അവസാന കാലത്ത് സിനിമ വിട്ടുമാറി നിൽക്കുകയും ചെയ്ത പാവപ്പെട്ട താരങ്ങൾ മരിച്ചപ്പോൾ തിരിഞ്ഞു നോക്കാൻ പോലും അമ്മ സംഘടനയും പ്രമുഖ താരങ്ങളും തയ്യാറായില്ല എന്ന ആക്ഷേപവും പലവട്ടം പുറത്തുവരികയുണ്ടായി…

ചലച്ചിത്ര നിർമ്മാതാവ് അഭിനേതാവ് തുടങ്ങി ഏറെ കാലം മലയാള സിനിമാലോകത്ത് തിളങ്ങി നിന്ന ടി പി മാധവൻ എന്ന പ്രശസ്ത നടൻ ആരോരും തിരിഞ്ഞുനോക്കാൻ ഇല്ലാതെ കൊല്ലത്തെ ഒരു വൃദ്ധസദനത്തിൽ ഇപ്പോഴും കഴിയുകയാണ്… ഏറെക്കാലം നാടക രംഗത്തും കുറച്ചൊക്കെ സിനിമാരംഗത്തും അഭിനയിച്ച താരങ്ങൾ അവശനിലയിൽ ആയപ്പോൾ പല വിധത്തിലുള്ള അപേക്ഷകൾ സമർപ്പിച്ചിട്ടും അമ്മ സംഘടന തിരിഞ്ഞു നോക്കിയില്ല എന്ന് പരസ്യമായി ചില അവശ സിനിമാതാരങ്ങൾ പറയുന്ന സാഹചര്യവും ഉണ്ടായിരുന്നു…

ഇപ്പോൾ ഏതായാലും മോഹൻലാൽ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. മറ്റു ഭാരവാഹികളെ തീരുമാനിക്കുന്നതിന് ഉള്ള നാമനിർദ്ദേശപത്രിക സമർപ്പണം പൂർത്തിയായി കഴിഞ്ഞു… സംഘടനയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് നടൻ സിദ്ദിഖ്, കുക്കു പരമേശ്വരൻ തുടങ്ങിയവർ മത്സരിക്കുന്നുണ്ട്… അതുപോലെതന്നെ സംഘടനയുടെ ജോയിൻറ് സെക്രട്ടറി സ്ഥാനത്തേക്ക് ബാബുരാജിന് എതിരായി അനൂപ് ചന്ദ്രനും പത്രിക നൽകിയിട്ടുണ്ട്… അമ്മയുടെ വൈസ് പ്രസിഡൻറ് സ്ഥാനത്തേക്ക് താരങ്ങളായ ജഗദീഷ്, മഞ്ജു പിള്ള, ജയൻ ചേർത്തല എന്നിവർ മത്സരിക്കുന്നുണ്ട്… സംഘടനയുടെ കമ്മിറ്റിയിലെ എക്സിക്യൂട്ടീവ് അംഗങ്ങളാകാൻ അനന്യ, ജോയ് മാത്യു, കലാഭവൻ ഷാജോൺ, രമേശ് പിഷാരടി, സരയൂ, സുരാജ് വെഞ്ഞാറമൂട്, ടിനി ടോം, ടോവിനോ തോമസ് തുടങ്ങിയവരും പത്രിക സമർപ്പിച്ചിട്ടുണ്ട്…

പതിവിന് വിപരീതമായി ഈ കുറി തെരഞ്ഞെടുപ്പിൽ വലിയ വാശിയും മത്സരവും നടക്കുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ… സംഘടന ഒരു കൂട്ടം ആൾക്കാർ വർഷങ്ങളായി കയ്യടക്കി വെച്ചിരിക്കുന്നു എന്നും, സംഘടനയുടെ ആസ്തിയും സമ്പത്തും ബാങ്ക് നിക്ഷേപവും മറ്റും സംബന്ധിച്ച ഒരു വിവരവും ജനറൽബോഡിയിൽ അവതരിപ്പിച്ച പാസാക്കുന്നില്ല എന്ന പരാതിയും ഒരുപറ്റം അംഗങ്ങൾ മുന്നോട്ടുവയ്ക്കുന്നുണ്ട്… മുപ്പതാം തീയതി നടക്കുന്ന ജനറൽബോഡിയിൽ പരസ്പര പോരും വാശിയും ഉണ്ടാകും എന്നാണ് അറിയുന്നത്… അമ്മ എന്ന താരസംഘടനയുടെ മുൻകാല ചരിത്രത്തിൽ നിരവധിതവണ ഭാരവാഹികൾ തമ്മിലും മറ്റും ഏറ്റുമുട്ടലിന്റെ സ്ഥിതി വരെ ഉണ്ടായിട്ടുണ്ട്… ചില താരങ്ങളെ കേസുകളുടെ പേരിൽ പുറത്താക്കണം എന്ന ആവശ്യം ഉയർന്നപ്പോഴും, പുറത്താക്കപ്പെട്ട ചില താരങ്ങളെ തിരിച്ചെടുക്കുന്ന തീരുമാനം വന്നപ്പോഴും,  ഭാരവാഹികൾ തമ്മിൽ ചേരിതിരിയും സംഘർഷത്തിലേക്ക് എത്തുകയും ചെയ്ത സംഭവങ്ങൾ മലയാളികൾ കണ്ടതാണ്…

മലയാള ചലച്ചിത്രലോകത്ത് മാത്രമല്ല, അന്യഭാഷ സിനിമാലോകത്തും ഇതുപോലെ തന്നെ താര സംഘടനകൾ ശക്തമായി പ്രവർത്തിക്കുന്നുണ്ട്… തമിഴ്, തെലുങ്ക് സിനിമ ലോകത്ത് താര സംഘടനകൾ ബുദ്ധിമുട്ട് അനുഭവിക്കുന്ന താരങ്ങൾക്ക് വലിയ തോതിലുള്ള സഹായവും മറ്റും ചെയ്തുവരുന്നതായിട്ടാണ് അറിയുന്നത്… അതുപോലെതന്നെ താരങ്ങളെ മൊത്തത്തിൽ ബാധിക്കുന്ന പ്രശ്നങ്ങളിലും സിനിമയുടെ നിലനിൽപ്പിനും വളർച്ചയ്ക്കും ദോഷമുണ്ടാക്കുന്ന സർക്കാർ തീരുമാനങ്ങളോ പൊതു ഇടപെടലുകളോ ഉണ്ടാവുമ്പോൾ അതിനെതിരെ ഒറ്റക്കെട്ടായി രംഗത്ത് വന്ന പ്രതിരോധിക്കാനും അന്യഭാഷ താര സംഘടനകൾക്ക് കഴിയുന്നുണ്ട്…

എന്നാൽ മലയാള സിനിമാതാരങ്ങളുടെ സംഘടനയായ അമ്മ ഈ കാര്യത്തിൽ എത്രകണ്ട് ഫലപ്രദമായി പ്രവർത്തിക്കുന്നു എന്നത് പരിശോധിക്കപ്പെടേണ്ട കാര്യമാണ്… നിലവിൽ അമ്മ എന്ന താരസംഘടനയിൽ മലയാള സിനിമ വേദിയിൽ പ്രവർത്തിക്കുന്ന 506 അംഗങ്ങൾ ഉണ്ട്… അമ്മയുടെ അംഗത്വം ലഭിക്കുന്നതിനുള്ള നിബന്ധനകളുടെ കാര്യത്തിലും ഏറെക്കാലമായി പരാതികൾ നിലനിൽക്കുന്നുണ്ട്… സിനിമാ മോഹവുമായി അഭിനയരംഗത്തേക്ക് വരുന്ന പുതിയ താരങ്ങൾ അംഗത്വം ആവശ്യപ്പെട്ടാൽ വലിയ തുക അംഗത്വ ഫീസായി ചോദിക്കുന്നു എന്നത് ഏറെക്കാലമായി ഉള്ള പരാതിയാണ്… ഇത് ന്യായീകരിക്കാൻ കഴിയുന്നതാണോ എന്ന കാര്യം അമ്മയുടെ ഭരണ ചുമതല കേൾക്കുന്ന പുതിയ കമ്മിറ്റിക്കാർ എങ്കിലും ചിന്തിക്കണം എന്നുകൂടി അഭ്യർത്ഥിക്കുന്നു…