ജാതിയുടെ പേരിൽ അടിച്ചമർത്തപ്പെട്ട ജനവിഭാഗങ്ങളെ സമൂഹത്തിൻറെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്താൻ ജീവിതം മുഴുവൻ പരിശ്രമിച്ച മഹാത്മാവായിരുന്നു ശ്രീനാരായണ ഗുരു. ജാതി ചോദിക്കുകയും പറയുകയും ചെയ്യരുത് എന്ന കാര്യത്തിൽ നിർബന്ധബുദ്ധി കാണിച്ചിരുന്ന ആളാണ് ഗുരുദേവൻ. ഒരു ഘട്ടത്തിൽ തന്നെ ഈഴവൻ ആക്കി മുദ്രകുത്തുന്നു എന്ന ബോധ്യമായപ്പോൾ താൻ ജാതി ഉപേക്ഷിച്ചിരിക്കുകയാണെന്നും ഒരു ജാതിയിലും പെട്ടവനായി തന്നെ കണക്കാക്കേണ്ടതില്ലെന്നും എസ് എൻ ഡി പി യോഗത്തിന്റെ സർക്കുലറിലൂടെ പൊതുസമൂഹത്തെ അറിയിച്ച ആളായിരുന്നു ഗുരുദേവൻ. അങ്ങനെയുള്ള മഹാനായ ഗുരുദേവൻ സ്ഥാപിച്ചു വളർത്തിയെടുത്ത മഹാപ്രസ്ഥാനമാണ് എസ് എൻ ഡി പി യോഗം. ആ യോഗത്തെ ഇപ്പോൾ നയിച്ചു കൊണ്ടിരിക്കുന്നത് വെള്ളാപ്പള്ളി നടേശനും കുടുംബവും ആണ്. എന്താണോ ശ്രീനാരായണ ഗുരു തൻറെ പ്രവർത്തനത്തിലൂടെ മുന്നോട്ടുവെച്ച ലക്ഷ്യം, അതിനെല്ലാം ഘടകവിരുദ്ധമായ നിലപാടുകളും പ്രസ്താവനകളും ആണ് വെള്ളാപ്പള്ളി നടേശൻ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നു. ജാതി പറയുന്നത് അഭിമാനമാണ് എന്ന രീതിയിൽ അദ്ദേഹം കഴിഞ്ഞ ദിവസം പ്രസ്താവന നടത്തി സാക്ഷാൽ ഗുരുദേവൻ ജീവിതകാലം മുഴുവൻ എതിർത്ത് ഒരു കാര്യത്തെയാണ് വെള്ളാപ്പള്ളി ഇപ്പോൾ ന്യായീകരിക്കുന്നത്.
കേരളത്തിലെ സമുദായങ്ങളുടെ അംഗസംഖ്യ നോക്കിയാൽ ഏറ്റവും മുന്നിലുള്ള സമുദായമാണ് ഈഴവ സമുദായം. കേരളത്തിലെ ജനസംഖ്യയിൽ 26% ത്തോളം ആൾക്കാർ ഈഴവ സമുദായത്തിൽ ജനിച്ചവരാണ്. ഇത്രയും വലിയ ഒരു ജനവിഭാഗത്തെ പരസ്യമായി നയിക്കുന്ന നേതാവ് എന്ന നിലയിൽ വെള്ളാപ്പള്ളി അതിൻറെ പരിശുദ്ധിയും കൃത്യതയും തൻറെ പ്രസംഗങ്ങളിൽ കാണിക്കാൻ ബാധ്യതയുള്ള ആളാണ്. ശ്രീനാരായണഗുരു എല്ലാ കാലത്തും ജാതിയെ തള്ളിപ്പറഞ്ഞിരുന്നു. മാത്രവുമല്ല കേരളത്തിൽ ഏറ്റവും കൂടുതൽ ക്ഷേത്ര നിർമ്മാണവും ക്ഷേത്ര പ്രതിഷ്ഠയും നടത്തിയിട്ടുള്ള മഹാന്മാരിൽ ഒന്നാമനാണ് ശ്രീനാരായണഗുരു.
അദ്ദേഹത്തിൻറെ അനുവാദത്തോടുകൂടി നിർമ്മാണം പൂർത്തിയാക്കുകയും പ്രതിഷ്ഠ നടത്തുകയും ചെയ്ത ക്ഷേത്രങ്ങളിൽ ഭക്തരായി എത്തുന്ന ആൾക്കാരുടെ കാര്യത്തിൽ ഗുരു കർക്കശമായ നിലപാട് അന്ന് എടുത്തിരുന്നു. ഭഗവാനെ തൊഴുവാൻ ക്ഷേത്രത്തിൽ ഏതു ജാതിയിൽപ്പെട്ട ആൾ കടന്നുവന്നാലും അവർക്കും ക്ഷേത്രപ്രവേശനം നൽകണം എന്ന് ഗുരു നിർബന്ധിച്ചിരുന്നു. ഇത് ലംഘിച്ച ചില ക്ഷേത്രങ്ങളിൽ അതിൻറെ നടത്തിപ്പുകാർക്കെതിരെ കർശനമായ ഭാഷയിൽ സംസാരിക്കുവാനും ഗുരു തയ്യാറായി. മാത്രവുമല്ല ഒടുവിൽ എത്തുമ്പോൾ തൻറെ ഉദ്ദേശശുദ്ധി ക്ഷേത്ര കാര്യത്തിൽ സമുദായ അംഗങ്ങൾ പാലിക്കുന്നില്ല എന്ന ബോധ്യമായപ്പോൾ ഇനി ക്ഷേത്രനിർമ്മാണത്തിലും പ്രതിഷ്ഠയും താനില്ല എന്നുവരെ തീരുമാനിക്കാൻ ശ്രീനാരായണ ഗുരു തയ്യാറായി.
ശ്രീനാരായണഗുരു വെറുതെ ഇത്തരത്തിൽ ഒരു തീരുമാനം എടുക്കുകയായിരുന്നില്ല. ഈഴവ സമുദായം എന്ന സ്വന്തം സമുദായം അടക്കം താഴ്ന്ന ജാതിയിലുള്ള എല്ലാ ആൾക്കാർക്കും ഈശ്വരാ ആരാധനയും ക്ഷേത്രവും ഒക്കെ നിരോധിച്ചിരുന്ന ഒരു കാലമായിരുന്നു ഗുരുവിൻറെ പ്രവർത്തന കാലം. സവർണ്ണ മേധാവികളുടെ ധിക്കാരവും അഹങ്കാരപ്രയോഗവും തടയുന്നതിനും താഴ്ന്ന ജാതിക്കാർക്ക് ഈശ്വരാ ആരാധനയ്ക്ക് സൗകര്യം ഒരുക്കുന്നതിനും ആണ് ഗുരു ശ്രമിച്ചത്. വൈക്കം സത്യാഗ്രഹം അടക്കമുള്ള സംഭവങ്ങളിൽ മുന്നിൽ നിൽക്കാൻ ഗുരു തയ്യാറായത് ഈ ലക്ഷ്യത്തോടെ ആയിരുന്നു. ജാതി പറഞ്ഞു താഴത്തെ കെട്ടിയ ആൾക്കാരുടെ ദുരിതങ്ങൾ അനുഭവിച്ചറിഞ്ഞ ഗുരു മനുഷ്യരിൽ മനുഷ്യജാതി മാത്രമേ ഉള്ളൂ എന്നും മറ്റുള്ള ജാതികളെല്ലാം ചിലർ അവരവരുടെ നേട്ടത്തിനു വേണ്ടി നടപ്പിൽ വരുത്തിയതാണ് എന്നും ഗുരു വിശ്വസിച്ചു.
ജാതി പറയുമ്പോൾ തരംതിരിക്കൽ സമൂഹത്തിൽ ഉണ്ടാവും എന്നതാണ് ഗുരു കണ്ട കാരണം അതുകൊണ്ടുതന്നെയാണ്. ഈഴവർ മാത്രമല്ല എല്ലാരും മനുഷ്യരാണ് എന്നും ഒരു കാരണവശാലും ജാതി പറഞ്ഞു കൊണ്ടുള്ള തരംതിരിവുകൾ ഉണ്ടാകേണ്ടതില്ല എന്നും ഗുരുവാശി പിടിച്ചത് താൻ ജാതി വിട്ടിരിക്കുന്നു എന്നും മേലിൽ ഒരു ജാതിയും തന്നെ ബാധിക്കില്ല എന്നും വരെ തീർത്ത് പറഞ്ഞഗുരുദേവന്റെ സ്ഥാനത്തിരിക്കുന്ന പുതിയ ആൾക്കാർ ജാതിയുടെ കണക്ക് പറഞ്ഞ് സർക്കാരിൽ നിന്നും നിന്നും എന്തെങ്കിലും ഒക്കെ നേടിയെടുക്കാൻ ശ്രമിക്കുന്നത് ഗുരുദേവനെ തന്നെ ആക്ഷേപിക്കുന്നതിന് തുല്യമാണ്.
ഈഴവ സമുദായത്തിന്റെ അംഗബലവും ശക്തിയും ഭരണകൂടങ്ങളെ ബോധ്യപ്പെടുത്താൻ കഴിയുക എന്നത് ഇടപെടൽ നടത്തുന്ന സമുദായ മേധാവിയുടെ അന്യമായ നിലപാടുകൾ അനുസരിച്ച് ആയിരിക്കും. ഒരു സമുദായവും അതിനായി നയിക്കുന്ന ആൾക്കാരും ശക്തരാണ് എന്ന് തിരിച്ചറിയുമ്പോൾ സ്വാഭാവികമായും ജനാധിപത്യത്തിലെ ഭരണകർത്താക്കൾ അർഹമായ പരിഗണന നൽകുവാൻ തയ്യാറകും.
വെള്ളാപ്പള്ളി നടേശൻ എസ് എൻ ഡി പി യോഗത്തിന്റെ ജനറൽ സെക്രട്ടറി പദവിയിൽ എത്തിയിട്ട് കാൽ നൂറ്റാണ്ട് കഴിഞ്ഞു. ഈ കാലഘട്ടത്തിനിടയിൽ അദ്ദേഹം നടത്തിയിട്ടുള്ള പ്രസ്താവനകളും സ്വീകരിച്ച നിലപാടുകളും ഒരിക്കലും വ്യക്തത ഉള്ളതായിരുന്നില്ല. ഒരു ദിവസം ഭരണകർത്താക്കളെ പുകഴ്ത്തി പറഞ്ഞാൽ മറ്റൊരു ദിവസം അവരെ ചീത്ത വിളിക്കുന്ന പ്രസ്താവനകളും നടത്തും. ഇത്തരത്തിൽ നിലപാടുകൾ ഇല്ലാതെ വരുമ്പോൾ സ്വാഭാവികമായും ഭരണകർത്താക്കൾ മുഖം തിരിക്കും ഇതാണ് യഥാർത്ഥത്തിൽ കേരളത്തിലെ ഈഴവ സമുദായം നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിശാന്തി.