മലയാള സിനിമ ലോകത്തെ താരങ്ങളുടെ സംഘടനയാണ് അമ്മ എന്ന പേരിൽ അറിയപ്പെടുന്നത്. സിനിമയിലെ ഏതാണ്ട് മിക്ക എല്ലാ താരങ്ങളും ഈ സംഘടനയിൽ അംഗങ്ങളാണ്. 540 ഓളം ചലച്ചിത്ര താരങ്ങളുടെ പങ്കാളിത്തം ഈ സംഘടനയിൽ ഉണ്ട് എന്നാണ് അറിയുന്നത്. താര സംഘടനയായ അമ്മയുടെ ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് ഇപ്പോൾ നടന്നു. ഈ തെരഞ്ഞെടുപ്പിൽ വാശിയേറിയ മത്സരമാണ് ഉണ്ടായത്. പ്രസിഡണ്ട് പദവിയിലേക്ക് സൂപ്പർ സ്റ്റാർ ആയ മോഹൻലാൽ എതിരില്ലാതെ നേരത്തെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഭരണസമിതിയിലെ മറ്റ് സ്ഥാനങ്ങളിലേക്ക് ആണ് തെരഞ്ഞെടുപ്പ് നടന്നത്. പതിവിന് വിപരീതമായി ഈ തെരഞ്ഞെടുപ്പിനെ പറ്റി വ്യാപകമായ പരാതികളും എതിർപ്പുകളും ഉയർന്നത് സംഘടനയ്ക്കുള്ളിൽ വിള്ളൽ ഉണ്ടാക്കാൻ വഴിയൊരുക്കി ഇരിക്കുകയാണ്.
സിനിമാതാരങ്ങളുടെ സംഘടനയായ അമ്മയിൽ രാഷ്ട്രീയം കടന്നുകയറി എന്നും തെരഞ്ഞെടുപ്പിൽ കഴിവും പ്രാപ്തിയും ഉള്ള ആൾക്കാരെ വിജയിപ്പിക്കുക എന്നതിന് പകരം രാഷ്ട്രീയമായി ചായ്‌വ് കാണിക്കുന്ന ആൾക്കാരെ പിന്തുണയ്ക്കുവാനും ജയിപ്പിക്കുവാനും ചിലർ അണിയറ നീക്കങ്ങൾ നടത്തി എന്നും ഉള്ള പരാതിയാണ് ഉയർന്നിരിക്കുന്നത്. താരാ സംഘടനയിൽ അംഗങ്ങളായിട്ടുള്ള ആൾക്കാരിൽ മുൻനിര താരങ്ങൾ ഒഴിച്ചാൽ ബാക്കിയുള്ളവരെല്ലാം രാഷ്ട്രീയമായ താൽപര്യത്തോടെ കൂടി പ്രവർത്തിക്കുന്നു എന്ന പരാതിയാണ് ഉണ്ടായിട്ടുള്ളത്. ഇത്തരത്തിൽ പെടുന്ന താരങ്ങളിൽ ഭൂരിഭാഗം ആൾക്കാരും ഇടതുപക്ഷ അനുഭാവികൾ ആണ് എന്നും അത്തരത്തിൽ ഇടതുപക്ഷ അനുകൂലികളായ ആൾക്കാരെ വിജയിപ്പിച്ചെടുക്കുന്നതിന് സംഘം ചേർന്നുകൊണ്ടുള്ള പ്രവർത്തനങ്ങൾ നടത്തി എന്നും ആണ് പരാതി ഉയർന്നിരിക്കുന്നത്.
താരസംഘടനയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിച്ച ചലച്ചിത്രതാരമായ രമേശ് പിഷാരടി നേരിട്ട് രേഖാമൂലം തന്നെ തെരഞ്ഞെടുപ്പിൽ നടന്ന നിയമവിരുദ്ധ ഇടപാടുകളെ ചൂണ്ടിക്കാണിച്ച് പരാതി നൽകി കഴിഞ്ഞു അമ്മ പ്രസിഡണ്ടിനും ജനറൽ സെക്രട്ടറിക്കും ആണ് പിഷാരടി രേഖാമൂലം പരാതി നൽകിയത്.
രമേശ് പിഷാരടി സംഘടനയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിക്കുകയും വിജയിക്കുന്നതിനുള്ള വോട്ട് നേടുകയും ചെയ്തിരുന്നു എന്നാൽ കമ്മിറ്റിയിൽ സംഘടനയുടെ നിയമാവലി പ്രകാരം സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കേണ്ടി വന്നപ്പോൾ ജയിച്ച പിഷാരടിയെ കമ്മിറ്റി അംഗമാക്കാതെ പുറത്താക്കി എന്നതാണ് പരാതിയുടെ അടിസ്ഥാനം.
വലിയ പ്രമുഖരായ ആൾക്കാർ നയിക്കുന്ന താര സംഘടനയായ അമ്മയുടെ തെരഞ്ഞെടുപ്പിൽ സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കുന്ന രീതിയിൽ നാമനിർദ്ദേശപത്രിക സമർപ്പിക്കുന്നതിനുള്ള കാര്യങ്ങൾ നടപ്പിലാക്കാൻ കഴിഞ്ഞില്ല എന്നത് വലിയ പോരായ്മ ആണ്. നിയമപരമായി ചെയ്യേണ്ട കാര്യങ്ങൾ ഉപദേശിക്കുന്നതിന് സംഘടനയിൽ സംവിധാനം ഉള്ളതായിട്ടാണ് അറിയുന്നത്. മാത്രവുമല്ല ജനാധിപത്യപരമായ തെരഞ്ഞെടുപ്പ് പ്രക്രിയ നടപ്പിലാക്കുന്നതിന് തിരഞ്ഞെടുപ്പ് ചുമതലയുള്ള ആളെ നിയോഗിക്കുകയും ചെയ്തിരുന്നു. ഇതൊക്കെ ഉണ്ടായിട്ടും വോട്ടെടുപ്പിൽ ജയിക്കാനുള്ള വോട്ട് നേടിയ പിഷാരടിയെ എന്തുകൊണ്ട് കമ്മിറ്റിയിൽ ഉൾപ്പെടുത്താതെ പുറത്താക്കി എന്ന ചോദ്യമാണ് ഔദ്യോഗിക പക്ഷത്തിനു നേരെ വിമത വിഭാഗം ഉയർത്തി കൊണ്ടിരിക്കുന്നത്.
കാൽ നൂറ്റാണ്ട് പിന്നിട്ട താരങ്ങളുടെ സംഘടനയാണ് അമ്മ ഈ സംഘടനയിൽ മുൻപ് ഒരിക്കലും ഉണ്ടാകാത്ത വിധത്തിലുള്ള പ്രതിഷേധങ്ങളും തർക്കങ്ങളും ആണ് ഈ തെരഞ്ഞെടുപ്പിന് ശേഷം ഉയർന്നുവന്നിരിക്കുന്നത്. ഇതിനിടയിൽ ചേരിതിരിവ് ഉണ്ടായപ്പോൾ അതിൽ രാഷ്ട്രീയമായ നീക്കങ്ങളും ഉണ്ടായി എന്നതാണ് വാസ്തവം. ചേരിതിരിഞ്ഞ് തർക്കങ്ങൾ ഉയർത്തുന്നവർ രാഷ്ട്രീയമായി രണ്ടു തട്ടിൽ നിൽക്കുന്നു എന്നതാണ് ഇപ്പോഴത്തെ അമ്മ സംഘടനയുടെ അവസ്ഥ.
തെരഞ്ഞെടുപ്പ് നടത്തിയ രീതിയിലോ കാര്യങ്ങളിലോ അമ്മ സംഘടനയിലെ ആദരണീയരായ സൂപ്പർ താരങ്ങൾ അഭിപ്രായം പറഞ്ഞിട്ടില്ല. മെഗാസ്റ്റാർ മമ്മൂട്ടിയും അതുപോലെതന്നെ മോഹൻലാലും സുരേഷ് ഗോപിയും രണ്ടാം തലമുറക്കാരായി സിനിമയിൽ നിൽക്കുന്ന പൃഥ്വിരാജ് ഫഹദ് ഫാസിൽ ജയസൂര്യ തുടങ്ങിയവരും രാഷ്ട്രീയമായ നിലപാട് സ്വീകരിച്ചവരോട് യോജിക്കുകയോ അനുകൂല പ്രസ്താവനകൾ നടത്തുകയോ ചെയ്തിട്ടില്ല. ഇപ്പോൾ രമേശ് പിഷാരടി യിലൂടെ പുറത്തുവന്നിരിക്കുന്ന പ്രതിഷേധ സ്വരങ്ങൾ അവസാനിപ്പിക്കാൻ മമ്മൂട്ടി തന്നെ ഇടപെടൽ നടത്തും എന്നാണ് ഒടുവിൽ പുറത്തുവരുന്ന വാർത്തകൾ.