ജാതിയും മതവും രാഷ്ട്രീയവും ഒന്നുമില്ലാതെ മലയാളികൾ ഒന്നടങ്കം ആഘോഷിക്കുന്ന ഓണം ഈ കുറി പട്ടിണിയിൽ കിടക്കുന്ന സ്ഥിതിയിലാണ് ഇപ്പോൾ സംസ്ഥാന സർക്കാർ എത്തിനിൽക്കുന്നത്. സർക്കാരിൻറെ ഖജനാവ് ഏതാണ്ട് പൂർണ്ണമായും കാലിയാണ്. ഓണം ആകുമ്പോൾ വലിയ തോതിൽ സാമ്പത്തിക ഭാരം സർക്കാരിനുമേൽ ഉണ്ടാകും. ഇപ്പോൾ വെറും 100 കോടി രൂപ ആണ് ഭക്ഷ്യവകുപ്പിന് ധനകാര്യ മന്ത്രി അനുവദിച്ചിരിക്കുന്നത്. 2000 കോടിയോളം രൂപ പലയിടങ്ങളിൽ കൊടുത്തു തീർക്കാൻ നിൽക്കുന്ന സാഹചര്യത്തിലാണ് 100 കോടി രൂപ മാത്രം സിവിൽ സപ്ലൈസ് അടക്കമുള്ള ഭക്ഷ്യ വകുപ്പിന് സർക്കാർ അനുവദിച്ചിരിക്കുന്നത്.
കഴിഞ്ഞ ഓണക്കാലത്ത് തന്നെ മുൻകാലങ്ങളെ അപേക്ഷിച്ചു വലിയ പ്രതിസന്ധി മലയാളികൾ അനുഭവിച്ചതാണ്. ഓണക്കാല ചന്തകളും ഐആർഡിപി മേളകളും വഴി സാധാരണ ജനങ്ങൾക്ക് കുറഞ്ഞ വിലയ്ക്ക് ഓണസാധനങ്ങൾ വിതരണം ചെയ്തിരുന്ന ഒരു കാലം ഉണ്ടായിരുന്നു. വലിയ പ്രതിഷേധങ്ങൾ ഉയർന്നപ്പോൾ വഴിപാട് എന്ന വിധത്തിൽ തിരുവനന്തപുരം കൊച്ചി കോഴിക്കോട് എന്നിവിടങ്ങളിൽ മാത്രം ഓണം ഫെയർ നടത്തി സർക്കാർ തലയൂരുകയാണ് ഉണ്ടായത്.
ഓണക്കാലത്ത് സർക്കാർ ജീവനക്കാരുടെ ശമ്പള വിതരണം പെൻഷൻ വിതരണം സാധാരണ ജനങ്ങൾക്ക് നൽകിവരുന്ന ക്ഷേമ പെൻഷൻ തുടങ്ങിയ വിവിധ ഇനങ്ങളിലായി ഏറ്റവും കുറഞ്ഞത് 25000 കോടി രൂപയെങ്കിലും സർക്കാർ കണ്ടെത്തേണ്ടി വരും. നിലവിൽ 3000 കോടി രൂപ കടമെടുക്കുന്നതിന് കേന്ദ്രത്തോട് അനുമതി തേടി കാത്തിരിക്കുകയാണ് സംസ്ഥാന ധനകാര്യ മന്ത്രി
കഴിഞ്ഞ ആറുമാസത്തിൽ അധികമായി സിവിൽ സപ്ലൈസ് കോർപ്പറേഷൻ നടത്തിവരുന്ന സപ്ലൈകോയിലോ മാവേലി സ്റ്റോറുകളിലോ സാധനസാമഗ്രികൾ ഒന്നും ഇല്ലാത്ത സ്ഥിതിയാണ് തുടരുന്നത്. ഭക്ഷ്യവസ്തുക്കൾ ന്യായവിലയ്ക്ക് സാധാരണ ജനങ്ങൾക്ക് നൽകിക്കൊണ്ടിരുന്ന ഈ സംവിധാനം തകരാറിലായിട്ട് പരിഹരിക്കാനുള്ള ഒരു ശ്രമവും ഇതുവരെ ഉണ്ടായിട്ടില്ല. സപ്ലൈകോ ഭക്ഷ്യവസ്തുക്കൾ വാങ്ങിയ ഇനത്തിലും സാധനങ്ങൾ എത്തിച്ച വണ്ടിക്കാരുടെ കൂലി ഇനത്തിലും ഒക്കെയായി 2000 കോടിയോളം രൂപ കൊടുത്തു തീർക്കാൻ ഉണ്ട് എന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി തന്നെയാണ്. വെളിപ്പെടുത്തിയത് ഈ സാഹചര്യം നിലനിൽക്കുമ്പോൾ ഓണക്കാലത്ത് ഇടക്കാല പരിഹാരം എങ്കിലും ഉണ്ടാക്കാൻ കഴിയണമെങ്കിൽ സാധനസാമഗ്രികൾ വിതരണം ചെയ്യുന്ന കരാറുകാർക്ക് കുറഞ്ഞത് ആയിരം കോടി രൂപയെങ്കിലും കൊടുക്കാൻ സർക്കാരിന് കഴിയണം.
നിലവിലെ സർക്കാരിനെ നേതൃത്വം കൊടുക്കുന്ന സിപിഎം എന്ന പാർട്ടിയും മുഖ്യമന്ത്രിയും മന്ത്രിമാരും എല്ലാം ഒരു മാസം മുൻപ് നടന്ന ലോകസഭാ തിരഞ്ഞെടുപ്പിലെ വലിയ പരാജയത്തിന്റെ ആഘാതത്തിലാണ്. കാര്യമായ ഇടപെടൽ നടത്തേണ്ട സിപിഎം നേതൃത്വം ആകട്ടെ തെരഞ്ഞെടുപ്പ് തോൽവിയുടെ കാരണങ്ങൾ അന്വേഷിച്ച് കുരുക്കിൽ അകപ്പെട്ടു കിടക്കുകയാണ്. സിപിഐ അടക്കമുള്ള ഇടതുമുന്നണി പാർട്ടികളും തെരഞ്ഞെടുപ്പ് തോൽവിയിൽ ഉണ്ടായ പ്രതിസന്ധിയിൽ അകപ്പെട്ട നിൽക്കുകയാണ്.
ഒരു മാസം കഴിയുമ്പോൾ ഓണാഘോഷങ്ങൾക്ക് തുടക്കമാകും. 10 ദിവസമാണ് ഓണക്കാലം എങ്കിലും സാധാരണഗതിയിൽ മലയാളികളുടെ രീതി ഒരു മാസത്തോളം നീണ്ടുനിൽക്കുന്ന ഓണ ആഘോഷങ്ങളുടെ രീതിയാണ് എന്ന് പറഞ്ഞാൽ വെറും ആഴ്ചകൾ കഴിയുമ്പോൾ ഓണം മുന്നിലേക്ക് എത്തും. ഇന്നത്തെ സ്ഥിതി തുടർന്നാൽ ഈ വർഷത്തെ ഓണം കേരളത്തിലെ സാധാരണക്കാർക്കും പാവപ്പെട്ടവർക്കും വെറും പേരിൽ മാത്രം ഒതുങ്ങുന്ന ഓണമായി മാറും എന്നതാണ് വാസ്തവം.
കേരളത്തിൽ മാത്രമല്ല ലോകത്ത് എവിടെയും ഉള്ള മലയാളികൾ ഒറ്റക്കെട്ടായി ആഘോഷിക്കുന്ന ഓണം കേരളത്തിൽ എങ്കിലും ആചാരപരമായും ആഘോഷപരമായും നടത്തുന്നതിന് വഴിയൊരുക്കുന്ന സമീപനം സർക്കാരിൻറെ ഭാഗത്തുനിന്നും ഉണ്ടാവണം. ഇപ്പോൾ തന്നെ വേണ്ടവിധത്തിൽ വകുപ്പുകൾ തമ്മിലുള്ള കൂടിയാലോചനകൾ നടത്തുകയും മലയാളികളുടെ ഓണ ആഘോഷത്തിന് ഒരുക്കേണ്ട സംവിധാനങ്ങളുടെ കാര്യത്തിൽ തീരുമാനമെടുക്കുകയും ഇതെല്ലാം നടത്തുന്നതിന് പണം കണ്ടെത്തുകയും ചെയ്യുന്നതിനുള്ള നടപടികളാണ് സർക്കാരിൻറെ ഭാഗത്തുനിന്നും അടിയന്തരമായി ഉണ്ടാകേണ്ടത് .പല കാര്യങ്ങളിലും സർക്കാർ കൈക്കൊള്ളുന്ന ഇപ്പോൾ ശരിയാക്കിത്തരാം എന്ന സമീപനം ഓണത്തിൻറെ കാര്യത്തിൽ എങ്കിലും മാറ്റിവെച്ചുകൊണ്ട് കാത്തിരിക്കുന്ന മലയാളികളുടെ ഓണക്കാലത്തിന് മുടക്കം ഉണ്ടാകാതിരിക്കാൻ ശക്തമായ സർക്കാർ ഇടപെടൽ മുൻകൂട്ടി തന്നെ ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.