പാവപ്പെട്ടവൻ ഒരു ചെറുകിട വായ്പ എടുത്താൽ അതിന് തിരിച്ചടവൂ മുടങ്ങിയാൽ സെക്കൻഡ് വച്ചു നോട്ടീസ് അയക്കലും മേൽ നടപടിയും ഒടുവിൽ അടിയന്തിര ജപ്തി നടപടിയും ഒക്കെ നടത്തുന്ന നമ്മുടെ നാട്ടിലെ ബാങ്കുകളിൽ ജീവനക്കാർ നടത്തുന്ന സാമ്പത്തിക തട്ടിപ്പുകൾ നമ്മളാരും അറിയുന്നില്ല. കോടികൾ വരെ ബാങ്കുകളിൽ നിന്നും വായ്പയായും മറ്റും അനുവദിച്ച സ്വന്തം പോക്കറ്റിൽ ആക്കി തട്ടിപ്പ് നടത്തുന്ന ഉദ്യോഗസ്ഥരുടെ വാർത്തകൾ പലപ്പോഴും പുറത്തുവന്നിട്ടുണ്ട്. പിന്നീട് ഇതിനെപ്പറ്റി അന്വേഷിച്ചാൽ ബാങ്ക് മേധാവികൾ തരുന്ന മറുപടി തട്ടിച്ചെടുത്ത തുക ഉദ്യോഗസ്ഥൻ തിരിച്ചടച്ചു എന്നാണ്. ഇത് എന്തു ന്യായമാണ് എന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. ഒരു കള്ളൻ പോക്കറ്റടിച്ചു എടുക്കുന്ന തുക തിരിച്ചു കൊടുത്താൽ പോക്കറ്റ് അടി ഇല്ലാതെയാകുമോ നിയമം അതിന് അനുവദിക്കില്ല എന്നാണ് നമ്മളൊക്കെ അറിഞ്ഞിരിക്കുന്നത്. ഇതൊന്നും ബാങ്കിലെ സ്വന്തക്കാരായ ഉദ്യോഗസ്ഥർ നടത്തുന്ന തട്ടിപ്പുകൾക്ക് ബാധകമല്ല എന്നാണ് പറയുന്നത്.
ഇന്ത്യയിൽ പ്രവർത്തിക്കുന്ന സർക്കാർ നിയന്ത്രണമുള്ള ദേശസാൽകൃത ബാങ്കുകളിൽ ഒന്നാണ് പഞ്ചാബ് നാഷണൽ ബാങ്ക്. ഈ ബാങ്കിൽ പല ബ്രാഞ്ചുകളിലും ജീവനക്കാർ സാമ്പത്തിക തട്ടിപ്പ് നടത്തിയതിന്റെ വാർത്തകൾ പലപ്പോഴായി പുറത്തുവന്നിട്ടുണ്ട്. ഉദാഹരണത്തിന് ബാങ്കിൻറെ ഗുരുവായൂർ ബ്രാഞ്ചിൽ ക്ഷേത്രത്തിലെ ദിവസ കളക്ഷൻ കൈകാര്യം ചെയ്യുന്ന ബാങ്ക് ഉദ്യോഗസ്ഥൻ കണക്കിൽ തിരിമാറി നടത്തി 25 ലക്ഷം രൂപ അടിച്ചുമാറ്റി. പിന്നീട് മേലധികാരികൾ ഇത് കണ്ടുപിടിച്ചു ജീവനക്കാരനെതിരെ എന്തോ വഴിപാട് കണക്ക് നടപടിയും എടുത്തു. പിന്നീട് അറിഞ്ഞത് ഈ ജീവനക്കാരൻ തട്ടിച്ചെടുത്ത തുക തിരിച്ചെടുത്തു എന്നാണ്. ഇത്തരത്തിൽ സാമ്പത്തിക തട്ടിപ്പ് നടത്തുകയും അത് തെളിവ് സഹിതം പിടികൂടുകയും ചെയ്തു കഴിഞ്ഞാൽ ഇതിന്മേലുള്ള നടപടി തുക തിരിച്ച് അടച്ചാൽ അവസാനിക്കുന്നതാണോ എന്ന ചോദ്യം നമുക്കു മുന്നിൽ ഉണ്ട്.
അതുപോലെതന്നെ 2022 ൽ പഞ്ചാബ് നാഷണൽ ബാങ്കിൻറെ കോഴിക്കോട് ലിങ്ക് റോഡ് ശാഖയിൽ മാനേജർ വലിയ ഭീമൻ തട്ടിപ്പ് നടത്തിയത്. പിന്നീട് കണ്ടുപിടിച്ചു കോഴിക്കോട് കോർപ്പറേഷൻ അക്കൗണ്ടിൽ നിന്നാണ് തിരിമറി നടത്തി ഒരു കോടി 26 ലക്ഷം രൂപ മാനേജർ അടിച്ചുമാറ്റിയത്. ഇതിനും പിന്നീട് മേലധികാരികൾ നൽകിയ വിശദീകരണം കുറ്റക്കാരൻ തുക ബാങ്കിലേക്ക് തിരിച്ചടച്ചു എന്നതാണ് ഇവിടെയും അവശേഷിക്കുന്ന ചോദ്യം. സാമ്പത്തിക തട്ടിപ്പ് നടത്തിക്കഴിഞ്ഞാൽ ബാങ്ക് ഉദ്യോഗസ്ഥരാണ് എങ്കിൽ ആ പണം തിരിച്ചടയ്ക്കുന്ന തോടുകൂടി പ്രശ്നങ്ങൾ എല്ലാം തീരുമോ എന്നതാണ്.
കേരളത്തിൽ ഇപ്പോഴും വിവാദമായി നിൽക്കുന്നത് രാഷ്ട്രീയപ്പാർട്ടി നേതാക്കൾ ഭരണം നടത്തുന്ന സഹകരണ ബാങ്കുകളിലെ വമ്പൻ സാമ്പത്തിക തട്ടിപ്പുകളാണ്. പല നിക്ഷേപകരും നിക്ഷേപം തിരിച്ചു കിട്ടാത്ത സ്ഥിതി വന്ന ബാങ്കുകളിൽ കയറിയിറങ്ങുന്ന സ്ഥിതി ഇപ്പോഴും തുടരുന്നുണ്ട്. തൃശ്ശൂർ ജില്ലയിലെ സഹകരണ ബാങ്കിൽ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് ഉണ്ടായത് ഇപ്പോൾ പല ഏജൻസികളുടെയും അന്വേഷണത്തിൽ ആണ്. എന്നാൽ ഇതിനെയും വെല്ലുന്ന രീതിയിലാണ് ദേശസാൽകൃത ബാങ്കുകളിൽ നടക്കുന്ന സാമ്പത്തിക കുറ്റകൃത്യങ്ങൾ.
ദേശസാൽക്കൃത ബാങ്കുകളിൽ ഉയർന്ന തസ്തികകളിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ ശമ്പളം ആരെയും അമ്പരപ്പിക്കുന്നതാണ്. ഒരു പിയൂൺ ആയാൽപോലും അര ലക്ഷത്തോളം രൂപ ശമ്പളം കിട്ടും ഇത്തരത്തിൽ വളരെ ഉയർന്ന നിരക്കിലുള്ള ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നേടിയെടുക്കുന്ന ബാങ്ക് ഉദ്യോഗസ്ഥർ നിക്ഷേപകരെ കബളിപ്പിച്ചുകൊണ്ട് സാമ്പത്തിക തട്ടിപ്പ് നടത്തുന്നു എന്നത് ചിന്തിക്കാൻ പോലും കഴിയാത്ത കാര്യമാണ്.
ദേശീയതലത്തിൽ ദേശസാൽകൃത ബാങ്കുകളുടെ പ്രവർത്തനങ്ങൾ എങ്കിലും ഒന്ന് പരിശോധിക്കുവാൻ ശ്രമിച്ചാൽ പുറത്തുവരാത്ത പല സാമ്പത്തിക തട്ടിപ്പുകളുടെയും ചുരുളുകൾ വഴിയും എന്നത് ഇപ്പോൾ പറഞ്ഞ സംഭവങ്ങൾ തെളിയിക്കുന്നതാണ്.
സാമ്പത്തിക തട്ടിപ്പുകൾ ദേശസാൽകൃത ബാങ്കുകളിൽ തുടരുമ്പോൾ പോലും ഉന്നത ഉദ്യോഗസ്ഥർ അടക്കം ഇതെല്ലാം തേച്ചു മായ്ക്കാൻ കൂട്ടുനിൽക്കുന്നു എന്നതാണ് സങ്കടകരമായ മറ്റൊരു കാര്യം. കേരളത്തിലെ നേരത്തെ പറഞ്ഞ ബാങ്ക് തട്ടിപ്പുകളുടെ വിശദവിവരങ്ങൾ ചോദിച്ചു കൊണ്ട് ഒരാൾ വിവരാവകാശ നിയമപ്രകാരം മറുപടി തേടിയപ്പോൾ കിട്ടിയ വിശദീകരണം ഈ ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ നൽകേണ്ടതില്ല എന്നതാണ്. ഇന്ത്യയിൽ നിലവിലുള്ള വിവരാവകാശ നിയമപ്രകാരം ഒരാൾ ഒരു ചോദ്യം ചോദിച്ചാൽ ദേശ സുരക്ഷയെ ബാധിക്കുന്ന കാര്യം അല്ലെങ്കിൽ കൃത്യമായ മറുപടി 30 ദിവസത്തിനകം നൽകിയിരിക്കണം എന്നാണ്. ഈ നിയമം നിലനിൽക്കുമ്പോഴാണ് ദേശസാൽകൃത ബാങ്കിലെ ഇൻഫർമേഷൻ ഓഫീസർ ചോദ്യം തള്ളിക്കൊണ്ട് ഉത്തരം നൽകാതെ മറുപടി നൽകിയത് 2014 മുതൽ 10 വർഷക്കാലം ദേശസാൽകൃത ബാങ്കുകളിൽ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടന്നിട്ടുള്ള സാമ്പത്തിക തട്ടിപ്പുകളും അതിൽ നടന്നിട്ടുള്ള മേൽ നടപടികളിലും വിശദീകരണം ചോദിച്ചാണ് അപേക്ഷ സമർപ്പിച്ചത് ഈ അപേക്ഷയാണ് ബാങ്ക് മേധാവികൾ മറുപടി നൽകാതെ തള്ളിയത്.
ദേശസാൽകൃത ബാങ്കുകളിൽ സാമ്പത്തിക കുറ്റകൃത്യങ്ങൾ കണ്ടുപിടിക്കപ്പെടുമ്പോൾ തുക തിരിച്ചുപിടിച്ചു എന്ന അധികൃതർ പറയുന്നുണ്ടെങ്കിൽ ആരിൽ നിന്നാണ് തുക തിരിച്ചുപിടിച്ചത് എന്നും കുറ്റം ചെയ്ത ഉദ്യോഗസ്ഥരുടെ പേരിൽ നിയമനടപടികൾ തുടരുന്നുണ്ടോ എന്നും ഉള്ള ചോദ്യങ്ങളാണ് ബന്ധപ്പെട്ടവർ മറുപടി നൽകാതെ തള്ളിക്കളഞ്ഞു.
നമ്മുടെ ദേശസാൽകൃത ബാങ്കുകൾ മാത്രമല്ല, പണം ഇടപാട് നടക്കുന്ന എല്ലാ ബാങ്കിംഗ് സ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും പൊതുജനത്തിന് കൃത്യമായ വിവരങ്ങൾ കൈമാറുന്നതിനും നിലവിൽ ഉള്ളതിനേക്കാൾ കൃത്യതയുള്ള ഒരു സംവിധാനം ഉണ്ടാകേണ്ട കാലം കഴിഞ്ഞിരിക്കുന്നു. ശർക്കരക്കുടത്തിൽ കയ്യിടുമ്പോൾ അറിയാതെ നുണഞ്ഞു പോവുക മനുഷ്യസഹജമാണ് ഇതുതന്നെയാണ്. രാജ്യത്തുള്ള ദേശസാൽകൃത ബാങ്കുകളിൽ തുടങ്ങി സഹകരണ ബാങ്കുകളിൽ വരെ പടർന്നു പിടിച്ചിട്ടുള്ള മഹാരോഗം കൃത്യമായ മേൽനോട്ടത്തിലും ഇടപെടലിനും റിസർവ് ബാങ്കിൻറെ നിരീക്ഷണത്തിൽ ശക്തമായ ഒരു സംവിധാനം ഒരുക്കിയില്ലെങ്കിൽ ബാങ്ക് ജീവനക്കാരുടെ ഒത്തുകളികൾ തുടരുകയും തട്ടിപ്പുകൾ അരങ്ങേറുകയും ചെയ്യും.