ദുരിതാശ്വാസ നിധിയുടെ പേരിലും തമ്മിലടി

എങ്ങനെയാണ് ഈ കേരളം നന്നാവുക

മനസ്സും മനസ്സാക്ഷിയും ഉള്ള കേരളത്തിലെ മുഴുവൻ സമൂഹവും കണ്ണീരോടെ കണ്ട കാഴ്ചകളാണ് വയനാട് ജില്ലയിലെ ഉരുൾപൊട്ടലിൽ ഉണ്ടായത്. ദുരിതം നടന്ന് രണ്ടാം ദിവസത്തിലും അവിടെ ഒത്തുകൂടിയ ജനങ്ങളും സന്നദ്ധ സേവകരും സർക്കാർ സംവിധാനങ്ങളും മണ്ണിനടിയിൽ പൂണ്ടുകിടക്കുന്ന മനുഷ്യശരീരങ്ങളെ തിരയുകയാണ്. കേരളം കണ്ട ഏറ്റവും ഭീകരമായ പ്രകൃതിയുടെ താണ്ഡവമാണ് വയനാട്ടിലെ ചൂരൽമലയിൽ ഉണ്ടായത്. വയനാട്ടിലെ ജനങ്ങൾ മാത്രമല്ല കേരളത്തിലെ പലഭാഗങ്ങളിൽ നിന്നും എല്ലാം മാറ്റിവച്ചുകൊണ്ട് അവിടെയെത്തിയ സ്നേഹനിധികളായ മനുഷ്യർ കണ്ണീരൊപ്പാനും സഹായിക്കാനും രാപകൽ പ്രയത്നിച്ചു കൊണ്ടിരിക്കുകയാണ്.

വയനാട് ജില്ലയിലെ മുണ്ടക്കൈ എന്ന പ്രദേശം ഇപ്പോൾ മരുഭൂമി പോലെ കിടക്കുകയാണ്. മരണപ്പെട്ടവരുടെ നിരക്ക് തന്നെ 275ൽ അധികം വന്നു. 250 ഓളം ആൾക്കാരെ കാണാനുണ്ട് എന്നതാണ് ഏകദേശം കണക്ക്. രക്ഷപ്പെട്ടവർക്ക് പോലും ഉടുതുണി അല്ലാതെ മറ്റൊന്നും കയ്യിൽ ഇല്ലാത്ത സ്ഥിതിയാണ്. ഭക്ഷണവും വസ്ത്രവും മറ്റാരെങ്കിലും കൊണ്ടുവരുന്നതിനായി കാത്തു കഴിയുകയാണ് നൂറുകണക്കിന് ആൾക്കാർ. ഇത്തരം ദുരന്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതിനിധികളും ജില്ലാ കളക്ടർമാരും എല്ലാം ഒരുമിച്ച് പൊതുജനങ്ങളിൽ നിന്നും സഹായം അഭ്യർത്ഥിച്ചു കൊണ്ടിരിക്കുന്നത്. എന്നാൽ ഇത്തരത്തിലുള്ള സഹായങ്ങൾ സ്വീകരിക്കുന്നതിന് കേരളത്തിൽ ഒരു സംവിധാനം ഉണ്ട്. ഏത് സർക്കാർ ആയാലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി എന്നാണ് ഇത് അറിയപ്പെടുന്നത്. അതിന് പ്രത്യേക ബാങ്ക് അക്കൗണ്ട് ഉണ്ട്. ദുരിതാശ്വാസ നിധിയുടെ നടത്തിപ്പ് സംബന്ധിച്ചും വരവുചെലവുകൾ സംബന്ധിച്ചും അപ്പപ്പോൾ വിവരങ്ങൾ പൊതുജനത്തിന് ലഭ്യമാകുന്ന വിധത്തിൽ ഒരു വെബ്സൈറ്റും കൃത്യമായി പ്രവർത്തിക്കുന്നുണ്ട്. ഇത് മാത്രമല്ല ആർക്ക് എന്ത് വിവരം വേണമെങ്കിലും വിവരാവകാശ നിയമപ്രകാരം ചോദിച്ചാൽ മറുപടി നൽകുകയും ഉണ്ട്.

കേരളത്തിൽ ഏതൊരു രംഗത്തും അഴിമതിയും സാമ്പത്തിക തട്ടിപ്പും പതിവ് ഏർപ്പാടാണ്. അതുകൊണ്ടുതന്നെ എല്ലാത്തിനെയും മറ്റൊരു കണ്ണുകൊണ്ട് കാണുന്ന രീതിയിൽ സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. കേരളത്തിൽ ദുരിതാശ്വാസ നിധിയുടെ ഗൗരവമായ ഇടപെടൽ കടന്നുവന്നത് കോവിഡ് രോഗബാധയുടെ കാലത്ത് ആയിരുന്നു. അന്ന് നിത്യേന എന്നോണം മുഖ്യമന്ത്രി വാർത്താ സമ്മേളനങ്ങൾ നടത്തി അന്നന്ന് ഉണ്ടാകുന്ന രോഗ വിവരങ്ങളും സഹായ അഭ്യർത്ഥനകളും നടത്തുക പതിവായിരുന്നു. കോവിഡ് രോഗബാധയുടെ കാലത്ത് മുഖ്യമന്ത്രിയുടെ അക്കൗണ്ടിലേക്ക് ഭീമമായ തുകയാണ് ഒഴുകിയെത്തിയത്. ആ കാലത്ത് ദുരിതാശ്വാസ നിധി വക മാറ്റി ചെലവാക്കുന്നു എന്നും അർഹരായവർക്ക് സഹായം നൽകാതെ മുഖ്യമന്ത്രിയുടെ പാർട്ടിക്കാർക്ക് സഹായം നൽകുന്നു തുടങ്ങിയ ആക്ഷേപങ്ങൾ ഉയർന്നിരുന്നതാണ് എന്നാൽ യഥാർത്ഥത്തിൽ ഇതിൻറെ കണക്കുകൾ പുറത്തുവന്നപ്പോൾ ഇത്തരത്തിലുള്ള ആക്ഷേപങ്ങൾ അടിസ്ഥാനരഹിതമായിരുന്നു എന്ന് പൊതുജനത്തിന് ബോധ്യമായതാണ്.

ഇപ്പോഴും പ്രവർത്തന സജ്ജമായി നിൽക്കുന്ന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ വിവരങ്ങൾ അടങ്ങുന്ന വെബ്സൈറ്റിൽ നിന്നും കോവിഡ് കാലത്ത് കണക്ക് പോലും നമുക്ക് ലഭിക്കും. കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് 1136 കോടി രൂപയാണ് പൊതുജനം നൽകിയത്. ഇതിൽ 1058 കോടി രൂപ ചെലവഴിച്ചതായി സൈറ്റിൽ നിന്നും വിവരം ലഭിക്കുന്നുണ്ട്. ആർക്കൊക്കെ ഏതൊക്കെ വകുപ്പുകളുടെ ശുപാർശ പ്രകാരം തുക കൈമാറി എന്നതും സൈറ്റിൽ നിന്നും അറിയുവാൻ കഴിയും.

2018ലെയും 2019 പ്രളയം കേരളത്തിലെ ജനജീവിതത്തെ തകർത്തതും നൂറുകണക്കിന് പേരുടെ ജീവൻ അപഹരിച്ചതും ആയിരുന്നു. മഹാപ്രളയം കേരളത്തെ തകർത്തപ്പോൾ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മറ്റും അഭ്യർത്ഥനകൾ പരിഗണിച്ച് സന്നദ്ധ സംഘടനകളും സ്ഥാപനങ്ങളും പൊതുജനങ്ങളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറിയത് 4970 കോടി രൂപ ആയിരുന്നു. ഇതിൽ 4725 കോടി രൂപ ദുരിതാശ്വാസങ്ങൾക്കായി വിനിയോഗിച്ചു എന്ന് സൈറ്റിൽ നിന്നും നമുക്ക് അറിയുവാൻ കഴിയും ധനവിനിയോഗത്തിന്റെ വഴികളും ആർക്കൊക്കെയാണ് സഹായം നൽകിയത് എന്നും എല്ലാം അടങ്ങുന്ന വിശദവിവരങ്ങളും ഈ സൈറ്റിൽ ലഭ്യമാണ്.

പിണറായി വിജയനാണ് ഇപ്പോൾ സംസ്ഥാന മുഖ്യമന്ത്രി ദുരിതാശ്വാസ നിധി ഏതെങ്കിലും വ്യക്തിയുടെ പേരിൽ രൂപീകരിച്ചതല്ല. ഏത് ആൾ മുഖ്യമന്ത്രി ആയാലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ആയിട്ടാണ് ഇത് പ്രവർത്തിക്കുന്നത്. മുഖ്യമന്ത്രിയുടെ പേരിലാണ് നിധി എങ്കിലും നിധിയിൽ നിന്നും സഹായം കൈമാറുന്നതിനുള്ള തീരുമാനമെടുക്കാൻ അധികാരം ധനകാര്യ വകുപ്പ് സെക്രട്ടറിക്കാണ്. ഇതിൽ തന്നെ കാര്യ സെക്രട്ടറി സ്വമേധയാ തീരുമാനം എടുക്കാനും നടക്കില്ല. റവന്യൂ വകുപ്പ് ശേഖരിക്കുന്ന അപേക്ഷകൾ പരിശോധന നടത്തി റവന്യൂ സെക്രട്ടറി ഉത്തരവായി ഇറക്കുന്ന സഹായ നിർദ്ദേശങ്ങൾ വഴി ആണ് സഹായം അനുവദിച്ചു വരുന്നത്. അതുകൊണ്ട് തന്നെ ആർക്കെങ്കിലും ദുരിതാശ്വാസനിധിയിൽ കയ്യിട്ടുവാരാനോ ഇഷ്ടക്കാർക്ക് കൈമാറുവാനോ കഴിയുകയില്ല. മാത്രവുമല്ല മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയും സി എ ജി ഓഡിറ്റിങ്ങിന് വിധേയമാണ് വർഷവും സി എ ജി കണക്കുകൾ പരിശോധിച്ചു പോകുന്ന രീതിയാണ് നിലവിലുള്ളത്.

യാഥാർത്ഥ്യങ്ങൾ ഇതായിരിക്കെ കേരളത്തിലെ ഭൂരിഭാഗം ജനങ്ങളും വയനാട് ദുരന്തത്തിന്റെ ഒപ്പം നിന്നുകൊണ്ട് അവരെ സഹായിക്കാൻ പ്രാർത്ഥിക്കുമ്പോൾ സമൂഹമാധ്യമത്തിന്റെ പുതിയ വഴികളിലൂടെ ദുരിതാശ്വാസത്തിന് തടസ്സം ഉണ്ടാക്കുവാനും ഇല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിച്ചു ജനങ്ങളിൽ തെറ്റിദ്ധാരണ പരത്താനും ഒരു സംഘം ആൾക്കാർ രംഗത്ത് വന്നിട്ടുണ്ട്. ആരെങ്കിലുമൊക്കെ പറയുന്നത് കേട്ട് അതാണ് ശരി എന്ന് കരുതി ഫേസ്ബുക്കിലും യൂട്യൂബിലും ട്വിറ്ററിലും ഒക്കെയായി വ്യാജ പ്രചരണങ്ങൾ നടത്തുന്നത് അംഗീകരിക്കുന്ന കാര്യമല്ല. ഒരു പ്രദേശമാണ് പ്രളയ ദുരിതത്തിൽ നാശം അനുഭവിച്ചു അവിടെയുള്ള നൂറുകണക്കിനാൾക്കാർക്ക് ജീവഹാനിയും ആയിരക്കണക്കിന് ആൾക്കാർക്ക് എല്ലാം നഷ്ടപ്പെടുന്ന സ്ഥിതിയും ഉണ്ടായപ്പോൾ എല്ലാ ഭിന്നതകളും മാറ്റിവെച്ചുകൊണ്ട് അവർക്ക് വേണ്ടി എന്ത് ത്യാഗവും സഹിക്കാൻ മനസ്സു കാണിക്കേണ്ട മലയാളികൾക്കിടയിലാണ്. ഇത്തരത്തിലുള്ള ക്ഷുദ്രജീവികൾ സമൂഹമാധ്യമ ആക്രമണം നടത്തുന്നത് എന്ന കാര്യം സമൂഹം തിരിച്ചറിയേണ്ടതുണ്ട്. പിണറായി വിജയൻ ആയാലും ആരായാലും ചെയ്യുന്ന നല്ല കാര്യങ്ങളെ അംഗീകരിക്കാൻ മനസ്സു കാണിക്കണം. മാത്രവുമല്ല പുരയ്ക്കുതിരി പിടിക്കുമ്പോൾ വാഴ വെട്ടുന്ന ദുഷ്ട മനസ്സുകളുടെ വിളയാട്ടം തടയേണ്ട ബാധ്യതയും നമ്മുടെ സമൂഹത്തിനുണ്ട്