ഇങ്ങനെയും ഒരു രാഹുൽ വിരോധമോ

ബിജെപിയുടെ നാറിയ പണികൾ പൊളിയുന്നു... പെൺമക്കളും ഭാര്യയുമായി നിൽക്കുന്ന രാഹുൽ ചിത്രം തട്ടിപ്പ്

കോൺഗ്രസ് നേതാവും ലോകസഭയിലെ പ്രതിപക്ഷ നേതാവും കൂടിയായ രാഹുൽ ഗാന്ധിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ബിജെപിയുടെ ദേശീയ നേതാക്കളുടെയും ഉറക്കം കെടുത്തുന്നത്. രാഹുൽ ഗാന്ധി ഇപ്പോൾ പഴയ രാഹുൽ അല്ല എന്ന് പറയുന്നത് ബിജെപിക്കാർ തന്നെയാണ്. ലോകസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്ത ശേഷം രാഹുൽ ഗാന്ധി നടത്തിയ പ്രസംഗം ലോകം ശ്രദ്ധിച്ചിരുന്നു. തുടർന്ന് കഴിഞ്ഞ രണ്ടു മാസങ്ങളിൽ അദ്ദേഹം നടത്തിയ ഇടപെടലുകളും പ്രസ്താവനകളും കേന്ദ്രസർക്കാരിനെ അലട്ടിക്കൊണ്ടിരിക്കുകയാണ്.

ഇത്തരത്തിലുള്ള അസ്വസ്ഥതകൾക്ക് കാരണം, രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ദേശീയതലത്തിൽ കോൺഗ്രസ് ശക്തി പ്രാപിക്കുന്നു എന്നത് തന്നെയാണ്. കഴിഞ്ഞ 10 വർഷക്കാലം പ്രധാനമന്ത്രി ആയത് നരേന്ദ്രമോദി ആയിരുന്നു. ആ ഭരണകാലത്ത് ഒരിക്കൽപോലും പ്രതിപക്ഷത്തു നിന്ന് ഒരാളുടെയും ശബ്ദത്തെ മോദിക്കും കൂട്ടർക്കും ഭയപ്പെടേണ്ടി വന്നില്ല. ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷവും അതിൻറെ അഹങ്കാരവും മോദിയെയും കൂട്ടരെയും കടിഞ്ഞാൺ ഇല്ലാത്ത കുതിരയെപ്പോലെ പായാൻ അനുവദിച്ചു. എന്നാൽ ഇപ്പോൾ സ്ഥിതി ശോചനീയമാണ് സർക്കാർ രൂപീകരിക്കാൻ മറ്റു പാർട്ടിക്കാരുടെ കാലു പിടിക്കേണ്ടി വന്ന പ്രധാനമന്ത്രിയാണ് ഇപ്പോൾ ഉള്ളത്.

എങ്ങനെയാണ് ഏതു രീതിയിലാണ് രാഹുൽ ഗാന്ധിയെ താറടിച്ചു കാണിക്കുക എന്നതിന് ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയാണ് ബിജെപിയുടെ നേതാക്കളെല്ലാം. പലതരത്തിലുള്ള ആരോപണങ്ങളും ആക്ഷേപങ്ങളും കേന്ദ്ര ഏജൻസികളുടെ നേതൃത്വത്തിലുള്ള റെയ്ഡുകളും ഒക്കെ തുടർന്നെങ്കിലും ഇന്ത്യയിലെ ജനങ്ങൾ രാഹുൽ ഗാന്ധിയെ അംഗീകരിക്കുന്നു എന്ന ബോധ്യമായതാണ് ബിജെപി നേതാക്കളെ വിഷമിപ്പിക്കുന്നത്. ഇത്തരത്തിലുള്ള അടവുകളൊന്നും ഫലം കാണാതെ വന്നപ്പോഴാണ് സമൂഹമാധ്യമങ്ങൾ വഴി ആക്ഷേപിക്കാനുള്ള തയ്യാറെടുപ്പ് നടത്തിയത്.

യാതൊരു വ്യക്തിത്വവും ഇല്ലാത്ത ഒരു രാഷ്ട്രീയ നേതാവ് നമുക്കുണ്ട്. സുബ്രഹ്മണ്യം സ്വാമി എന്നാണ് പേര്. ഇദ്ദേഹം കാലു വയ്ക്കാത്ത ഒരു രാഷ്ട്രീയപാർട്ടിയും ഇല്ല. കോൺഗ്രസ് നേതാവായ രാഹുൽ ഗാന്ധി ബ്രിട്ടീഷ് പൗരത്വം നേടിയ ആളാണെന്നും അതുകൊണ്ട് ഇന്ത്യൻ പൗരത്വം റദ്ദ് ചെയ്യണം എന്നും ആവശ്യപ്പെട്ടുകൊണ്ട് സുബ്രഹ്മണ്യം സ്വാമി രംഗത്ത് വന്നു. ഇത് കണ്ടപാടെ ഏറ്റുപിടിക്കാൻ ഉത്തരേന്ത്യയിലെ ബിജെപിയുടെ നവമാധ്യമ സിംഹങ്ങൾ രംഗത്തുവന്നു. എവിടെനിന്നോ സംഘടിപ്പിച്ച ഒരു ഫോട്ടോയാണ് രാഹുൽ ഗാന്ധിയെ ആക്ഷേപിക്കാൻ ഉപയോഗിച്ചത്. ഒരു ഹെലികോപ്റ്ററിന്റെ അടുത്ത് രാഹുൽ ഗാന്ധിയും ഒരു സ്ത്രീയും അവരുടെ രണ്ട് കുട്ടികളും നിൽക്കുന്ന ചിത്രമാണ് സമൂഹമാധ്യമങ്ങളിലൂടെ ബിജെപി സൈബർ സെൽ സംഘം പുറത്തുവിട്ടത്. അടിക്കുറിപ്പ് ഇങ്ങനെയായിരുന്നു കുടുംബബന്ധങ്ങളെ ഭാരതീയർ ബഹുമാനിക്കുന്നുണ്ട്. പിന്നെ എന്തിനാണ് ഈ ഒളിച്ചുകളി.  ഇതായിരുന്നു ചിത്രത്തിൽ ചേർത്ത് കുറിപ്പ്. ഉത്തരേന്ത്യയിൽ വലിയതോതിൽ പ്രചരിച്ച ഈ പോസ്റ്റ് ഏതായാലും നമ്മുടെ കാസർഗോഡ് കഴിഞ്ഞ തെക്കോട്ട് വന്നപ്പോൾ ഏറ്റെടുത്തത് സിപിഎമ്മിന്റെ സഖാക്കൾ ആയിരുന്നു. സമൂഹമാധ്യമം വഴി പരമാവധി സഖാക്കന്മാർ ഈ രാഹുൽ ഗാന്ധിയെ ആക്ഷേപിച്ച ചിത്രം പ്രചരിപ്പിച്ചു. അതിൽ സന്തോഷിക്കുകയും ചെയ്തു. ഇവിടത്തെ സഖാക്കന്മാർ പുതിയ ചില അടിക്കുറിപ്പുകളും കൂട്ടിച്ചേർത്തു – ഇടയ്ക്കിടെ ഇയാൾ മുങ്ങുന്നത് ഇതിനു വേണ്ടിയാണ് – എന്നായിരുന്നു സഖാക്കളുടെ വക വ്യാഖ്യാനം.

ഏതായാലും ചിത്രവും അടിക്കുറിപ്പും വ്യാപകമായപ്പോൾ ഇതിൻറെ യാഥാർത്ഥ്യം അന്വേഷിക്കുന്ന ചിലർ രംഗത്ത് വന്നു. അതോടുകൂടിയാണ് ഈ ചിത്രത്തിൻറെ യാഥാർത്ഥ്യം ജനം അറിഞ്ഞത് വസ്തുത ഇങ്ങനെയായിരുന്നു.

2022ലെ രാഹുൽ ഗാന്ധി നടത്തിയ ഭാരത് ജോഡോ യാത്രയ്ക്കിടയിൽ ഉണ്ടായ ഒരു സംഭവമായിരുന്നു പ്രചരിച്ച ചിത്രം. യാത്രയ്ക്കിടയിൽ അമ്മയായ സോണിയ ഗാന്ധിയുടെ ജന്മദിനം വന്നപ്പോൾ അവിടേക്ക് യാത്രതിരിച്ച രാഹുൽ ഗാന്ധി രാജസ്ഥാനിലെ ബാരൻ ജില്ലയിലെ മഹിളാ കോൺഗ്രസ് പ്രസിഡണ്ടായ പ്രിയങ്ക നന്ദുവാനയും മക്കളും ഒപ്പം നിൽക്കുന്ന ചിത്രമായിരുന്നു അത്. നന്ദുവാനയുടെ മകൾ കാമാക്ഷി നന്ദുവാന രാഹുൽ ഗാന്ധിയെ കാണണം എന്ന് വാശി പിടിച്ചപ്പോൾ അത് അറിഞ്ഞ് രാഹുൽ ഗാന്ധി അവർക്കൊപ്പം നിൽക്കുകയും ഫോട്ടോ എടുക്കുകയും ചെയ്യുകയാണ് ഉണ്ടായത്. മറ്റൊരു പ്രത്യേകത കൂടി ഉണ്ടായിരുന്നു. രാഹുൽ എത്തിയ ദിവസം കാമാക്ഷിയുടെ പതിനാലാം പിറന്നാൾ ദിനം കൂടി ആയിരുന്നു. ഇനിയും ഈ കാര്യത്തിൽ ആർക്കെങ്കിലും സംശയം ഉണ്ടെങ്കിൽ 2022 ഡിസംബർ മാസം ഒമ്പതാം തീയതിയിലെ രാജസ്ഥാൻ തക്ക് എന്ന മാധ്യമം ചിത്രമടക്കം ഈ വാർത്ത പ്രസിദ്ധീകരിച്ചത് നോക്കിയാൽ മതി.

സോഷ്യൽ മീഡിയ ഇപ്പോൾ എത്തി നിൽക്കുന്നത് നല്ല കാര്യങ്ങൾ പ്രചരിപ്പിക്കുന്നതിനേക്കാൾ മോശം ഏർപ്പാടുകളെ അന്വേഷിച്ചു പോകുന്നതിന്റെ ആവേശത്തിൽ ആണ്. ആർക്കെതിരെയും എന്തും മെനഞ്ഞടുക്കാനും അത് പ്രചരിപ്പിക്കുവാനും സമൂഹമാധ്യമങ്ങളിൽ സാധ്യതയുണ്ട്. എന്നാൽ ഇത്തരത്തിലുള്ള വികൃതവും മാന്യത ഇല്ലാത്തതുമായ സമൂഹമാധ്യമ ഇടപെടലുകൾ തെറ്റിദ്ധാരണയ്ക്ക് വഴിയൊരുക്കുന്നു എന്നത് ചെറുതായി കണ്ടിട്ട് കാര്യമില്ല. ബിജെപിയുടെ അണിയറ പ്രവർത്തകർ രാഹുൽ ഗാന്ധി വിരോധം നടപ്പിൽ വരുത്താൻ കണ്ടെത്തിയതാണ് പുറത്തുവന്ന ചിത്രം എന്ന വ്യക്തമായിട്ടുണ്ട്. ഏതായാലും കാര്യമായതോതിൽ ആവേശത്തോടുകൂടി രാഹുൽ ഗാന്ധിയെ അധിക്ഷേപിക്കുന്ന ചിത്രം ഷെയർ ചെയ്തു കേരളീയരിലും തെറ്റിദ്ധാരണ ഉണ്ടാക്കാൻ ഇവിടെയുള്ള സഖാക്കളും കാര്യമായ റോൾ എടുത്തിട്ടുണ്ട്. മാന്യത ഉണ്ടെങ്കിൽ വസ്തുത പരിശോധിച്ചു തെറ്റ് തിരുത്താനും ഖേദം പ്രകടിപ്പിക്കാനും സൈബർ വീരന്മാരായ കേരളത്തിലെ സഖാക്കൾ തയ്യാറാവുകയാണ് വേണ്ടത്.