രാഷ്ട്രീയം യഥാർത്ഥത്തിൽ ഒരു കലയാണ്. രാഷ്ട്രീയത്തിൽ നിന്നുകൊണ്ട് പയറ്റി തെളിയുമ്പോൾ, അനുഭവങ്ങൾ വഴി കിട്ടുന്ന ഒന്നാണത്. ഒരു സുപ്രഭാതത്തിൽ രാഷ്ട്രീയക്കാരന്റെ വേഷഭൂഷാദികൾ അണിഞ്ഞ് രംഗത്തിറങ്ങിയാൽ, രാഷ്ട്രീയക്കാരൻ ആയിത്തീരാൻ കഴിയില്ല. ഒരു കാര്യം ശരിയാണ്. സമൂഹത്തിലെ ഏത് സംഘടിത വിഭാഗത്തിലും ഉള്ളതിനേക്കാൾ വലിയ പ്രതിസന്ധികൾ നേരിടേണ്ടി വരുന്നവരാണ് രാഷ്ട്രീയക്കാർ. അതെല്ലാം നേരിടുന്നത് പലപ്പോഴും അനുഭവങ്ങൾ വഴി ഉണ്ടാകുന്ന പക്വതയും പാകതയും കൊണ്ടാണ്. സുരേഷ് ഗോപി മലയാളം സിനിമ ലോകത്തെ നല്ല ഒരു നടനാണ്. മാത്രവുമല്ല, അദ്ദേഹം ഒരു തികഞ്ഞ മനുഷ്യ സ്നേഹിയും ആയിരുന്നു. അതുകൊണ്ടാണ് വലിയ ശക്തമായ രാഷ്ട്രീയ മത്സരം നടന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ നിന്നും വലിയ ഭൂരിപക്ഷത്തിൽ സുരേഷ് ഗോപി എന്ന സിനിമാതാരം വിജയിച്ചു വന്നത്. തെരഞ്ഞെടുപ്പിൽ വിജയിച്ച സുരേഷ് ഗോപി ഇപ്പോൾ രാജ്യം ഭരിക്കുന്ന കേന്ദ്രമന്ത്രിസഭയിലെ ഒരു അംഗമാണ്.
അതുകൊണ്ടുതന്നെ ഒരു രാഷ്ട്രീയക്കാരന്റെയും സിനിമക്കാരന്റെയും മുഖങ്ങൾക്ക് അപ്പുറം ജനങ്ങളോട് ബാധ്യതയുള്ള മന്ത്രി എന്ന വേഷത്തിലാണ് അദ്ദേഹം ഇപ്പോൾ നിൽക്കുന്നത്. എന്നാൽ നിർഭാഗ്യവശാൽ താൻ ഇപ്പോൾ ആരാണ് എന്ന കാര്യം മറന്നു കൊണ്ടാണ് കഴിഞ്ഞദിവസം തൃശ്ശൂരിൽ അദ്ദേഹം ചില പ്രകടനങ്ങൾ നടത്തിയത്…. സിനിമ സംബന്ധമായ ചോദ്യങ്ങൾ ചോദിച്ച മാധ്യമപ്രവർത്തകരോട് വളരെ മോശമായ ഭാഷയിൽ ധിക്കാരത്തോടെ സംസാരിക്കുകയും മാധ്യമപ്രവർത്തകരെ അക്രമസ്വഭാവത്തോടുകൂടി തള്ളി മാറ്റുകയും ചെയ്ത അനുഭവങ്ങൾ ഇപ്പോഴും ചാനലുകളിൽ കാണിച്ചു കൊണ്ടിരിക്കുന്നുണ്ട്… ഒരു കേന്ദ്രമന്ത്രി എന്ന വലിയ പദവിയെ അപമാനിക്കുന്ന ഏർപ്പാടാണ് ഇവിടെ സുരേഷ് ഗോപി കാണിച്ചിരിക്കുന്നത്.
രാഷ്ട്രീയക്കാരനും നടനും കേന്ദ്രമന്ത്രിയും ആയ സുരേഷ് ഗോപി ഒരു കാര്യം മറന്നു പോകരുത്. നിങ്ങൾ കാണിക്കുന്ന അഭ്യാസങ്ങളും നാട്യങ്ങളും യാഥാർത്ഥ്യങ്ങളുമായി പൊരുത്തപ്പെടുന്നതല്ല. ഇന്നലെവരെ മാധ്യമങ്ങൾ അടക്കം കണ്ടിരുന്ന സുരേഷ് ഗോപി അല്ല ഇപ്പോൾ ഉള്ളത് എന്ന് വ്യക്തമാക്കുന്ന സ്വഭാവമാണ് നിങ്ങൾ കാണിച്ചത്. നല്ലത് പറയുമ്പോൾ, അല്ലെങ്കിൽ തനിക്ക് ഇഷ്ടമുള്ള കാര്യങ്ങൾ പറയുമ്പോൾ മാധ്യമങ്ങളെ കെട്ടിപ്പുണരുകയും, ഇഷ്ടപ്പെടാത്ത ചോദ്യമുണ്ടായാൽ ചീത്ത വിളിക്കുകയും ചെയ്യുന്നത് പച്ചയായ കൊള്ളരുതായ്മയാണ്. ഒരു കാര്യം കൂടി അങ്ങ് ഓർക്കണം. അങ്ങയുടെ സിനിമാരംഗത്തായാലും രാഷ്ട്രീയ രംഗത്ത് ആയാലും ഉണ്ടായിട്ടുള്ള വളർച്ചയിൽ മുഖ്യപങ്ക് വഹിച്ചിട്ടുള്ളത് കേരളത്തിലെ മാധ്യമങ്ങൾ തന്നെയാണ്.
നിങ്ങൾ മാതാവിനെ കിരീടം ചാർത്തിച്ചാലോ പൂരപ്പറമ്പിൽ കൊട്ടി കയറിയാലോ ഒന്നും കേരളത്തിലെ ജനങ്ങൾ കാണുകയും അറിയുകയും ചെയ്യില്ല. മാനവ സ്നേഹത്തിൻറെ പേരിൽ അങ്ങ് നടത്തിയിട്ടുള്ള സഹായങ്ങൾ അടക്കമുള്ള നല്ല പ്രവർത്തനങ്ങളെ മാധ്യമങ്ങൾ പുറത്തു കാണിച്ചില്ലെങ്കിൽ നിങ്ങൾ നിങ്ങളുടെ കുടുംബത്തിലെ വെറും ഒരു കാരണവർ മാത്രമായി ഒതുങ്ങുമായിരുന്നു. ഇപ്പോൾ മലയാളത്തിലെ എല്ലാ മാധ്യമങ്ങളുടെയും പ്രവർത്തകരെ അടച്ച് ആക്ഷേപിച്ച അങ്ങ് മലർന്നു കിടന്ന തുപ്പുന്ന ഏർപ്പാടാണ് കാണിച്ചത്. മലയാളത്തിലെ അച്ചടി മാധ്യമങ്ങളും ദൃശ്യ മാധ്യമങ്ങളും നിങ്ങളെ ബഹിഷ്കരിച്ചാൽ എന്തായിരിക്കും ഉണ്ടാവുക എന്നത് ഓർക്കണം. മാധ്യമങ്ങൾ നിങ്ങൾക്കുമേൽ ആയിത്തം കൽപ്പിച്ചാൽ, അടുത്ത തെരഞ്ഞെടുപ്പ് വരുമ്പോൾ തൃശ്ശൂരിലെ പൂരപ്പറമ്പിൽ തലകുമ്പിട്ടു നിന്ന് ഓർമ്മയുണ്ടോ ഈ മുഖം – എന്ന് ജനങ്ങളോട് ചോദിക്കേണ്ട ഗതികേടിലേക്ക് താങ്കൾ എത്തിച്ചേരും.
സിനിമാനടനായ സുരേഷ് ഗോപിക്ക് ഓരോ സിനിമയിലും കിട്ടുന്ന കഥാപാത്രത്തിൻറെ സ്വഭാവങ്ങൾക്ക് അനുസരിച്ച് ഭാവമാറ്റം കാണിക്കാൻ കഴിയും. പക്ഷേ ഒരു ജനപ്രതിനിധിയും അതിലുപരി കേന്ദ്രമന്ത്രിയും ആയ ഒരാൾ പരിസരം മറന്നും സ്വന്തം പദവി മറന്നും പ്രവർത്തിച്ചാൽ നിങ്ങൾക്ക് തന്നെ തിരിച്ചടി നേരിടേണ്ടി വരും.
മലയാള സിനിമ ലോകത്ത് നടക്കുന്ന നെറികെട്ട സംഭവങ്ങളുടെ വാർത്തകളും സംഭവങ്ങളും ആണ് കുറച്ചു ദിവസമായി മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. സിനിമയിലെ വലിയ നടന്മാർ അടക്കമുള്ള പല പ്രമുഖരും സ്ത്രീ പീഡന കാര്യത്തിൽ ആശാന്മാർ ആയിരുന്നു എന്നാണ് പുറത്തുവരുന്ന വാർത്തകൾ വ്യക്തമാക്കുന്നത്. ഒന്നും രണ്ടുമല്ല, പല നടികളാണ് സിനിമാ മേഖലയിലെ പ്രമുഖന്മാരുടെ പീഡന അനുഭവങ്ങൾ പറഞ്ഞുകൊണ്ട് രംഗത്ത് വന്നിരിക്കുന്നത്. സംഭവം എല്ലാ പരിധികളും വിട്ടപ്പോൾ, താര സംഘടനയായ അമ്മയുടെ നേതൃനിരയിലുള്ള എല്ലാരും കൂട്ടരാജി വെക്കുന്ന സംഭവം വരെ ഉണ്ടായി.
പ്രമുഖ നടനും ജനപ്രതിനിധിയുമായ മുകേഷ് എന്ന ആളിന്റെ പേരിൽ ഉയർന്നിട്ടുള്ള പല പരാതികൾ സംബന്ധിച്ചുള്ള ചോദ്യങ്ങൾ മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ ആണ് സമനില തെറ്റിയ ആളിനെ പോലെ മാധ്യമപ്രവർത്തകർക്കു നേരെ അധിക്ഷേപം നടത്താനും ചീത്ത വിളിക്കാനും സുരേഷ് ഗോപി തയ്യാറായത്. വാർത്ത എന്നത് നിങ്ങളുടെ തീറ്റയാണ് എന്നും, ആ തീറ്റ തിന്നു കൊള്ളൂ എന്നും ഒക്കെയാണ് സുരേഷ് ഗോപി പറഞ്ഞത്. യഥാർത്ഥത്തിൽ ജനാധിപത്യത്തിൻറെ നാലാം തൂണ് എന്ന വിശേഷിപ്പിക്കുന്ന മാധ്യമങ്ങളുടെ പ്രവർത്തകരെയാണ് മന്ത്രി കസേരയിൽ ഇരിക്കുന്ന സുരേഷ് ഗോപി അധിക്ഷേപിച്ചത്. ഇത് ഒരുതരത്തിലും അംഗീകരിക്കാവുന്ന കാര്യമല്ല. ഒന്നുകിൽ സുരേഷ് ഗോപി എന്ന മന്ത്രി ഈ സംഭവത്തിൽ മാപ്പ് പറയണം അതല്ലെങ്കിൽവരും നാളുകളിൽ നിങ്ങൾ തന്നെ ഇതിൻറെ ദുരനുഭവങ്ങൾ അനുഭവിക്കേണ്ടി വരും.