കേരള സർക്കാരിനെ നിലനിർത്തുന്നതും സർക്കാരിന് വർഷംതോറും ഏറ്റവും വലിയ ആദായം ഉണ്ടാക്കിക്കൊടുക്കുന്നതും ബീവറേജസ് കോർപ്പറേഷൻ വഴിയുള്ള മദ്യ വില്പന വഴിയാണ്. മലയാളികളായ പാവം കുടിയന്മാർ കാണിക്കുന്ന ആത്മാർത്ഥമായ സഹകരണം കൊണ്ടാണ് യഥാർത്ഥത്തിൽ പിണറായി ആയാലും ആര് ആയാലും നയിക്കുന്ന സർക്കാരുകൾ മുന്നോട്ട് പോകുന്നത്. ഇതൊക്കെയാണെങ്കിലും സമൂഹത്തിലെ വെറും ഏഴാം കൂലികളാണ് മദ്യപാനികളായ ആളുകൾ.
അത്രയ്ക്ക് തരംതാഴ്ന്ന രീതിയിലാണ് സമൂഹം മദ്യപാനികളെ കാണുന്നത്. ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ഒരു പഠന റിപ്പോർട്ട് പറയുന്നത്, മദ്യപാനത്തിന്റെ കേമത്തവും കുത്തകയും കേരള മദ്യപാനികൾക്ക് അല്ല. മറിച്ച് കേരള മദ്യപാനികളെ അടിച്ചുമലർത്തി വേറെ സംസ്ഥാനക്കാർ ഉണ്ടോ എന്നാണ്. വർഷംതോറും ഏറ്റവും കൂടുതൽ മദ്യപാനത്തിനു വേണ്ടി പണം ചെലവാക്കുന്നത് തെലുങ്കാനയിൽ ആണ് എന്നാണ് പുതിയ റിപ്പോർട്ട് പറയുന്നത്.
മദ്യം ഉപയോഗിക്കുന്നതിൽ വ്യക്തിപരമായുള്ള കണക്കുകൾ പരിശോധിച്ച് പഠനം നടത്തിയാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാൻസ് ആൻഡ് പോളിസി, മദ്യപാനത്തിന്റെ ആളോഹരി കണക്ക് പുറത്തുവിട്ടിരിക്കുന്നത്. ഈ റിപ്പോർട്ട് പ്രകാരം 2022 – 23ൽ ആളോഹരി മദ്യപാനം നടത്തുന്നതിന് വലിയ തുക ചെലവഴിച്ചിട്ടുള്ളത് ആന്ധ്ര, തെലുങ്കാന സംസ്ഥാനങ്ങളിൽ ആണ്. അവിടെ ശരാശരി ഒരാൾ 1623 രൂപയുടെ മദ്യം ഉപയോഗിക്കുന്നു എന്ന കണക്കാണ് പുറത്തുവന്നിരിക്കുന്നത്. വ്യക്തിഗത മദ്യപാനത്തിന്റെ ചിലവ് സംബന്ധിച്ചു മറ്റു സംസ്ഥാനങ്ങളിലുള്ള കണക്കുകളും റിപ്പോർട്ടർ പുറത്തുവിട്ടിട്ടുണ്ട്. ഛത്തീസ്ഗഡിൽ ഒരാൾ 1227 രൂപയ്ക്കും, പഞ്ചാബിൽ 1245 രൂപയ്ക്കും. ഒഡീഷയിൽ 1150 രൂപയ്ക്കും, ആൾക്കാർ മദ്യം ഉപയോഗിക്കുന്നുണ്ട്. ആന്ധ്ര, ബീഹാർ, ഗോവ, ജാർഖണ്ഡ്, കർണാടക, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാൻ, തമിഴ്നാട്, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളിലും ഇതിനോട് അടുത്ത നിലവാരത്തിൽ വ്യക്തികൾ മദ്യപാനത്തിന് തുക ചെലവാക്കുന്നു എന്ന റിപ്പോർട്ടിൽ പറയുന്നുണ്ട്.
റിപ്പോർട്ട് പുറത്തുവിട്ട കണക്കുപ്രകാരം മറ്റു സംസ്ഥാനങ്ങളിൽ വച്ച് പരിശോധിക്കുമ്പോൾ അഞ്ചാം സ്ഥാനത്താണ് കേരളം വന്നിട്ടുള്ളത്. മാത്രവുമല്ല, പല സംസ്ഥാനങ്ങളിലും നഗരങ്ങളെ അപേക്ഷിച്ച് ഗ്രാമീണ മേഖലയിൽ മദ്യപാനം നടത്തുന്നവരുടെ എണ്ണം ഉയർന്നു നിൽക്കുമ്പോൾ, കേരളത്തിൽ ഇത് നേരെ തിരിച്ചാണ് പറയുന്നത്. ഇവിടെ നഗരകേന്ദ്രീകൃതമായ മദ്യപാനമാണ് ഉയർന്നുനിൽക്കുന്നത് എന്ന് റിപ്പോർട്ടിൽ പറയുന്നു.
മദ്യ വില്പനയുടെയും ഉപഭോഗത്തിന്റെയും കാര്യത്തിൽ കേരളത്തെ സംബന്ധിച്ചിടത്തോളം ചില തരത്തിലുള്ള പ്രത്യേക സംവിധാനവും കൃത്യതയും ഉണ്ട് എന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. കേരളത്തിൽ സ്വകാര്യ മധ്യ വില്പന ഇപ്പോൾ അനുവദിച്ചിട്ടില്ല. ബീവറേജസ് കോർപ്പറേഷൻ വഴി മാത്രമാണ് മദ്യ വില്പന നടന്നുകൊണ്ടിരിക്കുന്നത്. മറ്റു സംസ്ഥാനങ്ങളിൽ സ്വകാര്യ മദ്യ വില്പന സംവിധാനവും നടക്കുന്നുണ്ട്. മധ്യ ഉപഭോഗത്തിൽ ചേർത്തിട്ടുള്ള വിശദീകരണം വ്യക്തമാക്കുന്നത് ടൂറിസവുമായി ബന്ധപ്പെട്ട് മദ്യ ഉപഭോഗം വർദ്ധിച്ചുകൊണ്ടിരിക്കുന്നു എന്നതാണ്. ആഭ്യന്തര ടൂറിസം പോലെ തന്നെ വിദേശ ടൂറിസം കൂടി രാജ്യത്തെ പല സംസ്ഥാനങ്ങളിലും ശക്തി പ്രാപിച്ചു വരുന്നുണ്ട്. ഇത് മധ്യ ഉപഭോഗത്തിന് വർദ്ധനം ഉണ്ടാക്കുന്നു എന്നും പറയുന്നുണ്ട്.
കേരളത്തെ സംബന്ധിച്ചിടത്തോളം സർക്കാർ സംവിധാനമായ ബീവറേജസ് കോർപ്പറേഷൻ വഴി മാത്രമാണ് മദ്യ വില്പന നടന്നുവരുന്നത്. വർഷത്തിൽ 10000 കോടി രൂപയിൽ അധികം സർക്കാരിന് നികുതിയായി വരുമാനമാർഗ്ഗം ഉണ്ടാക്കി കൊടുക്കുന്ന സംവിധാനമാണ് മധ്യ വില്പന. യഥാർത്ഥത്തിൽ കേരളത്തിൽ സർക്കാരുകൾ മാറിമാറി വരുമ്പോൾ സാമ്പത്തിക പ്രതിസന്ധി മാറ്റുന്നതിന് ആശ്രയിക്കുന്നത് ബീവറേജസ് കോർപ്പറേഷനേയും അതുപോലെതന്നെ സംസ്ഥാന ഭാഗ്യക്കുറി വകുപ്പിനെയും ആണ്. രണ്ട് സംവിധാനവും വഴി വർഷത്തിൽ 25000 കോടി രൂപയിൽ അധികം നികുതിയിണത്തിലും മറ്റുമായി സംസ്ഥാന സർക്കാരിന് ലഭിക്കുന്നുണ്ട്.